ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളെ രംഗത്തിറക്കാൻ ബിസിസിഐ

ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളെ രംഗത്തിറക്കാൻ ബിസിസിഐ

സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്‌ഷൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്
Updated on
1 min read

‌സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിത ക്രിക്കറ്റ് ടീമുകളെ മത്സരിപ്പിക്കാൻ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഹാങ്‌ഷൗവിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ രണ്ട് ടീമുകളുടെ പേരുകൾ ബിസിസിഐ സമർപ്പിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഒക്ടോബർ അഞ്ച് മുതൽ നവംബർ 23 വരെ ഐസിസി ലോകകപ്പ് നടക്കുകയാണ്. ഇതിനുള്ള തയ്യാറെടുപ്പിലാണ് പുരുഷ എ ടീം. അതിനാൽ ബി ടീമാകും ഏഷ്യൻ ഗെയിംസിന് ഇറങ്ങുക. അതേസമയം, വനിതാ വിഭാഗത്തിൽ ഒന്നാം നിര ടീം തന്നെ മത്സരിക്കും. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്‌ഷൗവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. കളിക്കാരുടെ പട്ടിക ജൂൺ 30ന് മുൻപ് ബിസിസിഐ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് കൈമാറും.

ഒരു ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിലേക്ക് തിരിച്ചുവരുന്നുവെ എന്നതും ശ്രദ്ധേയമാണ്. 2010ലും 2014ലും ക്രിക്കറ്റ് ഏഷ്യാഡിന്റെ ഭാഗമായിരുന്നുവെങ്കിലും ഇന്ത്യ ടീമിനെ ഇറക്കിയിരുന്നില്ല. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യാഡിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസ് ചൈനയുടെ സീറോ-കോവിഡ് നയം കാരണം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡ് വനിത ടീമിനെ അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഏഷ്യാഡില്‍ വനിത-പുരുഷ ക്രിക്കറ്റ് ടീമുകളെ അയയ്ക്കാതിരുന്നതിന് കാരണം മുന്‍കാല പ്രതിബദ്ധതകളാണെന്ന് ബിസിസിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

''ഒന്നൊഴികെ എല്ലാ കായിക ഇനങ്ങളിലും ഞങ്ങള്‍ക്ക് എന്‍ട്രികളുണ്ട്, എന്നാല്‍ ക്രിക്കറ്റ് ടീം പോകുന്നില്ല,'' ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ ഷെഫ് ദേ മിഷൻ, ഭൂപേന്ദർ ബജ്‌വ പറഞ്ഞതായി നേരത്തെ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങൾ അവർക്ക് ഏകദേശം 3-4 ഇമെയിലുകൾ അയച്ചു. പക്ഷേ സംഘാടകർക്ക് എൻട്രികൾ അയയ്‌ക്കേണ്ടി വന്നപ്പോൾ, അവർ പോകില്ലെന്ന് പറഞ്ഞുവെന്നും ഭൂപേന്ദർ ബജ്‌വ കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ബിസിസിഐ രണ്ട് ദേശീയ ടീമുകളെ കളത്തിലിറക്കുന്നത്. 1998-ൽ ക്വലാലംപൂരിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ടീം മത്സരിച്ചിരുന്നു. മറ്റൊരു ടീം സഹാറ കപ്പിൽ പാകിസ്താനെയും നേരിട്ടു. അടുത്തിടെ, 2021 ൽ, ശിഖർ ധവാൻ ശ്രീലങ്കയിൽ ഒരു പരമ്പരയ്ക്കായി ഒരു രണ്ടാം നിര ഇന്ത്യൻ ടീമിനെ നയിച്ചു. അതേസമയം വിരാട് കോഹ്‌ലി ക്യാപ്റ്റനായ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി യുകെയിൽ ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in