ബിന്ധ്യാറാണി ദേവി
ബിന്ധ്യാറാണി ദേവി

ബിന്ധ്യാറാണി ദേവിക്ക് വെള്ളി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍

മീരാഭായ് ചാനു, സങ്കേത് സര്‍ക്കാര്‍, ഗുരുരാജ പൂജാരി എന്നിവര്‍ നേരത്തേ ഭാരോദ്വഹനത്തില്‍ മെഡല്‍ സ്വന്തമാക്കിയിരുന്നു
Updated on
1 min read

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാം മെഡല്‍ സ്വന്തമാക്കി. വനിതകളുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ബിന്ധ്യാറാണി ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. മത്സരത്തില്‍ ആകെ 202 കിലോഗ്രാം ഉയര്‍ത്തിയാണ് താരം രണ്ടാമതെത്തിയത്. 203 കിലോ ഉയര്‍ത്തിയ നൈജീരിയയുടെ ആഡിജറ്റ് ഒലാരിനോക്കാണ് സ്വര്‍ണം.

116 കിലോഗ്രാം ഉയര്‍ത്തി ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡും 23കാരിയായ മണിപ്പൂര്‍ താരം സ്ഥാപിച്ചു. സ്‌നാച്ചില്‍ മീരാഭായ് ചാനുവിന്റെ 86 കിലോഗ്രാം ദേശീയ റെക്കോര്‍ഡിനൊപ്പവും അവര്‍ എത്തി. മത്സരത്തില്‍ ബിന്ധ്യറാണിയുടെ നേട്ടം അത്യന്തം നാടകീയമായിരുന്നു. രണ്ടാം റൗണ്ടില്‍ 114 കിലോ ഭാരം ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും, മൂന്നാം ശ്രമത്തില്‍ 116 കിലോ ഉയര്‍ത്തി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. ബിന്ധ്യയേക്കാള്‍ ഒരു കിലോഗ്രാം മാത്രം അധികം ഉയര്‍ത്തിയാണ് നൈജീരിയയുടെ അദിജാത് ഒലാറിയ സ്വര്‍ണമെഡല്‍ നേടിയത്. 198 കിലോ ഉയര്‍ത്തിയ ഇംഗ്ലണ്ടിന്റെ ഫ്രെയര്‍ മൊറോക്കാണ് ഈയിനത്തില്‍ വെങ്കലം.

ഭാരോദ്വഹനത്തിലാണ് ഇന്ത്യ നാല് മെഡലും സ്വന്തമാക്കിയത്. മീരാഭായ് ചാനു ഇന്ത്യക്കായി ആദ്യ സ്വര്‍ണം നേടി. സങ്കേത് സര്‍ക്കാര്‍ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടി. ഇന്ത്യക്ക് ഇന്ന് മൂന്ന് മെഡല്‍ പോരാട്ടമുണ്ട്. ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 67, 73 കിലോ വിഭാഗത്തിലും, ജിംനാസ്റ്റിക്‌സില്‍ പുരുഷന്‍മാരുടെ ഇനത്തിലുമാണ് മത്സരങ്ങള്‍. 67 കിലോ വിഭാഗത്തില്‍ യൂത്ത് ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവായ 19 കാരന്‍ ജെറമി ലാല്‍റിനിനുഗയും, 73 കിലോ വിഭാഗത്തില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ അജിന്ദ ഷൂലിയുമാണ് മത്സരിക്കുന്നത്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ യോഗേശ്വര്‍ സിങാണ് മത്സരിക്കുന്നത്.

മെഡല്‍ പ്രതീക്ഷയുള്ള പുരുഷ ഹോക്കി ടീം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഘാനയാണ് എതിരാളികള്‍. ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ വനിതകളുടെ സെമി മത്സരവും പുരുഷന്‍മാരുടെ ക്വാര്‍ട്ടര്‍ മത്സരങ്ങളും ഇന്നാണ്. വനിതാ ട്വന്റി20യില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരവും ഇന്നാണ്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് അവസാന നിമിഷം തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.

logo
The Fourth
www.thefourthnews.in