കൈക്കൂലിയും അഴിമതിയും; ചൈനീസ് ഫുട്ബോള്‍ മുന്‍ തലവന് ജീവപര്യന്തം തടവ്

കൈക്കൂലിയും അഴിമതിയും; ചൈനീസ് ഫുട്ബോള്‍ മുന്‍ തലവന് ജീവപര്യന്തം തടവ്

കായികരംഗത്തെ ഏറ്റവും വലിയ അഴിമതിയുടെ അന്വേഷണത്തിനൊടുവിലാണ് ശിക്ഷാവിധിയെന്ന് ചൈനീസ് മാധ്യമങ്ങള്‍
Updated on
1 min read

കൈക്കൂലി വാങ്ങിയതിന് ചൈനീസ് ദേശീയ ഫുട്ബോള്‍ ടീം മുന്‍ തലവന്‍ ചെന്‍ സ്യൂയാന് ജീവപര്യന്തം തടവ് ശിക്ഷ. ഫുട്ബോളില്‍ നിക്ഷേപം, സംഘാടനം, പ്രൊജക്ട് കരാർ തുടങ്ങിയവയില്‍ വഴിവിട്ട് സഹായിച്ചുവെന്നതാണ് ചെന്നിനെതിരായ കുറ്റങ്ങള്‍. കായികരംഗത്തെ ഏറ്റവും വലിയ അഴിമതിയുടെ അന്വേഷണത്തിനൊടുവിലാണ് ശിക്ഷാവിധിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

കേസിൽ ചൈനീസ് ഫുട്ബോളിലെ ഉന്നതരിലേക്ക് വരെ അന്വേഷണമെത്തിയിരുന്നു. അഴിമതി മൂലമാണ് ചൈനീസ് ഫുട്ബോളിന് തകർച്ച സംഭവിച്ചതെന്നാണ് ആരാധകരില്‍നിന്നുയർന്ന ആരോപണം.

2019ല്‍ ചൈനീസ് ഫുട്ബോള്‍ അസോസിയേഷന്റെ (സിഎഫ്എ) ചെയർമാന്‍ സ്ഥാനത്ത് എത്തിയതിന്റെ തലേദിവസം രണ്ട് പ്രാദേശിക ഫുട്ബോള്‍ ഉദ്യോഗസ്ഥർ തന്നെ സമീപിച്ചതായും മൂന്ന് ലക്ഷം യുവാന്‍ (34.6 ലക്ഷം രൂപ) അടങ്ങിയ ബാക്ക്പാക്കുകള്‍ നല്‍കിയതായും ജനുവരിയില്‍ ദേശീയമാധ്യമത്തില്‍ സംപ്രേഷണം ചെയ്ത അഴിമതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അവസാന എപ്പിസോഡില്‍ ചെന്‍ വെളിപ്പെടുത്തിയിരുന്നു.

കൈക്കൂലിയും അഴിമതിയും; ചൈനീസ് ഫുട്ബോള്‍ മുന്‍ തലവന് ജീവപര്യന്തം തടവ്
'പന്തുതട്ടാനുള്ള ആഗ്രഹം കുറയുന്നു'; വംശീയ അധിക്ഷേപത്തില്‍ വിങ്ങിപ്പൊട്ടി വിനീഷ്യസ് ജൂനിയർ

പ്രസിഡന്റ് ഷി ജിന്‍പിങ് അധികാരത്തിലെത്തിയശേഷം ടെലിവിഷനിലൂടെയുള്ള അഴിമതി ഏറ്റുപറച്ചില്‍ സാധാരണ സംഭവമായി മാറിയിരുന്നു. ഫുട്ബോളും ഇതിന്റെ ഭാഗമായി. 2010 മുതല്‍ 2023 വരെ ചെന്‍ വിവിധ തസ്തികകള്‍ ദുരുപയോഗം ചെയ്തതായി സെന്‍ട്രല്‍ ഹുബെയ് പ്രവശ്യയിലെ കോടതി കണ്ടെത്തി. കായികമേഖലയിലെ നിക്ഷേപം, പ്രൊജക്ട് കരാർ തുടങ്ങിയവയില്‍ വഴിവിട്ട് സഹായിച്ചതായാണ് കണ്ടെത്തല്‍. ഷിന്‍ഹുവ വാർത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വഴിവിട്ട സഹായത്തിനുപകരമായി പണവും വസ്തുക്കളും ചെന്‍ സ്വീകരിച്ചതായാണ് റിപ്പോർട്ട് പറയുന്നത്. ഇത് ഏകദേശം 81 ദശലക്ഷം യുവാന് (93.5 കോടി രൂപ) മുകളില്‍ വരും. ചെന്‍ ചൈനീസ് ഫുട്ബോളിന് വലിയ ആഘാതമേല്‍പ്പിച്ചതായാണ് കോടതി നിരീക്ഷണം.

സിഎഫ്എ മുന്‍ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ചെന്‍ യോങ്‌ലിയാങ്, മുന്‍ വൈസ് ഹെഡ് യു ഹോങ്ചെവ്‍, ചൈനീസ് സൂപ്പർ ലീഗ് മുന്‍ ജനറല്‍ മാനേജർ ഡോങ് ഷെങ് എന്നിവരും അന്വേഷണം നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.

യെങ്‌ലിയാങ്ങിന് 14 വർഷവും യുവിന് 13 വർഷവും ഡോങ്ങിന് എട്ട് വർഷവുമാണ് ജയില്‍ശിക്ഷ.

logo
The Fourth
www.thefourthnews.in