മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡര്‍; കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് താരം

മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡര്‍; കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന് താരം

എല്ലാവർക്കും വിദ്യാഭ്യാസമെന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് മെസിയെ അംബാസഡറായി പ്രഖ്യാപിച്ചത്
Updated on
1 min read

പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഗ്ലോബൽ അംബാസഡറായി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. എല്ലാവർക്കും വിദ്യാഭ്യാസമെന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് മെസിയുമായി കരാറിലെത്തിയത്. ഈ വർഷമാദ്യം ഖത്തർ വേൾഡ് കപ്പിന്റെ ഔദ്യോഗിക സ്പോൺസറായും ബൈജൂസ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് മുതലാണ് മെസിയും ബൈജൂസും തമ്മിലുള്ള കരാർ ആരംഭിക്കുക. പദ്ധതിയുടെ പ്രചരണാർഥം ഖത്തറിൽ നടക്കുന്ന പരിപാടികളിൽ മെസി പങ്കെടുക്കും.

"മെസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കണക്കാക്കുന്നു. ഈ തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതിഭയും, വിനയവും, വിശ്വാസ്യതയും ബൈജൂസിന്റെ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ്." -ബൈജൂസ്‌ കോ ഫൗണ്ടർ ദിവ്യ ഗോകുൽനാഥ് പറഞ്ഞു. 5.5 മില്യൺ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർക്കും വിദ്യാഭ്യാസമെന്ന പദ്ധതി ബൈജൂസ്‌ ആരംഭിക്കുന്നത്. താഴെ തട്ടിൽ നിന്നും വളർന്നുവന്ന് വിജയിച്ച താരമാണ് മെസി. അത്തരത്തിൽ ചെറിയ കുട്ടികൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാനും യാഥാർഥ്യമാക്കാനുമുള്ള അവസരമാണ് ബൈജൂസ്‌ നൽകുന്നതെന്നും അവർ കൂട്ടിച്ചേര്‍ത്തു.

"ബൈജൂസിന്റെ എല്ലാവർക്കും വിദ്യാഭ്യാസമെന്ന പദ്ധതി എന്റെ മൂല്യങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ്. മികച്ച വിദ്യാഭ്യാസം കൊണ്ട് ജീവിതം മാറ്റാൻ സാധിക്കും, ബൈജൂസ്‌ അതിനായി നിരവധി വിദ്യാർഥികളെ സഹായിച്ചിട്ടുണ്ട്." ബൈജൂസുമായുള്ള സഖ്യത്തെക്കുറിച്ച് മെസി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രചോദനമാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന ലിയോ മെസി ഫൌണ്ടേഷൻ എന്ന ഓർഗനൈസേഷന്‍ 2007 മുതൽ മെസി നടത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in