ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്: ആദ്യ സ്വര്‍ണം ചൈനക്ക്

ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്: ആദ്യ സ്വര്‍ണം ചൈനക്ക്

ജപ്പാന്‍ വെള്ളിയും കസാക്കിസ്ഥാന്‍ വെങ്കലവും സ്വന്തമാക്കി
Updated on
1 min read

പൊന്മുടിയില്‍ നടക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം ചൈനക്ക്. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനമായ ഇന്നലെ നടന്ന ക്രോസ്‌കണ്‍ട്രി റിലെ മത്സരത്തിലാണ് ചൈന സ്വര്‍ണം നേടിയത്. ജപ്പാന്‍ വെള്ളിയും കസാക്കിസ്ഥാന്‍ വെങ്കലവും സ്വന്തമാക്കി.

എലൈറ്റ് വിഭാഗത്തില്‍ നിന്നും ലിയു ഷിയാന്‍ജിങ്, മാ കച്ച, ചെന്‍ കെയു, ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ബദാന്‍ ഷിക്കു, അണ്ടര്‍ 23 വിഭാഗത്തില്‍ നിന്ന് വാങ്ങ് സിലി എന്നീ റൈഡര്‍മാരാണ് ചൈനീസ് ടീമില്‍ ഉണ്ടായിരുന്നത്. ജപ്പാനും ചൈനയും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈന സ്വര്‍ണം നേടിയത്. റിലേയുടെ ആദ്യ രണ്ടു ലാപ്പുകളില്‍ ജപ്പാനായിരുന്നു ആധിപത്യം.

ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ക്രോസ് കൺട്രി റിലേ മത്സരത്തിനിടെ സൈക്കിളിൽ നിന്ന് വീഴുന്ന ഉസ്ബെക്കിസ്താൻ റൈഡർ
ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ക്രോസ് കൺട്രി റിലേ മത്സരത്തിനിടെ സൈക്കിളിൽ നിന്ന് വീഴുന്ന ഉസ്ബെക്കിസ്താൻ റൈഡർ

മൂന്നാം ലാപ്പില്‍ ചൈന ലീഡ് നേടിയെങ്കിലും നാലാം ലാപ്പില്‍ വീണ്ടും ജപ്പാനീസ് മുന്നേറ്റം കണ്ടു. എന്നാല്‍ അവസാന ലാപ്പില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ചൈന സ്വര്‍ണം നേടുകയായിരുന്നു. ഒന്‍പത് രാജ്യങ്ങള്‍ പങ്കെടുത്ത ഫൈനലില്‍ ഇന്ത്യ ഏഴാമതായി ഫിനിഷ് ചെയ്തു. വിജയികള്‍ക്ക് നേപ്പാള്‍ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഗോപാല്‍ സുന്ദര്‍ലാല്‍ കശ്യപതിയും സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ട്രഷററും കേരള സൈക്ലിങ് അസോസിയേഷന്‍ പ്രസിഡന്റുമായ എസ്.എസ്. സുധീഷ്‌കുമാറും ചേര്‍ന്ന് മെഡലുകള്‍ സമ്മാനിച്ചു.

ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ആവേശകരമായ എലൈറ്റ് വിഭാഗം ഡൗണ്‍ഹില്‍ മത്സരങ്ങളുടെ ഫൈനലാണ് രണ്ടാം ദിവസമായ ഇന്നത്തെ (27-10-23, വെള്ളി) പ്രധാന ആകര്‍ഷണം. ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ മൂന്ന് മണി വരെ വനിതകളുടെ എലൈറ്റ് വിഭാഗം ഡൗണ്‍ഹില്‍ ഫൈനലും മൂന്ന് മുതല്‍ നാല് വരെ പുരുഷന്മാരുടെ എലൈറ്റ് ഡൗണ്‍ഹില്‍ ഫൈനലും നടക്കും. ഫൈനലില്‍ വിജയികളാകുന്നവര്‍ക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് യോഗ്യത ലഭിക്കും.

മൂന്നാം ദിനമായ ശനിയാഴ്ച (28-10-23, ശനി) ആറു ഫൈനലുകളാണുള്ളത്. അണ്ടര്‍ 23, ജൂനിയര്‍ വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കണ്‍ട്രി ഒളിമ്പിക് ഫൈനലുകളും എലൈറ്റ് വിഭാഗം പുരുഷന്മാരുടെയും വനിതകളുടെയും ക്രോസ് കണ്‍ട്രി ഒളിമ്പിക് ഫൈനലുകളുമാണ് നാളെ നടക്കാനുള്ളത്.

logo
The Fourth
www.thefourthnews.in