2025 ക്ലബ് ലോകകപ്പ് യുഎസില്‍; 32 ടീമുകള്‍ പങ്കെടുക്കും

2025 ക്ലബ് ലോകകപ്പ് യുഎസില്‍; 32 ടീമുകള്‍ പങ്കെടുക്കും

ഇന്ന് നടന്ന ഫിഫ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്‌ വിപുലീകരിച്ച ടൂര്‍ണമെന്റ് ലൈനപ്പില്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ ഉള്‍പ്പെടും
Updated on
1 min read

2025 ലെ ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് അമേരിക്ക ആതിഥേയത്വം വഹിക്കും. ഫിഫ ടൂര്‍ണമെന്‍രില്‍ 32 ടീമുകള്‍ പങ്കെടുക്കുന്നു എന്ന പുതുമയും അമേരിക്കയിലെ ലോകകപ്പിനുണ്ടാവും. ഇന്ന് നടന്ന ഫിഫ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്‌. വിപുലീകരിച്ച ടൂര്‍ണമെന്റ് ലൈനപ്പില്‍ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ ഉള്‍പ്പെടും

നേരത്തെ ഫിഫ സംഘടിപ്പിച്ചിരുന്ന ക്ലബ് ലോകകപ്പിന്റെ മത്സരക്രമങ്ങളും ടീമുകളുടെ പങ്കാളിത്തവും ഉയര്‍ത്തികൊണ്ട് പുതിയ ടൂര്‍ണമെന്റ് ഒരുക്കുമെന്ന് ഫിഫ അറിയിച്ചു. 2025 ജൂണിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. ഏകകണ്‌ഠേന ആതിഥേയരായി അമേരിക്കയുടെ പേര് ഫിഫ തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം അമേരിക്ക വിവിധ രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കാണ് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്.

2024 കോപ്പ അമേരിക്ക, 2025 ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ്, 2026 മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഫിഫ ലോകകപ്പിനും അമേരിക്ക ആതിഥേയത്വം വഹിക്കും. 2021 യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി, 2022 ലെ റയല്‍ മാഡ്രിഡ് ഇപ്രവിശ്യത്തെ മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ നേരിട്ട് യുറോപ്പില്‍ നിന്നും 2025ലേക്കുള്ള ടൂര്‍ണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടി. നേരത്തെ ഏഴ് ടീമുകളെ വെച്ചായിരുന്നു ഫിഫ് ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് സംഘടിപ്പിച്ചിരുന്നത്.

2025 ലെ ക്ലബ് ലോകകപ്പിന്റെ ഫോര്‍മാറ്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല, എന്നാല്‍ 32 ടീമുകളില്‍ ഓരോന്നിനും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലും ഉണ്ടാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവരെ നാല് ഗ്രൂപ്പുകളായി ക്രമീകരിച്ച്. ഓരോ ഗ്രൂപ്പിലെയും വിജയികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും.

അതേസമയം 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിനായിട്ടുള്ള വോട്ടെടുപ്പ് നടത്തുന്നത് ഫിഫ നീട്ടിവെച്ചു. 2024 ബാങ്കോക്കില്‍ വെച്ച് നടക്കുന്ന ഫിഫ കോണ്‍ഗ്രസിലാകും തിരഞ്ഞെടുപ്പ് ഉണ്ടാകുക.

logo
The Fourth
www.thefourthnews.in