കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന്‌ തിരിതെളിയും; പെണ്‍കരുത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന്‌ തിരിതെളിയും; പെണ്‍കരുത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ

ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി. സിന്ധു ദേശീയ പതാകയേന്തും
Updated on
4 min read

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍ ഇന്നു തിരിതെളിയും. ഇന്നു നടക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ച്ചയായി ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്ന ഇന്ത്യ ഇക്കുറി മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. 200 അംഗ സംഘത്തെയാണ് ഇത്തവണ അണിനിരത്തുന്നത്.

ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയുടെ പിന്മാറ്റം ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചോപ്ര ചരിത്രം കുറിച്ച് വെള്ളി മെഡല്‍ നേടിയത് കഴിഞ്ഞ ദിവസമായരുന്നു. അതിനു പിന്നാലെയാണ് താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനില്ലെന്നു പ്രഖ്യാപിച്ചത്.

ചോപ്രയുടെ അഭാവത്തില്‍ പെണ്‍കരുത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷയത്രയും. പി.വി. സിന്ധു, മണിക ബത്ര, മീരാഭായ് ചാനു, ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം എന്നിവരും ഗുസ്തിയില്‍ പുരുഷ താരം ബജ്‌രംഗ് പൂനിയയുമാണ് ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകള്‍.

പി.വി. സിന്ധു
പി.വി. സിന്ധു

പി.വി. സിന്ധു

ബാഡ്മിന്റണ്‍

മത്സരയിനം:- വനിതാ സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ്

ലോക റാങ്കിങ്:- 7

പ്രധാന നേട്ടങ്ങള്‍:-

ഒളിമ്പിക്‌സ്:- വെള്ളി(2016 റിയോ), വെങ്കലം(2020 ടോക്യോ).

ലോക ചാമ്പ്യന്‍ഷിപ്പ്:- സ്വര്‍ണം(2019 ബേസല്‍), വെള്ളി(2018 നാന്‍ജിങ്, 2017 ഗ്ലാസ്‌ഗോ), വെങ്കലം(2014 കോപ്പന്‍ഹേഗന്‍, 2013 ഗ്വാങ്ഷു).

ഏഷ്യന്‍ ഗെയിംസ്:- വെള്ളി(2018 ജക്കാര്‍ത്ത-സിംഗിള്‍സ്), വെങ്കലം(2014 ഇന്‍ജിയോണ്‍ -ടീം)

കോമണ്‍വെല്‍ത്ത് ഗെയിംസ്:- സ്വര്‍ണം(2018 ഗോള്‍ഡ്‌കോസ്റ്റ്-മിക്‌സഡ് ടീം), വെള്ളി(2018 ഗോള്‍ഡ്‌കോസ്റ്റ്-സിംഗിള്‍സ്), വെങ്കലം(2014 ഗ്ലാസ്‌ഗോ-സിംഗിള്‍സ്).

രണ്ടു തവണ ഒളിമ്പിക് മെഡലില്‍ മുത്തമിട്ട ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി. സിന്ധുവാണ് ഇന്ത്യയുടെ ഉറച്ച സുവര്‍ണ മെഡല്‍പ്രതീക്ഷ. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സിലും മിക്‌സഡ് ടീം വിഭാഗത്തിലുമാണ് സിന്ധു മത്സരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ദേശീയ പതാകയേന്തി ഇന്ത്യന്‍ സംഘത്തെ നയിക്കുന്നതും സിന്ധുവാണ്.

ലോക റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള സിന്ധു 2018-ല്‍ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന ഗെയിംസില്‍ സിംഗിള്‍സില്‍ വെള്ളിയും ടീമിനത്തില്‍ സ്വര്‍ണവും നേടിയിരുന്നു. അതിനു മുമ്പ് 2014 ഗ്ലാസ്‌ഗോ ഗെയിംസില്‍ സിംഗിള്‍സില്‍ വെങ്കലം നേടിയിട്ടുണ്ട്.

ഇക്കുറി തന്റെ ആദ്യ സിംഗിള്‍സ് സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങുന്ന സിന്ധു മിന്നുന്ന ഫോമിലാുമാണ്. ഇക്കഴിഞ്ഞാഴ്ച സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടം നേടിയ സിന്ധു ഈ വര്‍ഷമാദ്യം സയിദ് മോദി രാജ്യാന്തര ചാമ്പ്യന്‍ഷിപ്പിലും സ്വിസ് ഓപ്പണിലും കിരീടം ചൂടിയിരുന്നു.

മീരാഭായ് ചാനു
മീരാഭായ് ചാനു

മീരാഭായ് ചാനു

ഭാരോദ്വഹനം

മത്സരയിനം:- 49 കിലോ വിഭാഗം

മികച്ച പ്രകടനം:- ആകെ 205 കിലോ(ദേശീയ റെക്കോഡ്) സ്‌നാച്ചില്‍ 88 കിലോ(ദേശീയ റെക്കോഡ്) ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോ(ലോക റെക്കോഡ്).

പ്രധാന നേട്ടങ്ങള്‍:-

ഒളിമ്പിക്‌സ്:- വെള്ളി(2020 ടോക്യോ)

ലോക ചാമ്പ്യന്‍ഷിപ്പ്:- സ്വര്‍ണം(2017 അനാഹെയിം)

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്:- വെങ്കലം(2020 താഷ്‌കന്റ്)

കോമണ്‍വെല്‍ത്ത് ഗെയിംസ്:- സ്വര്‍ണം(2018 ഗോള്‍ഡ് കോസ്റ്റ്), വെള്ളി(2014 ഗ്ലാസ്‌ഗോ).

വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിലും ഇന്ത്യ സ്വര്‍ണം പ്രതീക്ഷിക്കുന്നു. 27-കാരിയായ ചാനു 49 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഗ്ലാസ്‌ഗോ ഗെയിംസില്‍ വെള്ളിയും ഗോള്‍ഡ്‌കോസ്റ്റ് ഗെയിംസില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. 205 കിലോയാണ് ചാനുവിന്റെ മികച്ച പ്രകടനം. സ്‌നാച്ചില്‍ 88 കിലോ ഉയര്‍ത്തി ദേശീയ റെക്കോഡും ക്ലീന്‍ ആന്‍ ജെര്‍ക്കില്‍ 119 കിലോ ഉയര്‍ത്തി ലോക റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.

മണിക ബത്ര
മണിക ബത്ര

മണിക ബത്ര

ടേബിള്‍ ടെന്നീസ്

മത്സരയിനം:- വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ടീം

പ്രധാന നേട്ടങ്ങള്‍:-

ഏഷ്യന്‍ ഗെയിംസ്:- വെങ്കലം(2018 ജക്കാര്‍ത്ത-മിക്‌സഡ് ഡബിള്‍സ്)

കോമണ്‍വെല്‍ത്ത് ഗെയിംസ്:- സ്വര്‍ണം(2018 ഗോള്‍ഡ്‌കോസ്റ്റ് - സിംഗിള്‍സ്, ടീം), വെള്ളി(2018 ഗോള്‍ഡ്‌കോസ്റ്റ് - ഡബിള്‍സ്) വെങ്കലം(2018 ഗോള്‍ഡ്‌കോസ്റ്റ് - മിക്‌സഡ് ഡബിള്‍സ്).

വനിതകളുടെ ടേബിള്‍ ടെന്നീസില്‍ മണിക ബത്രയിലേക്കും രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. 2018-ല്‍ ഇരട്ട സ്വര്‍ണമുള്‍പ്പടെ നാലു മെഡലുകളാണ് മണിക നേടിയത്. തകര്‍പ്പന്‍ പ്രകടനവുമായി സിംഗിള്‍സില്‍ സ്വര്‍ണം നേടിയ താരം ടീം ഇനത്തില്‍ സിംഗപ്പൂരിന്റെ നിലവിലെ ചാമ്പ്യന്‍നെ അട്ടിമറിച്ചാണ് ഇരട്ടം സ്വര്‍ണം നേടിയത്. പിന്നീട് ഡബിള്‍സില്‍ വെള്ളിയും മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും നേടിയ താരം ഇക്കുറി നാലിനത്തിലും സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. മണികയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ടേബിള്‍ ടെന്നീസില്‍ ഏറ്റവം മികച്ച നേട്ടമാണ ഇന്ത്യ കഴിഞ്ഞതവണ സ്വന്തമാക്കിയത്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം എട്ടുമെഡലുകള്‍ ഇന്ത്യ ഓസ്‌ട്രേലിയയിലെ സ്വര്‍ണതീരത്തു നിന്നു വാരിയെടുത്തു.

ലവ്‌ലിന ബോര്‍ഗോഹെയ്ന്‍
ലവ്‌ലിന ബോര്‍ഗോഹെയ്ന്‍

ലവ്‌ലിന ബോര്‍ഗോഹെയ്ന്‍

ബോക്‌സിങ്

മത്സരയിനം:- 69 കിലോ വെല്‍റ്റര്‍വെയ്റ്റ്

പ്രധാന നേട്ടങ്ങള്‍:-

ഒളിമ്പിക്‌സ്:- വെങ്കലം(2020 ടോക്യോ)

ലോകചാമ്പ്യന്‍ഷിപ്പ്:- വെങ്കലം(2019 ഉലന്‍ ഉദെ, 2018 ന്യൂഡല്‍ഹി)

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്:- വെങ്കലം(2021 ദുബായ്, 2017 ഹോചിമിന്‍ സിറ്റി)

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്റെ മെഡല്‍ അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ടാണ് വനിതാ ബോക്‌സിങ്ങിലെ പുതിയ സെന്‍സേഷന്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ബിര്‍മിങ്ഹാമിലെ റിങ്ങിലിറങ്ങുന്നത്. കഴിഞ്ഞ തവണ ഇംഗ്ലണ്ട് താരം സാന്‍ഡി റയാനോടു തോറ്റ് ക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. അന്നത്തെ തോല്‍വിക്കു ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച ബോക്‌സര്‍മാരില്‍ ഒരാളായി ലവ്‌ലിനയുടെ വളര്‍ച്ച അതിവേഗമായിരുന്നു. 2018-ലും 2019-ലും തുടരെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയ ലവലിന കഴിഞ്ഞ വര്‍ഷം ഒളിമ്പിക് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബോക്‌സറുമായി. പുറമേ 2021-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലവ്‌ലിന വെങ്കലം നേടി.

ബജ്‌രംഗ് പൂനിയ
ബജ്‌രംഗ് പൂനിയ

ബജ്‌രംഗ് പൂനിയ

ഗുസ്തി

മത്സരയിനം:- 65 കിലോ ഫ്രീസ്‌റ്റൈല്‍

പ്രധാന നേട്ടങ്ങള്‍:-

ഒളിമ്പിക്‌സ്:- വെങ്കലം(2020 ടോക്യോ)

ലോക ചാമ്പ്യന്‍ഷിപ്പ്:- വെള്ളി(2018 ബുഡാപെസ്റ്റ്), വെങ്കലം 2019 നൂര്‍ സുല്‍ത്താന്‍, 2013 ബുഡാപെസ്റ്റ്)

ഏഷ്യന്‍ ഗെയിംസ്:- സ്വര്‍ണം(2018 ജക്കാര്‍ത്ത), വെള്ളി(2014 ഇഞ്ചിയോണ്‍)

കോമണ്‍വെല്‍ത്ത് ഗെയിംസ്:- സ്വര്‍ണം(2018 ഗോള്‍ഡ്‌കോസ്റ്റ്), വെള്ളി(2014 ഗ്ലാസ്‌ഗോ).

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി ഗോദ ഇന്ത്യയുടെ മെഡല്‍ ഭൂമികയാണ്. നിരവധി മെഡലുകളാണ് മല്‍പ്പിടുത്തത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. ഇക്കുറിയും അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ബജ്‌രംഗ് പൂനിയയാണ് ഇക്കുറി ഗോദയില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ട്. ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി വലിയ വേദികളിലെല്ലാം മെഡല്‍ കൊയ്തിട്ടുള്ള പൂനിയ ഇക്കുറിയും സുവര്‍ണപതക്കമണിയുമെന്നാണ് പ്രതീക്ഷ. 2014-ല്‍ ഗ്ലാസ്‌ഗോയില്‍ നേടിയ വെള്ളി കഴിഞ്ഞകുറി ഗോള്‍ഡ്‌കോസ്റ്റില്‍ സ്വര്‍ണമാക്കി മാറ്റിയ പൂനിയ തൊട്ടടുത്ത വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടി. 2019-ല്‍ വീണ്ടും ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍(വെങ്കലം) നേടിയ താരം ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി.

മറ്റു മെഡല്‍ പ്രതീക്ഷകള്‍

ഇവര്‍ക്കു പുറമേ ഒരുപിടി താരങ്ങളില്‍ക്കൂടി ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. വനിതാ ക്രിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം, ബാഡ്മിന്റണില്‍ പുരുഷ താരം കിഡംബി ശ്രീകാന്ത്, ബോക്‌സിങ്ങില്‍ പുരുഷ താരങ്ങളായ അമിത് പങ്കല്‍, നിഖാത് സസരീന്‍, ടേബിള്‍ ടെന്നീസില്‍ ശരത് കമാല്‍, ജി സത്യന്‍, ഭാരോദ്വഹനത്തില്‍ ജെറമി ലാല്‍റിന്നുങ്ക, പൂനം യാദവ്, രവി ദാഹിയ, ദീപക് പൂനിയ, വിനേഷ് ഫോഗാട്ട്, സാക്ഷി മാലിക്, ദിവ്യ ഖാക്‌രന്‍, അത്‌ലറ്റിക്‌സില്‍ എം. ശ്രീശങ്കര്‍, ഹിമാ ദാസ് തുടങ്ങിയവരും പോഡിയത്തിലേറുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍.

logo
The Fourth
www.thefourthnews.in