'ബുദ്ധിമുട്ടേറിയ കേസ്, നിബന്ധനകളില്‍ വിട്ടുവീഴ്ചകളില്ല'; വിനേഷ് ഫോഗട്ട് കേസില്‍ കായിക തർക്കപരിഹാര കോടതി

'ബുദ്ധിമുട്ടേറിയ കേസ്, നിബന്ധനകളില്‍ വിട്ടുവീഴ്ചകളില്ല'; വിനേഷ് ഫോഗട്ട് കേസില്‍ കായിക തർക്കപരിഹാര കോടതി

ഓഗസ്റ്റ് 14നായിരുന്നു അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് സമർപ്പിച്ച അപ്പീല്‍ കോടതി തള്ളിയത്
Updated on
1 min read

പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ ആയോഗ്യയാക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി. വളരെ ബുദ്ധിമുട്ട് നിറഞ്ഞൊരു കേസാണിതെന്ന് വ്യക്തമാക്കിയ കോടതി വിനേഷിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചതായുള്ള തെളിവുകളോ നിർദേശങ്ങളോ ഇല്ലെന്നും പറയുന്നു. അനുവദനീയമായ ഭാരം താരങ്ങള്‍ ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി. ഒരു സാഹചര്യത്തിലും ഇളവ് അനുവദിക്കുകയില്ലെന്നും കാരണങ്ങളില്‍ പറയുന്നു.

ഓഗസ്റ്റ് 14നായിരുന്നു അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് സമർപ്പിച്ച അപ്പീല്‍ കോടതി തള്ളിയത്. അയോഗ്യയാക്കപ്പെട്ടെങ്കിലും വെള്ളി മെഡലിന് അർഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിനേഷിന്റെ അപ്പീല്‍.

ശരീരഭാരത്തിന്റെ പരിധി സംബന്ധിച്ച് നിയമം വ്യക്തമാണ്. അത് എല്ലാ അത്‌ലിറ്റുകള്‍ക്കും തുല്യവുമാണ്. ഇതില്‍ വിട്ടുവീഴ്ചകളുണ്ടാകില്ല. ധരിക്കുന്ന വസ്ത്രത്തിന്റെ ഭാരം പരിഗണിച്ചുപോലും അനുവദിക്കുകയില്ല. അനുവദനീയമായ ഭാരം നിലനിർത്തുക എന്നത് താരങ്ങളാണ് ഉറപ്പാക്കേണ്ടത്, കോടതി വ്യക്തമാക്കി.

അപേക്ഷകയുടെ ഭാരം പരിധിക്ക് മുകളിലായിരുന്നുവെന്നതില്‍ തർക്കമില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ തെളിവുകള്‍ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. അധികമായത് 100 ഗ്രാം മാത്രമാണെന്നും ഇളവ് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. വെള്ളം കുടിച്ചതുകൊണ്ടും ആർത്തവത്തിന് മുൻപുള്ള ഘട്ടത്തിലും സംഭവിക്കാവുന്ന ഒന്നാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു, കോടതി പറയുന്നു.

'ബുദ്ധിമുട്ടേറിയ കേസ്, നിബന്ധനകളില്‍ വിട്ടുവീഴ്ചകളില്ല'; വിനേഷ് ഫോഗട്ട് കേസില്‍ കായിക തർക്കപരിഹാര കോടതി
മുഖം കൈകള്‍ക്കൊണ്ട് മറച്ച് ഗോദയില്‍ വിനേഷ്; അപ്പീല്‍ തള്ളിയശേഷം ആദ്യ പ്രതികരണവുമായി താരം

അയോഗ്യയാക്കപ്പെട്ടത് വലിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുക്തിനേടാൻ സമയം ആവശ്യമാണെന്നുമായിരുന്നു ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം വിനേഷ് പറഞ്ഞത്. ഗുസ്തിയില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനത്തെക്കുറിച്ച് ചിന്തിക്കുമെന്നും വിനേഷ് പറഞ്ഞിരുന്നു.

50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ഫൈനലിന്റെ അന്ന് രാവിലെയായിരുന്നു വിനേഷിനെ അയോഗ്യയാക്കിയുള്ള ഉത്തരവ് വരുന്നത്.

സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നേലിസ് ഗുസ്മാനെയാണ് കീഴടക്കിയാണ് വിനേഷ് ഫൈനലില്‍ കടന്നത്. സ്കോർ 5-0. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയായിരുന്നു വിനേഷ്. അമേരിക്കയുടെ സാറ ഹില്‍ഡെബ്രാൻഡായിരുന്നു കലാശപ്പോരിലെ എതിരാളി.

ആദ്യ റൗണ്ടില്‍ നിലവിലെ ഒളിമ്പിക് ജേതാവും ലോക ചാമ്പ്യനുമായ യുയി സുസാക്കിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. അവസാന നിമഷം വരെ രണ്ട് പോയിന്റിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അവിശ്വിസനീയമായ തിരിച്ചുവരവ്. അന്താരാഷ്ട്ര കരിയറിലെ സുസാക്കിയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

logo
The Fourth
www.thefourthnews.in