2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സില്‍ ക്രിക്കറ്റും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സില്‍ ക്രിക്കറ്റും ഭാഗമാകും. അന്തരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയനാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിക്കറ്റിന് പുറമെ ഫ്ലാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ എന്നീ ഇനങ്ങളും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലോസ് ഏഞ്ചല്‍സും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഒളിമ്പിക് പ്രോഗ്രാം കമ്മീഷനും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. മുംബൈയില്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഐഒസിയുടെ 141-ാം സെഷനില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.
1900ല്‍ പാരീസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ആദ്യമായും അവസാനമായും ഉള്‍പ്പെടുത്തിയത്. അന്ന് ഇംഗ്ലണ്ടും ഫ്രാന്‍സും മാത്രമായിരുന്നു പങ്കെടുത്തത്. ഫ്രാന്‍സിനെ കീഴടക്കി ഇംഗ്ലണ്ട് സ്വര്‍ണം നേടുകയും ചെയ്തു. ലോസ് ഏഞ്ചെല്‍സില്‍ ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും പുരുഷ - വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക.
കഴിഞ്ഞ ഫെബ്രുവരിയിൽ ഐഒസി തയാറാക്കിയ 28 കായിക ഇനങ്ങള്‍ ഉള്‍പ്പെട്ട അന്തിപട്ടികയിൽ ക്രിക്കറ്റില്ലായിരുന്നു. എന്നാല്‍ ജൂലൈയില്‍ പുനരവലോകനത്തിനായി തയാറാക്കിയ ഒന്‍പത് ഇനങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ക്രിക്കറ്റ് ഉള്‍പ്പെട്ടതാണ് ഒളിമ്പിക്സ് സാധ്യതകള്‍ വര്‍ധിപ്പിച്ചത്. ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, ബ്രേക്ക് ഡാൻസ്, കരാട്ടെ, കിക്ക്ബോക്സിംഗ്, സ്ക്വാഷ്, മോട്ടോർസ്പോർട്ട് എന്നിവയായിരുന്നു ചുരുക്കപ്പട്ടികയിലെ മറ്റ് ഇനങ്ങള്‍.
ആറ് ടീമുകളുടെ ട്വന്റി 20 ഇവന്റായിരുന്നു ഐസിസി ഒളിമ്പിക് കമ്മിറ്റിക്ക് മുന്‍പില്‍ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സിനായി അവതരിപ്പിച്ചത്. ഐസിസി പുരുഷ - വനിതാ ടീം റാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനത്തുള്ള ടീമുകള്‍ക്കായിരിക്കും പരിഗണന ലഭിക്കുകയെന്നും ഐസിസി വ്യക്തമാക്കിയിരുന്നു.