ഡര്‍ബന്‍ ധമാക്കയ്ക്ക് 15 തികഞ്ഞു; ഓറിയോണിനൊപ്പം ഓര്‍മ പുതുക്കി യുവി
ഒരു ഓവറിലെ എല്ലാ പന്തിലും സിക്സ്. ഏതൊരു ബാറ്ററുടെയും സ്വപ്നമാണത്. പ്രഥമ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ കിങ്‌സ്‌മെഡ് സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷി നിർത്തി യുവരാജ് സിങ് സിക്സ് മഴ പെയ്യിച്ചിട്ട് ഇന്നേക്ക് പതിനഞ്ച് വർഷം. യുവരാജ് സിങ്ങിന് മുൻപും ശേഷവും പല ബാറ്റർമാരും ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും യുവിയുടെ പ്രകടനം ഇന്നും ക്രിക്കറ്റ് ആരാധകരുടെയുള്ളിൽ ഒളി മങ്ങാതെ തുടരുന്നു.
''യെസ് ഇന്‍ ടു ദി ക്രൗഡ്, സിക്‌സ് സിക്‌സസ് ഇന്‍ ആന്‍ ഓവര്‍... യുവ്‌രാജ് സിങ് ഫിനിഷസ് തിങ്‌സ് ഓഫ് ഇന്‍ സ്‌റ്റൈല്‍, ഫസ്റ്റ് ടൈം ഇന്‍ ട്വന്റി 20''.... കമന്ററിബോക്സിൽ ഇരുന്ന് രവിശാസ്ത്രി ആവേശം കൊണ്ടപ്പോൾ ടീവിയിൽ മത്സരം കണ്ട നാമെല്ലാവരും ആ ആവേശത്തിൽ പങ്ക് ചേർന്നു.
പതിനഞ്ചാം വാർഷികത്തിൽ യുവി തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയും അന്നത്തെ അതെ ആവേശത്തിലാണ് ആരാധകർ. "പതിനഞ്ച് വർഷത്തിന് ശേഷം ഈ വീഡിയോ കാണാൻ ഇതിലും മികച്ച കൂട്ടാളിയെ കിട്ടാനില്ല" എന്ന അടിക്കുറിപ്പോടെ മത്സരത്തിന്റെ ദൃശ്യങ്ങൾ ഒമ്പതു മാസം പ്രായമുള്ള തന്റെ മകന്‍ ഓറിയോണ്‍ കീച്ച് സിങ്ങിനൊപ്പം കാണുന്ന വീഡിയോ ആണ് യുവി പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ ആരാധകരുടെ കമന്റ് പ്രവാഹമാണ്.
2007 ടി20 ലോകകപ്പിന്റെ ആദ്യ പതിപ്പിലായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രകടനം. സൂപ്പർ എട്ടിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 19-ാം ഓവറിലാണ് യുവി തുടരെ ആറ് സിക്സ് നേടിയത്. പത്തൊൻപതാം ഓവറിന് മുൻപ് ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ് ഗ്രൗണ്ടില്‍ യുവിയെ വാക്‌പോരിലൂടെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചത് തൊട്ടടുത്ത ഓവറില്‍ ബ്രോഡായിരുന്നുവെന്നു മാത്രം.
ഓവറിലെ ആദ്യ മൂന്നു പന്തും സിക്‌സറിനു പറന്നതോടെ ഓവറിന്റെ മധ്യത്തില്‍ മാറ്റി നോക്കിയെങ്കിലും യുവരാജിനെ പിടിച്ച് കെട്ടാൻ ഇംഗ്ലണ്ട് യുവതാരത്തിന് സാധിച്ചില്ല. പഠിച്ച അടവുകൾ എല്ലാം പുറത്തെടുത്തിട്ടും യുവരാജിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ബ്രോഡും ഇംഗ്ലണ്ട് ടീമും തല താഴ്ത്തുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹെർഷൽ ഗിബ്സിന് ശേഷം ആറ് പന്തിലും സിക്സ് നേടുന്ന രണ്ടാമത്തെ താരമായിരുന്നു യുവരാജ് സിങ്. ടി20 ക്രിക്കറ്റിൽ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനും. 12 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ യുവി ആ മത്സരത്തിൽ 58 റണ്സെടുത്ത് കളിയിലെ കേമനായിരുന്നു. 219 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ട് വച്ച ഇന്ത്യ, മത്സരത്തിൽ 18 റൺസിന്റെ ജയം നേടി. ടൂർണമെന്റിലാകെ 362 റൺസും 15 വിക്കറ്റും നേടിയ യുവി ആയിരുന്നു ടൂർണമെന്റിന്റെ താരം.