ഏഷ്യ കപ്പ്: സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ഇന്ത്യ; എതിരാളികള്‍ ഹോങ്കോങ്
ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനമുറപ്പിക്കാന്‍ ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ന് ഹോങ്കോങ്ങാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ നേടിയ ആവേശകരമായ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ അശക്തരായ ഹോങ്കോങ്ങിനെതിരെ ഇറങ്ങുന്നത്. പോരായ്മകള്‍ തിരുത്തി, സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കായി കൂടുതല്‍ സജ്ജമാകാനുള്ള അവസരം കൂടിയാകും ഇന്നത്തെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം.
ഒരു ടി20 ഗെയിമില്‍ എന്തും സംഭവിക്കാമെന്നും, ബുധനാഴ്ച വളരെ ആത്മവിശ്വാസത്തോടെയാകും കളത്തിലിറങ്ങുകയെന്നുമാണ് ഹോങ്കോങ് നായകന്‍ നിസാകത്ത് ഖാന്റെ പ്രതികരണം. ''2018 ഏഷ്യ കപ്പില്‍ അവസാനമായി ഇന്ത്യയെ നേരിട്ടപ്പോള്‍ 26 റണ്‍സിനാണ് ഞങ്ങള്‍ തോറ്റത്. ടി 20 മത്സരത്തില്‍ എന്തും സംഭവിക്കാം. മുന്‍ നിര ടീമുകള്‍ തോറ്റു മടങ്ങുന്നത് നമ്മള്‍ മുന്‍പും കണ്ടിട്ടുണ്ട്. ഞങ്ങള്‍ പോസിറ്റീവ് ആയി മുന്നോട്ട് പോവുകയും പ്രകടനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും.'' ഖാന്‍ പറഞ്ഞു.
ടീം മികച്ച ഫോമിലാണെങ്കിലും, ഹോങ്കോങ്ങിനെതിരായ മത്സരത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒട്ടും നിസാരമായി കാണുന്നില്ല. ഏത് വെല്ലുവിളിയെയും അതിജീവിച്ച് വിജയം നേടാനുറച്ചാകും ടീം കളത്തിലിറങ്ങുക. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നെങ്കിലും ബാറ്റിങ്ങില്‍ ചില പോരായ്മകള്‍ സംഭവിച്ചിരുന്നു. ഭുവനേശ്വറിന്റെയും പാണ്ഡ്യയുടെയും നേതൃത്വത്തിലുള്ള ബൗളര്‍മാര്‍ പാകിസ്താന്റെ നട്ടെല്ലൊടിച്ചപ്പോള്‍ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റിങ് നിര പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ല. തിരിച്ചു വരവില്‍ കോഹ്ലിക്കും ഫോം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ നായകന്‍ 18 പന്തില്‍ 12 റണ്‍സ് മാത്രം നേടി പുറത്തായപ്പോള്‍ നസീം ഷായുടെ പന്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കില്‍ മടങ്ങി.
ഓപ്പണര്‍മാര്‍ക്കും ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ക്കും ഫോം കണ്ടെത്താനുള്ള അവസരം കൂടിയാകും മത്സരം.
സൂപ്പര്‍ ഫോര്‍ പ്രവേശനത്തിന് മുന്‍പ് ടീമിനെ പൂര്‍ണ്ണ സജ്ജമാക്കുക എന്നതായിരിക്കും ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ലക്ഷ്യം. ഓപ്പണര്‍മാര്‍ക്കും ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ക്കും ഫോം കണ്ടെത്താനുള്ള അവസരം കൂടിയാകും മത്സരം. നിലവില്‍ പാണ്ഡ്യയും ജഡേജയുമാണ് ഫോമിലുള്ള കളിക്കാര്‍. ഈ ഓള്‍റൗണ്ടര്‍ ജോഡികളെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാകും ടീം പരമാവധി ശ്രദ്ധിക്കുക.
ഏഷ്യ കപ്പില്‍ 2018ലാണ് ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഇന്ത്യ അന്ന് 285 റണ്‍സാണ് അടിച്ചുകൂട്ടിയത്. പക്ഷേ, ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തേണ്ടിവന്നിരുന്നു. 127 റണ്‍സെടുത്ത ശിഖര്‍ ധവാനും 60 റണ്‍സെടുത്ത അമ്പട്ടി റായുഡുവുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ല്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 23, ദിനേശ് കാര്‍ത്തിക് 33, കേദാര്‍ ജാദവ് 28 എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോറുകള്‍. അതേസമയം, എം എസ് ധോണിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഹോങ്കോങ്ങിനായി കിഞ്ചിത് ഷാ ഒന്‍പത് ഓവറില്‍ 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഹോങ്കോങ് അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു. ആദ്യ വിക്കറ്റില്‍ നിസാകത് ഖാനും ക്യാപ്റ്റന്‍ അനുഷുമാന്‍ രാത്തും ഹോങ്കോങ്ങിന് മികച്ച തുടക്കമാണ് നല്‍കിയത്. ഖാന്‍ 92 റണ്‍സും രാത്ത് 73 റണ്‍സും നേടി. 35ാം ഓവറില്‍ ടീം സ്‌കോര്‍ 174ല്‍ എത്തിനില്‍ക്കെയാണ് സഖ്യം വീണത്. പിന്നീട് ശക്തമായ ചെറുത്തുനില്‍പ്പിന് ഹോങ്കോങ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ടീം സ്‌കോര്‍ എട്ട് വിക്കറ്റിന് 259 റണ്‍സിലെത്തിയിരുന്നു.