CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ

CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ

ടീം പ്രഖ്യാപനത്തിന് ശേഷമുണ്ടായ വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ഏഷ്യ കപ്പ് കിരീടനേട്ടത്തിലൂടേയും ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിലൂടേയും ഇന്ത്യയ്ക്ക് നല്‍കാനായിട്ടുണ്ട്
Updated on
2 min read

140 കോടി ജനങ്ങളുടെ പ്രതീക്ഷ, ആതിഥേയ രാജ്യമെന്ന സമ്മര്‍ദം, ഒരു പതിറ്റാണ്ടോളം നീണ്ട ഐസിസി കിരീടവരള്‍ച്ച, അങ്ങനെ ഒരുപാട് വെല്ലുവിളികള്‍ പിന്നിലാക്കി വേണം രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഇത്തവണ ഏകദിന ലോകകപ്പിനെ സമീപിക്കാന്‍. 2013-ല്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഒരു ഐസിസി കിരീടത്തില്‍ തൊടാന്‍ ഇന്ത്യയ്ക്കായിട്ടില്ല. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് - നായകന്‍ രോഹിത് ശര്‍മ ദ്വയത്തിലേക്ക് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചതിന് പിന്നിലുള്ള ബിസിസിഐയുടെ ലക്ഷ്യവും ഒരു കിരീടം തന്നെ.

പല സുപ്രധാന ടൂര്‍ണമെന്റുകളിലേയും നോക്കൗട്ട് മത്സരങ്ങളില്‍ മുന്‍നിരയുടെ തകര്‍ച്ചയായിരുന്നു ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ തല്ലിക്കെടുത്തിയിരുന്നത്. നായകനായി ചുമതലയേറ്റ നാള്‍ മുതല്‍ രോഹിതിന്റെ ശ്രമം അത്തരമൊരു സാഹചര്യത്തെ മറികടക്കാന്‍ കഴിയുന്നവണ്ണം ഒരു ടീമിനെ വാര്‍ത്തെടുക്കുക എന്നതായിരുന്നു. ഇക്കാര്യം രോഹിത് തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഒരുപരിധി വരെ രോഹിതിന്റെ ശ്രമങ്ങള്‍ വിജയിച്ചിട്ടുള്ളതായാണ് സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നതും. ഇന്ത്യയുടെ ലോകകപ്പ് ടീമിലെ ഓള്‍റൗണ്ടര്‍മാരുടെ കടന്നുകയറ്റത്തിന് പിന്നിലും ഇതുതന്നെ കാരണം.

CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ
CWC2023 Team Focus |കിരീടം തിരിച്ചുപിടിക്കാന്‍ കംഗാരുപ്പട

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം നെറ്റിചുളിച്ചവരുടേയും വിമര്‍ശകരുടേയും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ ഏഷ്യ കപ്പ് കിരീടനേട്ടത്തിലൂടേയും ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തിലൂടേയും ഇന്ത്യയ്ക്ക് നല്‍കാനായിട്ടുണ്ട്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരുക്കിന്റെ പിടിയിലായിരുന്നിട്ടും ടീമില്‍ ഉള്‍പ്പെടുത്തിയതായിരുന്നു ആരാധകരെയടക്കം അന്ന് ചോടിപ്പിച്ചത്. പക്ഷെ തങ്ങളുടെ റോള്‍ എന്താണ് ബാറ്റുകൊണ്ടായിരുന്നു രാഹുലും ശ്രേയസും തെളിയിച്ചത്.

ഇനി ടീമിലേക്ക് വരാം, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ മുന്‍നിരയെ നയിക്കുന്നത്. 2019 ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി റെക്കോഡിട്ട രോഹിത് നിലവില്‍ മികച്ച ഫോമിലാണ്. രോഹിതിനൊപ്പം ഓപ്പണിങ്ങിനിറങ്ങുന്നത് യുവതാരം ശുഭ്മാന്‍ ഗില്ലും. ഇന്ന് ക്രിക്കറ്റില്‍ ഗില്ലിന്റെ ബാറ്റിന്റെ ചൂടറിയാന്‍ ഒരു ബൗളറും താല്‍പ്പര്യപ്പെടുന്നുണ്ടാകില്ല. അക്ഷരാര്‍ത്ഥത്തില്‍ 'റെ‍ഡ് ഹോട്ട്' ഫോമിലാണ് ഗില്‍. 2023ല്‍ മാത്രം ഗില്‍ നേടിയത് അഞ്ച് സെഞ്ചുറികളാണ്. രോഹിത് - ഗില്‍ കൂട്ടുകെട്ടിന്റെ ശരാശരി നൂറിനടത്താണെന്നതും ഇന്ത്യയുടെ സാധ്യതകള്‍ ഉയര്‍ത്തുന്നു.

CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ
CWC2023 Team Focus | സ്റ്റോക്സ് എന്ന എക്സ് ഫാക്ടറുമായി ഇംഗ്ലണ്ട്

വിരാട് കോഹ്ലിയും കൈകളില്‍ മൂന്നാം നമ്പര്‍ സുരക്ഷിതം. നിര്‍ണായക ടൂര്‍ണമെന്റുകളില്‍ കോഹ്ലിയുടെ ബാറ്റുകള്‍ ഏത് ദുഷ്കരമായ പിച്ചിലും റണ്‍സ് കണ്ടെത്തും. ലോകകപ്പിന് മുന്നോടിയായി താരം ഫോം വീണ്ടെടുത്തതും ബാറ്റിങ് നിരയെ കരുത്തുറ്റതാക്കുന്നു. ശ്രേയസ് അയ്യര്‍ അല്ലെങ്കില്‍ കെ എല്‍ രാഹുല്‍, ഇവരിലൊരാളായിരിക്കും നാലാം സ്ഥാനത്തിറങ്ങുക. നിലവിലെ ഫോമില്‍ ആരെ പരിഗണിക്കണമെന്നതില്‍ ടീമിനുള്ളില്‍ തന്നെ ആശയക്കുഴപ്പമുണ്ടാകും.

ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യക്കുമാകും ഫിനിഷര്‍മാരുടെ റോള്‍. ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഇഷാന്‍ - ഹാര്‍ദിക് സഖ്യമായിരുന്നു ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. എതിരാളികളെ അളന്നായിരിക്കും സൂര്യകുമാര്‍ യാദവിന് അവസരം ഒരുങ്ങുക. ഓസ്ട്രേലിയക്കെതിരായ രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ സൂര്യയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ
CWC2023 Team Focus| അട്ടിമറിക്കൊരുങ്ങി അഫ്ഗാന്‍ പട

പേസ് നിരയിലെ രോഹിതിന്റെ പ്രധാന ആയുധം മുഹമ്മദ് സിറാജ് - ജസ്പ്രിത് ബുംറ സഖ്യമായിരിക്കും. എതിരാളികളുടെ ശക്തിയനുസരിച്ചായിരിക്കും മുഹമ്മദ് ഷമി, ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരുടെ സാധ്യതകള്‍. ന്യൂബോളില്‍ ഷമി അപകടകാരിയാണെങ്കില്‍ ഷാര്‍ദ്ദൂല്‍ വിക്കറ്റ് വീഴ്ത്താന്‍ മത്സരത്തിന്റെ ഏത് സാഹചര്യത്തിലും രോഹിതിന് സമീപിക്കാവുന്ന താരമാണ്. ബാറ്റിങ്ങിലും സംഭാവന നല്‍കാന്‍ കഴിയുമെന്നത് ഷാര്‍ദ്ദൂലിന് മുന്‍തൂക്കമാണ്. ഹാര്‍ദിക് പാണ്ഡ്യ ശാരീരിക ക്ഷമത വീണ്ടെടുത്തതോടെ പേസ് ഓപ്ഷനുകള്‍ രോഹിതിന് മുന്നില്‍ നിരവധിയാകുന്നു.

സ്പിന്‍ നിരയില്‍ അക്സര്‍ പട്ടേലിന്റെ പരുക്ക് ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് ടീമിലേക്കുള്ള വാതില്‍ തുറന്ന് നല്‍കിയേക്കും. ഇടം കയ്യന്‍ ബാറ്റര്‍മാര്‍ അശ്വിന്റെ വരവില്‍ മുന്‍കരുതലെടുക്കുന്നത് നല്ലതാവും. ബൗളിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും രവീന്ദ്ര ജഡേജയുടെ ബാറ്റിങ്ങാണ് നിലവിലെ ആശങ്ക. താരം റണ്‍സ് കണ്ടാത്താതിരുന്നാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഏഷ്യ കപ്പില്‍ ജഡേജ ബാറ്റുകൊണ്ട് പരാജയമായിരുന്നു. മുന്‍നിര ഫോമിലായതിനാല്‍ മാത്രമാണ് ജഡേജയുടെ ബാറ്റിങ് പോരായ്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ബൗളിങ് നിരയിലെ എക്സ് ഫാക്ടര്‍ കുല്‍ദീപ് യാദവാണ്. ഏഷ്യ കപ്പിലെ പ്രകടനം കുല്‍ദീപിനെ ലോകകപ്പിനായി തയാറാക്കികഴിഞ്ഞു. ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരും ബൗളര്‍മാരുമെല്ലാം ഫോമിലാണ്, സമ്മര്‍ദത്തെ അതിജീവിച്ച് കളത്തില്‍ എത്രത്തോളം തിളങ്ങാനാകുമെന്നത് അനുസരിച്ചായിരിക്കും ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍.

ഇന്ത്യന്‍ ടീം

രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്.

ഇന്ത്യയുടെ മത്സരങ്ങള്‍

ഓസ്ട്രേലിയ - ഒക്ടോബര്‍ എട്ട്, ചെന്നൈ.

അഫ്ഗാനിസ്ഥാന്‍ - ഒക്ടോബര്‍ 11, ഡല്‍ഹി.

പാക്കിസ്ഥാന്‍ - ഒക്ടോബര്‍ 14, അഹമ്മദാബാദ്.

ബംഗ്ലാദേശ് - ഒക്ടോബര്‍ 19, പൂനെ.

ന്യൂസിലന്‍ഡ് - ഒക്ടോബര്‍ 22, ധര്‍മശാല.

ഇംഗ്ലണ്ട് - ഒക്ടോബര്‍ 29, ലഖ്നൗ.

ശ്രീലങ്ക - നവംബര്‍ രണ്ട്, മുംബൈ.

ദക്ഷിണാഫ്രിക്ക - നവംബര്‍ അഞ്ച്, കൊല്‍ക്കത്ത.

നെതര്‍ലന്‍ഡ്സ് - നവംബര്‍ 12, ബെംഗളൂരു.

logo
The Fourth
www.thefourthnews.in