CWC2023 Team Focus | കിരീടം കൈപ്പിടിയിലാക്കാന്‍ കിവികള്‍

CWC2023 Team Focus | കിരീടം കൈപ്പിടിയിലാക്കാന്‍ കിവികള്‍

ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ ന്യൂസിലന്‍ഡിന് കാര്യമായി തിളങ്ങാനായിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്
Updated on
1 min read

ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നവരെല്ലാം കെയ്ന്‍ വില്യംസണിന്റെ ന്യൂസിലന്‍ഡ് ടീം ഇത്തവണ കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. അല്ലെങ്കില്‍ കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പുകള്‍ ക്രിക്കറ്റ് ആരാധകരെ അത്തരമൊരു ചിന്തയിലേക്ക് എത്തിച്ചിട്ടുണ്ടാകാം. 2015ല്‍ ഓസ്ട്രേലിയയുടെ മികവിന് മുന്നിലായിരുന്നു കലാശപ്പോരില്‍ കിവികള്‍ക്ക് അടിതെറ്റിയത്. 2019ല്‍ ഇംഗ്ലണ്ടിനോട് നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും പൊരുതി ഒപ്പത്തിനൊപ്പം വന്നെങ്കിലും ബൗണ്ടറികളുടെ കണക്കില്‍ കിരീടം അകന്നുപോകുകയായിരുന്നു.

ക്രിക്കറ്റ് മൈതാനത്തോട്‌ വിടപറയും മുന്‍പ് ലോകകിരീടത്തില്‍ മൂത്തമിടാനുള്ള അവസാന അവസരമാണ് വില്യംസണ് മുന്നിലൊരുങ്ങിയിരിക്കുന്നത്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ ന്യൂസിലന്‍ഡിന് കാര്യമായി തിളങ്ങാനായിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്. ഏഷ്യയില്‍ നടന്ന മൂന്ന് ലോകകപ്പുകളില്‍ ഒന്നില്‍ മാത്രമാണ് ന്യൂസിലന്‍ഡ് സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളത്.

മുട്ടിനേറ്റ ഗുരുതര പരുക്കില്‍ നിന്ന് മുക്തിനേടുന്ന വില്യംസണിന്‌ തന്നെയാണ് നായകന്റെ ഉത്തരവാദിത്തങ്ങള്‍ ന്യൂസിലന്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിലേറ്റ പരുക്കിന് ശേഷം ഇതുവരെ വില്യംസണ്‍ കളത്തിലെത്തിയിട്ടില്ല. ലോകകപ്പില്‍ താരം കളിക്കുമോയെന്ന കാര്യത്തില്‍ പോലും അവ്യക്ത തുടരുകയാണ്. വില്യംസണിന്റെ ശാരീരികക്ഷമ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

CWC2023 Team Focus | കിരീടം കൈപ്പിടിയിലാക്കാന്‍ കിവികള്‍
CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ

നാല് ലോകകപ്പിന്റെ പരിചയസമ്പത്തുമായാണ് വില്യംസണിനോടൊപ്പം പേസ് ബോളര്‍ ടിം സൗത്തി എത്തുന്നത്. ട്രെന്റ് ബോള്‍ട്ട്, ഉപനായകന്‍ ടോം ലാഥം എന്നിവരുടെ മൂന്നാം ലോകകപ്പാണിത്. രച്ചിന്‍ രവീന്ദ്ര, മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, വില്‍ യങ് എന്നിവരാണ് ന്യൂസിലന്‍ഡ് ടീമിലെ കന്നിക്കാര്‍.

ഗ്ലെന്‍ ഫിലിപ്സായിരിക്കും ന്യൂസിലന്‍ഡ് നിരയിലെ തുറുപ്പുചീട്ട്. 2022 മുതല്‍ ന്യൂസിലന്‍ഡ് ടീമിലെ സ്ഥിരസാന്നിധ്യമാണ് ഗ്ലെന്‍ ഫിലിപ്സ്. എന്നാല്‍ ഒരു താരമെന്ന നിലയില്‍ വളരാനുള്ള അവസരമാണ് ലോകകപ്പിലൂടെ ഗ്ലെന്നിന് ഒരുങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ അടുത്തിടെ പൂര്‍ത്തിയായ ട്വന്റി 20 പരമ്പരയില്‍ ടീമിന്റെ ടോപ് സ്കോററായിരുന്നു ഗ്ലെന്‍. ഓഫ് ബ്രേക്ക് ബോളറായ ഗ്ലെന്‍ ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാള്‍ കൂടിയാണ്.

CWC2023 Team Focus | കിരീടം കൈപ്പിടിയിലാക്കാന്‍ കിവികള്‍
CWC2023 Team Focus | പോരാടി നേടിയ യോഗ്യതയുടെ കരുത്തുമായി ഓറഞ്ച്പട

ന്യൂസിലന്‍ഡ് ടീം

കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാഥം, ഡാരിൽ മിച്ചൽ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ്, രച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യങ്.

ന്യൂസിലന്‍ഡിന്റെ മത്സരങ്ങള്‍

ഇംഗ്ലണ്ട് - ഒക്ടോബര്‍ അഞ്ച്, അഹമ്മദാബാദ്.

നെതര്‍ലന്‍ഡ്സ് - ഒക്ടോബര്‍ ഒന്‍പത്, ഹൈദരാബാദ്.

ബംഗ്ലാദേശ് - ഒക്ടോബര്‍ 13, ചെന്നൈ.

അഫ്ഗാനിസ്ഥാന്‍ - ഒക്ടോബര്‍ 18, ചെന്നൈ.

ഇന്ത്യ - ഒക്ടോബര്‍ 22, ധര്‍മശാല.

ഓസ്ട്രേലിയ - ഒക്ടോബര്‍ 28, ധര്‍മശാല.

ദക്ഷിണാഫ്രിക്ക - നവംബര്‍ ഒന്ന്, പൂനെ.

പാക്കാസ്ഥാന്‍ - നവംബര്‍ നാല്, ബെംഗളൂരു.

ശ്രീലങ്ക - നവംബര്‍ ഒന്‍പത്, ബെംഗളൂരു.

logo
The Fourth
www.thefourthnews.in