CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍

CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഏകദിന ലോകകപ്പ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിരവൈരികളായ ഇന്ത്യയുടെ മണ്ണിലേക്ക് പാകിസ്താന്‍ എത്തുന്നത്
Updated on
2 min read

ഏഷ്യ കപ്പ് ടീമില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാകിസ്താന്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. പരുക്കേറ്റ യുവതാരം നസീം ഷായ്ക്ക് പകരക്കാരനായി ഹസന്‍ അലി എത്തി. ബാക്കിയെല്ലാം പ്രതീക്ഷിച്ചപോലെ തന്നെയായിരുന്നു. മോശം ഫോമിലുള്ള താരങ്ങളെ ഒഴിവാക്കതെ നിലവിലെ ടീമിന്റെ ഒത്തിണക്കത്തില്‍ വിശ്വാസമര്‍പ്പിച്ചുള്ള ധൈര്യപൂര്‍മായ പ്രഖ്യാപനമെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം. പ്രധാനമായ ഒരു പോരായ്മ ഇന്ത്യയ്ക്ക് രോഹിത്, കോഹ്ലി എന്നപോലെ 10 വര്‍ഷത്തിന് മുകളില്‍ പരിചയസമ്പത്തുള്ള താരങ്ങള്‍ പാക് നിരയില്‍ ഇല്ല എന്നതാണ്.

ലോക ഒന്നാം നമ്പര്‍ ഏകദിന ബാറ്ററായ ബാബര്‍ അസം നയിക്കുന്ന ടീമില്‍ ഫഖര്‍ സമാനും ഇമാം ഉള്‍ ഹഖുമായിരിക്കും ഓപ്പണര്‍മാര്‍. ഇമാം ഭേദപ്പെട്ട ഫോമിലാണെങ്കിലും ഫഖറിന്റെ കാര്യം മറിച്ചാണ്. ഏഷ്യ കപ്പില്‍ ഒരു മത്സരത്തില്‍ പോലും ഫഖറിന് തിളങ്ങാനായിരുന്നില്ല. 16.25 മാത്രമാണ് താരത്തിന്റെ ശരാശരി. എന്നാല്‍ ഏകദിനത്തില്‍ നീണ്ട ഇന്നിങ്സുകള്‍ കളിക്കാനുള്ള മികവ് ഫഖറിനെ തുണച്ചു. ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയുള്ള ഏക പാക് ബാറ്റര്‍ ഫഖറാണ്.

CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍
CWC2023 Team Focus | കിരീടം കൈപ്പിടിയിലാക്കാന്‍ കിവികള്‍

നായകന്‍ ബാബര്‍ മൂന്നാം സ്ഥാനത്തെത്തും. 2019 ലോകകപ്പ് പോലെയാകില്ല, കളി മെനയേണ്ടതിന്റെ ഉത്തരവാദിത്തക്കൂടുതല്‍ ബാബറിനുണ്ട്. ബാറ്റിങ് നിര കേന്ദ്രീകരിച്ചിരിക്കുന്നത് തന്നെ ബാബറിലാണ്. താരം അതിവേഗം പവലിയനിലേക്ക് മടങ്ങിയാല്‍ പാകിസ്താന് തിരിച്ചുവരവ് അല്‍പ്പം കഠിനമായിരിക്കും. മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, അഖ സല്‍മാന്‍ എന്നിവരായിരിക്കും ബാറ്റിങ് നിരയില്‍ പിന്നിലായി എത്തുക. ഫിനിഷിങ് ചുമതല ടീമിലെ ഏക ബിഗ് ഹിറ്ററായ ഇഫ്തിഖറിനാണ്. ഓള്‍ റൗണ്ടര്‍ കൂടിയായ ഷദാബിന്റെ സാന്നിധ്യവും ബാറ്റിങ് നിരയുടെ ആഴം വര്‍ധിപ്പിക്കുന്നു.

ഷദാബിനും മുഹമ്മദ് നവാസുമാണ് പ്രഥമ പരിഗണന ലഭിക്കുന്ന സ്പിന്നര്‍മാര്‍. എന്നാല്‍ മധ്യ ഓവറുകളില്‍ എതിര്‍ ടീമിന്റെ സ്കോറിങ് വേഗത തടയാനും വിക്കറ്റുകള്‍ എടുക്കാനും ഇരുവര്‍ക്കും ഏഷ്യ കപ്പില്‍ കഴിഞ്ഞിരുന്നില്ല. പാക് ബോളിങ് നിര നേരിടുന്ന ഏറ്റവും വലിയ പോരായ്മ ഇതാണ്. അഖ സല്‍മാനും ഇഫ്തിഖറിനും പാര്‍ട്ട് ടൈം ബോളര്‍മാരായി എത്താനും കഴിയുമെന്നത് ബാബറിന്റെ ഓപ്ഷനുകള്‍ നിരവധിയാക്കുന്നു.

CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍
CWC2023 Team Focus | പോരാടി നേടിയ യോഗ്യതയുടെ കരുത്തുമായി ഓറഞ്ച്പട

ഷഹീന് അഫ്രിദിക്കൊപ്പം ഹാരിസ് റൗഫ്, ഹസന്‍ അലി, മുഹമ്മദ് വസിമും ചേരുന്ന പേസ് നിരയെ നേരിടാന്‍ ലോകോത്തര ബാറ്റിങ് നിര പോലും ഭയപ്പെട്ടേക്കും. എന്നാല്‍ നസീമിന് പകരമുള്ള ഹസന്‍ അലിയുടെ വരവ് അവരുടെ വീര്യം കുറച്ചിട്ടുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയുന്ന താരമാണ് നസീം. ഹസനാകട്ടെ 135-140 പരിധിയില്‍ എറിയുന്ന താരമാണ്. അതുകൊണ്ട് തന്നെ ബാറ്റര്‍മാര്‍ക്ക് വേഗതയുടെ വെല്ലുവിളികള്‍ ഉണ്ടാകില്ല.

മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടു പാകിസ്താന്‍ ഒരു ഏകദിന ലോകകപ്പ് കിരീടം നേടിയിട്ട്. 1992ല്‍ ജേതാക്കളായതിന് ശേഷമുള്ള മികച്ച പ്രകടനം 1999ലാണ്, അന്ന് കലാശപ്പോരിലായിരുന്നു പാക് പട കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അവസാന നാലില്‍ എത്താന്‍ പോലും കഴിഞ്ഞില്ല.

CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍
CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ

പാക്കിസ്ഥാന്‍ ടീം

ബാബർ അസം, ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ആഖ സൽമാൻ, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ ഷാ അഫ്രിദി, മുഹമ്മദ് വസീം.

റിസര്‍വ് താരങ്ങള്‍: മുഹമ്മദ് ഹാരിസ്, സമാന്‍ ഖാന്‍, അബ്രര്‍ അഹമ്മദ്.

പാക്കിസ്ഥാന്റെ മത്സരങ്ങള്‍

നെതര്‍ലന്‍ഡ്സ് - ഒക്ടോബര്‍ ആറ്, ഹൈദരാബാദ്.

ശ്രീലങ്ക - ഒക്ടോബര്‍ 10, ഹൈദരാബാദ്.

ഇന്ത്യ - ഒക്ടോബര്‍ 14, അഹമ്മദാബാദ്.

ഓസ്ട്രേലിയ - ഒക്ടോബര്‍ 20, ബെംഗളൂരു.

അഫ്ഗാനിസ്ഥാന്‍ - ഒക്ടോബര്‍ 23, ചെന്നൈ.

ദക്ഷിണാഫ്രിക്ക - ഒക്ടോബര്‍ 27, ചെന്നൈ.

ബംഗ്ലാദേശ് - ഒക്ടോബര്‍ 31, കൊല്‍ക്കത്ത.

ന്യൂസിലന്‍ഡ് - നവംബര്‍ നാല്, ബെംഗളൂരു.

ഇംഗ്ലണ്ട് - നവംബര്‍ 11, കൊല്‍ക്കത്ത.

logo
The Fourth
www.thefourthnews.in