കപിലിന്റെ ചിറകില്‍ പറന്ന ടീം ഇന്ത്യ

കപിലിന്റെ ചിറകില്‍ പറന്ന ടീം ഇന്ത്യ

നായകന്‍ കപില്‍ ദേവ് സഹതാരങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണ് ഇന്ത്യയുടെ വിജയക്കുതിപ്പിനുള്ള ഇന്ധനമായത്
Updated on
3 min read

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടി ചരിത്രം കുറിച്ചിട്ട് നാലു പതിറ്റാണ്ടായി എന്നു വിശ്വസക്കാനാകുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക്, പ്രത്യേകിച്ച് അന്ന് ലോകകപ്പ് മത്സരങ്ങള്‍ ടെലിവിഷനില്‍ കാണുകയും റേഡിയോയില്‍ കേള്‍ക്കുകയും ചെയ്ത ആരാധകര്‍ക്ക് ആ നിമിഷങ്ങളുടെ ഓര്‍മകള്‍ ഇന്നും പുതുമയുള്ളതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ദിനമായി 1983 ജൂണ്‍ 25 എന്നും ഓര്‍മിക്കപ്പെടും. പ്രതികൂല സാഹചര്യങ്ങളെ എല്ലാം തോല്‍പിച്ചായിരുന്നു ആ ടീമിന്റെ നേട്ടമെന്ന് ഓര്‍മിക്കുമ്പോഴാണ് അതിന്റെ വ്യാപ്തി എത്രയോ വലുതാണെന്നു മനസിലാകുക.

ലോക ക്രിക്കറ്റില്‍ ഒന്നുമല്ലാത്തവരായി എത്തിയാണ് കപിലും സംഘവും കിരീടവുമായി മടങ്ങിയത്. അതിനു മുമ്പ് നടന്ന രണ്ടു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും കാര്യമായ മേല്‍വിലാസമുണ്ടാക്കാന്‍ അന്നേവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. ആകെ ഈസ്റ്റ് ആഫ്രിക്ക എന്ന കുഞ്ഞന്‍ ടീമിനെതിരേ നേടിയ ഒരു ജയത്തിന്റെ പിന്‍ബലം മാത്രമായിരുന്നു 83 ലോകകപ്പിനിറങ്ങുമ്പോള്‍ ടീം ഇന്ത്യക്കുണ്ടായിരുന്നത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിന്റെ അനുഭവപരിചയം കുറവുള്ളവരുടെ സംഘമായിരുന്നു അത്. 1981-82 സീസണില്‍ ഇംഗ്ലണ്ടിനെതിരേ സ്വന്തം മണ്ണില്‍ നേടിയ പരമ്പര വിജയവും കരുത്തരായ വെസ്റ്റിന്‍ഡീസ് പടയ്‌ക്കെതിരേ 1983 മാര്‍ച്ചില്‍ ബെര്‍ബൈസില്‍ നേടിയ വിഖ്യാത ജയവും ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ച്ചയുടെ പാതയിലാണെന്ന സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും കടുത്ത ആരാധകര്‍ പോലും ടീമിന് സാധ്യത കല്‍പിക്കാന്‍ തയാറായില്ല.

കപിലിന്റെ ചിറകില്‍ പറന്ന ടീം ഇന്ത്യ
കം ബാക്ക് മാൻ ഓഫ് ഇന്ത്യൻ ക്രിക്കറ്റ്’; ജിമ്മിയെന്ന കപിലിന്റെ 'സെക്കന്‍ഡ് ലെഫ്റ്റനെന്റ്'

ഇന്ത്യ‍ ഗ്രൂപ്പ് ഘട്ടം കടക്കുമോയെന്നു പോലും ആരാധകര്‍ക്ക് സംശയമായിരുന്നു. കാരണം കരുത്തരായ വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയയ്ക്കുമൊപ്പമായിരുന്നു ഇന്ത്യ ഗ്രൂപ്പില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും അതേ ചിന്തയായിരുന്നു. ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്ന തീയതി കഴിഞ്ഞ് യുഎസിലേക്ക് അവധിക്കാല സന്ദര്‍ശനങ്ങള്‍ വരെ ആസൂത്രണം ചെയ്തിരുന്നു ചില താരങ്ങള്‍.

നായകന്‍ കപില്‍ ദേവ് സഹതാരങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമാണ് ഇന്ത്യയുടെ വിജയക്കുതിപ്പിനുള്ള ഇന്ധനമായത്. ഒരു തവണ വെസ്റ്റിന്‍ഡീസിനെ തോല്‍പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു വീണ്ടും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് കപില്‍ ഓരോരുത്തരെയും പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ ആ വിശ്വാസം ഊട്ടിയുറപ്പിക്കാനും ടീമിനു കഴിഞ്ഞു. രണ്ടു തവണ ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനെ തകര്‍ത്തുകൊണ്ടു തന്നെ ഇന്ത്യ തുടങ്ങി. അതിലും മികച്ച തുടക്കം ടീമിന് ലഭിക്കാനില്ലായിരുന്നു. രണ്ടാം മത്സരത്തില്‍ ഗ്രൂപ്പിലെ നാലാമത്തെ ടീമായ സിംബാബ്‌വെയും വീഴ്ത്തിയ ഇന്ത്യ പൊടുന്നനെ തന്നെ ടൂര്‍ണമെന്റിലെ സംസാരവിഷയമായി.

കപിലിന്റെ ചിറകില്‍ പറന്ന ടീം ഇന്ത്യ
ചാമ്പ്യന്മാരിലെ ചാമ്പ്യൻ

എന്നാല്‍ ഈ രണ്ടു ജയങ്ങള്‍ നല്‍കിയ അമിത ആത്മവിശ്വാസം തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യം ഓസ്‌ട്രേലിയയോടും പിന്നീട് റിട്ടേണ്‍ മത്സരത്തില്‍ വിന്‍ഡീസിനോടും തോറ്റതോടെ കാര്യങ്ങള്‍ അവതാളത്തിലായി. പ്രവചിക്കപ്പെട്ടതു പോലെ ടീം ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്താകുമെന്ന നിലയലാണ് നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെയെ നേരിടാന്‍ ഇറങ്ങുന്നത്.

സമ്മര്‍ദ്ദം ടീമിന്റെ പ്രകടനത്തെ ബാധിച്ചതോടെ ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. വെറും 17 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി പുറത്തേക്കുള്ള പടിവാതിലില്‍ എത്തിനിന്ന ടീമിന്റെ രക്ഷകനായി നായകന്‍ അവതരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്നും ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഇന്നിങ്‌സുകളില്‍ ഒന്നായാണ് കപിലിന്റെ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്. കപില്‍ കുറിച്ച 175 നോട്ടൗട്ട് എന്ന സ്‌കോര്‍ ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ സെഞ്ചുറി മാത്രമായിരുന്നില്ല ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന അന്നത്തെ ലോക റെക്കോഡ് കൂടിയായിരുന്നു.

ടീമിന്റെ മനോഭാവം തന്നെ മാറ്റിമറിച്ച ജയമാണ് ഇന്ത്യ അന്നു കുറിച്ചത്. കപിലിന്റെ അസാമാന്യപ്രകടനവും ടീം ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവും ബ്രിട്ടീഷ് മാധ്യമങ്ങള്‍ ആഘോഷിച്ചു. അടുത്ത മത്സരത്തില്‍ 118 റണ്‍സിന് കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ക്കുകയും ചെയ്തതോടെ പൊതുവേ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ പ്രശംസിക്കാന്‍ പിശുക്ക് കാട്ടുന്ന ബ്രിട്ടീഷ് മാധ്യമങ്ങള്‍ 'കപില്‍സ് ഡെവിള്‍സ്' എന്ന വിശേഷണം നല്‍കിയാണ് ടീമിനെ വാഴ്ത്തിപ്പാടിയത്.

കപിലിന്റെ ചിറകില്‍ പറന്ന ടീം ഇന്ത്യ
അഴിഞ്ഞുപോയ ടവൽ, അടിച്ചെടുത്ത വിജയം

ഒട്ടുംപ്രതീക്ഷിക്കാതെയുള്ള സെമിഫൈനല്‍ പ്രവേശനം ഇന്ത്യന്‍ ടീമിനെയും മാറ്റിമറിച്ചു. ഇതുവരെ എത്തിയത് ഭാഗ്യമെന്നു കരുതി ആഹ്‌ളാദിക്കാതെ അസാധ്യമായത് സാധ്യമാക്കാന്‍ ഒറ്റക്കെട്ടായി പൊരുതാനുള്ള ആവേശമാണ് പിന്നീട് ടീമില്‍ കണ്ടത്. സെമിഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. ഗ്രൂപ്പ് റൗണ്ടില്‍ അഞ്ചു ജയവും ഒരു തോല്‍വിയുമായി ആധികാരികമായി സെമിയില്‍ കടന്ന ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ക്രിക്കറ്റ് വിദഗ്ധരാരും സാധ്യത കല്‍പിച്ചില്ല. വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട് ഫൈനലാണ് ഏവരും പ്രവചിച്ചത്. ഇംഗ്ലീഷ് ആരാധകര്‍ അതുകൊണ്ടു തന്നെ ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു.

പക്ഷേ ഇന്ത്യ രണ്ടും കല്‍പിച്ചായിരുന്നു. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനം തന്നെ ടീം പുറത്തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ മൂന്നിന് 141 എന്ന ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തില്‍. എന്നാല്‍ പിന്നീട് കൂട്ടത്തകര്‍ച്ച നേരിട്ടതോടെ ഇന്ത്യക്ക് 214 റണ്‍സ് എന്ന വിജയലക്ഷ്യമാണ് ലഭിച്ചത്. കിട്ടിയ അവസരം ഇന്ത്യ നന്നായി ഉപയോഗിക്കുകയും ചെയ്തു. ആറു വിക്കറ്റ് വിജയത്തോടെ ഇന്ത്യ ഫൈനലില്‍.

ആരാധകര്‍ക്ക് അവിശ്വസനീയമായിരുന്നു അത്. ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്താന്‍ ഇനി ഒരു പടികൂടി മാത്രം. ചരിത്രത്തിലേക്ക് ഒരു കൈയകലം. പക്ഷേ ആ നേട്ടത്തിലേക്ക് എത്താന്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് നേരിടേണ്ടിയിരുന്നത്. കാരണം എതിരാളികളായി അപ്പുറത്തുള്ളത് സാക്ഷാല്‍ വെസ്റ്റിന്‍ഡീസാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പിന്നീട് തുടരെ ആറു മത്സരങ്ങള്‍ ആധികാരികമായി ജയിച്ചാണ് അവര്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലിന് ഇറങ്ങുന്നത്.

സ്വാഭാവികമായും ഏവരും വിന്‍ഡീസിന് സാധ്യത കല്‍പിച്ചു. ക്ലൈവ് ലോയ്ഡും സംഘവും ഹാട്രിക് കിരീടം നേടുമെന്ന പ്രവചനം. ഫൈനലില്‍ ആദം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സില്‍ ഒതുങ്ങിയതോടെ ആ വിശ്വാസം ഉയരുകയും ചെയ്തു. വിവ് റിച്ചാര്‍ഡ്‌സിന്റെ തകര്‍പ്പന്‍ ഫോമിന്റെ മികവില്‍ വിന്‍ഡീസ് രണ്ടിന് 57 എന്ന മികച്ച നിലയിലെത്തുകയും ചെയ്തു. അപ്പോഴായിരുന്നു ആ ക്യാച്ച്. പിന്നീട് ക്രിക്കറ്റ് മൈതാനങ്ങളില്‍ ഏറെയേറെ പാടിപുകഴ്ത്തിക്കേട്ട ക്യാച്ച്. 25 വാരയോളം പിന്നോട്ട് ഓടി റിച്ചാര്‍ഡ്‌സിന്റെ ഷോട്ട് കപില്‍ കൈപ്പിടിയില്‍ എത്തിയതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് ജീവന്‍ വച്ചു.

റിച്ചാര്‍ഡ്‌സ് മടങ്ങിയ ശേഷം പിന്നീട് വിന്‍ഡീസ് കൂട്ടത്തകര്‍ച്ച നേരിട്ടു. ക്ഷണനേരത്തില്‍ ആറിന് 76 എന്ന നിലയിലേക്ക് കരുത്തരായ വിന്‍ഡീസ് വീണതോടെ ഇന്ത്യ പിടിമുറുക്കി. മൊഹീന്ദര്‍ അമര്‍നാഥിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ മികവില്‍ ഒടുവില്‍ വിന്‍ഡീസിനെ 140-ല്‍ ഒതുക്കി ഇന്ത്യക്ക് 43 റണ്‍സിന്റെ ഐതിഹാസിക ജയം.

പിന്നീട് ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചതൊക്കെ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഓരോ ഇന്ത്യന്‍ ആരാധകന്റെയും മനസില്‍ പാടിപ്പതിഞ്ഞു കഴിഞ്ഞു. മൈക്കല്‍ ഹോള്‍ഡിങ് അമര്‍നാഥിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുന്നതും ആര്‍ത്തിരമ്പി ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകര്‍ക്കു മുന്നിലൂടെ വിജയാഹ്‌ളാദത്തോടെ ഇന്ത്യന്‍ താരങ്ങള്‍ ഓടി പവലിയനില്‍ കയറുന്നതും വിഖ്യാതമായ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ കപില്‍ കിരീടം ഏറ്റുവാങ്ങുന്നതും, നാട്ടില്‍ തിരിച്ചെത്തിയ ഹീറോകള്‍ക്ക് നല്‍കിയ സ്വീകരണവും, പ്രധാനമന്ത്രി ഗാന്ധി നല്‍കിയ വിരുന്നുമെല്ലാം ആരാധകരുെട മനസില്‍ തിളങ്ങുന്ന ഓര്‍മയായി ഉണ്ട്. കാലം ഏറെ കടന്നുപോയി പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ഏറെ വളര്‍ന്നു, പക്ഷേ 1983 ജൂണ്‍ 25 എന്ന ദിനത്തിന്റെ പ്രഭ ഒളിമങ്ങാതെ എന്നുമുണ്ടാകും. കാരണം ആ ദിനമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചത്.

logo
The Fourth
www.thefourthnews.in