അന്ന് കിരീടം ഉയർത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റ് മുരടിച്ചുപോയേനെ
വലിയ താരങ്ങളെ ടിവിയില്‍ കാണുമ്പോള്‍ നമ്മളും ഡ്രീം ചെയ്യില്ലേ അവരെപ്പോലെ ആകണമെന്ന്, ലോകകിരീടം ജയിച്ച ആ വലിയ ടീമിന്റെ ഭാഗമാകണമെന്ന് ഏത് കൊച്ചുകുട്ടിയും ആഗ്രഹിക്കും. പതിനാലുകാരനായ എന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ നിറം നല്‍കിയത് ആ ലോകകപ്പാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇന്ത്യ അന്ന് കിരീടം നേടുന്നത്. ലോക ക്രിക്കറ്റ് ഭൂപടത്തില്‍ അക്കാലത്ത് ഇന്ത്യ എവിടെയും ഉണ്ടായിരുന്നില്ല. തൊട്ടു മുന്നിലെ രണ്ട് ലോകകപ്പുകളിലും അമ്പേ പരാജയപ്പെട്ടുപോയ ടീം. അങ്ങനെയൊരു സാഹചര്യത്തില്‍ വമ്പന്മാരെ കീഴ്‌പ്പെടുത്തി കപിലും സംഘവും ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേടി എന്നത് അവിശ്വസനീയമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റിയെഴുതുകയായിരുന്നു 1983 ജൂണ്‍ 25.
കപില്‍ദേവും സംഘവും കിരീടമുയര്‍ത്തുന്നത് ദൂരദര്‍ശനില്‍ കണ്ട ആളാണ് ഞാന്‍. ലോകകപ്പ് ജയിക്കുന്ന ആ ഒരു രംഗം ഇന്നും ഓര്‍മയിലുണ്ട്. മൊഹീന്ദര്‍ അമര്‍നാഥ് വെസ്റ്റ് ഇന്‍ഡീസിന്റെ അവസാന വിക്കറ്റെടുത്തതും സഹതാരങ്ങള്‍ സ്റ്റമ്പ് പിഴുത് ആഹ്‌ളാദത്തോടെ അദ്ദേഹത്തിന് പുറകെ ഓടുന്നതും, ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാം നേടിയ ഇന്ത്യക്കാരുടെ ആരവവും, അവസാനം ഒരുപാട് കൊതിച്ച ലോകകിരീടം ക്യാപ്റ്റന്‍ കപില്‍ ഏറ്റുവാങ്ങുന്നതും കപിലിന്റെ ചെകുത്താന്മാരുടെ ആഹ്ലാദപ്രകടനവുമെല്ലാം മറക്കാന്‍ പറ്റാത്ത അനുഭവമാണ്. ദൂരദര്‍ശനില്‍ അവരുടെ മറ്റ് പരുപാടികള്‍ക്കിടയിലാണ് അന്ന് കളി സംപ്രേക്ഷണം ചെയ്തിരുന്നത്. സെമി ഫൈനലിന്റെയും ഫൈനലിന്റെയും ഭാഗങ്ങള്‍ ടിവിയില്‍ കണ്ടു. 6 മണിക്കും 9 മണിക്കും ഇടയില്‍ ദൂരദര്‍ശന്‍ മറ്റു പരിപാടികള്‍ ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് റേഡിയോ കമന്ററി ആയിരുന്നു ആശ്രയം.
ഇന്ത്യ അന്ന് ഫൈനലില്‍ വരുമെന്ന് പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല, വിന്‍ഡീസ് തോല്‍വിയറിയാതെ മുന്നേറിയ ശക്തരായ ടീമായിരുന്നു. ആ ടീമിനെ ആദ്യ മാച്ചില്‍ തോല്‍പ്പിച്ചപ്പോള്‍ തന്നെ ഇന്ത്യക്കാര്‍ വിജയം സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. വലിയ ടീമുകളെ അട്ടിമറിച്ചാണ് ഇന്ത്യ ലക്ഷ്യത്തിലേക്കെത്തിയത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഓള്‍ റൗണ്ടര്‍മാരുടെ മികവ് തന്നെയാണ് വിജയത്തിന് നിര്‍ണായകമായത്. അവിടുന്ന് ഇങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പരിവര്‍ത്തനങ്ങളുടെ കാലമായിരുന്നു. ഒരുപക്ഷേ ആ ലോകകപ്പ് അന്ന് ജയിച്ചില്ലായിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ഇത്രമാത്രം ശക്തമാകുമായിരുന്നോ എന്ന് സംശയമാണ്. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അഞ്ച് ലക്ഷം രൂപ കൊടുത്താലേ ദൂരദര്‍ശനില്‍ മാച്ച് ടെലിക്കാസ്റ്റ് ചെയ്യുമായിരുന്നുള്ളു. അവിടെ നിന്ന് കളിക്കിടയില്‍ ഒരു 10 സെക്കന്റ് പരസ്യം പോലും കാണിക്കാന്‍ ലക്ഷക്കണക്കിന് രൂപ പരസ്യക്കമ്പനികള്‍ ബിസിസിഐയ്ക്ക് നല്‍കേണ്ടി വരുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. 83 ന് ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റിൻ്റെ വളർച്ച എത്രമാത്രം എന്ന് ഇതിലൂടെ തന്നെ വ്യക്തമാകും.
1987 ല്‍ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കാരണമായതും 83-ലെ വിജയമാണ്. അതുവരെയുള്ള ലോകകപ്പുകളൊക്കെ ഇംഗ്ലണ്ടില്‍ വച്ചാണ് നടത്തിയിരുന്നത്. 87-ല്‍ ആദ്യമായാണ് ഇംഗ്ലണ്ടിന് പുറത്ത് ഒരു രാജ്യം ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അതിനു ശേഷവും പലതവണ ഇന്ത്യയിലേക്ക് ലോകകപ്പ് വിരുന്നു വന്നു. എല്ലാ മേഖലയിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. ആ ഒരു കാലഘട്ടത്തില്‍ പുറത്ത് നിന്നുള്ള വലിയ താരങ്ങള്‍ക്കൊന്നും ഇന്ത്യയിലേക്ക് കളിക്കാന്‍ വരാന്‍ താല്പര്യമുണ്ടായിരുന്നില്ല. ഇന്ത്യയിലെ താമസസൗകര്യവും ഭക്ഷണവും മോശമാണെന്ന് പറഞ്ഞ് അവര്‍ ഇവിടെ നടക്കുന്ന മത്സരങ്ങളെല്ലാം ബഹിഷ്‌കരിച്ചിരുന്ന സമയമുണ്ടായിരുന്നു.
1987 ല്‍ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ കാരണമായതും ആ ലോകകപ്പ് വിജയമാണ്
1979ല്‍ വിന്‍ഡീസ് ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോള്‍ വലിയ താരനിരയൊന്നും ഉണ്ടായിരുന്നില്ല, പകരം അവര്‍ സെക്കന്‌റ് ടീമിനെയാണ് ഇവിടേക്ക് അയച്ചത്. അങ്ങനെയൊരു കാലഘട്ടത്തില്‍ നിന്ന് ഇന്ത്യ ഇന്ന് ക്രിക്കറ്റിലെ വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞു. മാര്‍ക്കറ്റിങ്ങിലും നമ്മള്‍ മുന്നേറി. ഇന്ത്യ എവിടെ കളിച്ചാലും കാണാന്‍ കാണികള്‍ ഒഴുകിത്തുടങ്ങിയതും 83 ന് ശേഷമാണ്. ഇന്ത്യയിലെ ക്രിക്കറ്റിന്റെ കാഴ്ച്ചപ്പാട് മൊത്തത്തില്‍ മാറുകയായിരുന്നു. പലയിടത്തും കളിക്കാന്‍ പോകുന്നു എന്നതില്‍ നിന്ന് ആതിഥേയത്വം വഹിക്കുക എന്ന നിലയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറി.
ഏകദിന ക്രിക്കറ്റ് ഇന്ത്യയില്‍ സജീവമാകുന്നത് 83 ലോകകപ്പ് വിജയത്തിന് ശേഷമാണ്. അല്ലെങ്കില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രം ഒതുങ്ങിപ്പോയേനെ എന്ന് പലതവണ തോന്നിയിട്ടുണ്ട്. അന്ന് ടെസ്റ്റിലായിരുന്നു ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എനിക്ക് തോന്നുന്നില്ല ഇന്ത്യ അന്ന് ജയിച്ചില്ലായിരുന്നെങ്കില്‍ രാജ്യത്ത് ഏകദിന ക്രിക്കറ്റിന് ഇത്രത്തോളം മുന്‍തൂക്കം ലഭിക്കുമെന്ന്. ഇത്രയും ലോകകപ്പ് ഇവിടെ നടത്തുമായിരുന്നോ എന്ന് പോലും സംശയമാണ്.
കേരളത്തില്‍ 80-90 കാലഘട്ടത്തിലൊന്നും ക്രിക്കറ്റെന്ന കായിക ഇനത്തെപ്പറ്റി ആർക്കും വലിയ അറിവില്ലായിരുന്നു. ഫുട്‌ബോളും വോളിബോളും ബാസ്‌ക്കറ്റ് ബോളുമൊക്കെയായിരുന്നു അന്ന് ഇവിടെ സജീവമായി ഉണ്ടായിരുന്നത്. ഞാന്‍ കളിച്ചു തുടങ്ങിയ സമയത്ത് ക്രിക്കറ്റില്‍ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെപ്പോലുള്ളവര്‍ അന്ന് ക്രിക്കറ്റ് കളിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശം ജോലി മാത്രമായിരുന്നു. കേരളാ ടീമില്‍ എത്തിപ്പെട്ടാല്‍ ബാങ്കിലൊക്കെ ജോലി കിട്ടും എന്ന ലക്ഷ്യമായിരുന്നു മുന്നില്‍. ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നതൊക്കെ വിദൂരസ്വപ്‌നം മാത്രമായിരുന്നു. ഇന്ന് അതൊക്കെ ഒരുപാട് മാറി, ടിനുവും ശ്രീശാന്തുമൊക്കെ ദേശീയ ടീമില്‍ കളിച്ചു. നമ്മുടെ സഞ്ജു ഇപ്പോള്‍ ഏകദിന ടീമിന്റെ ഭാഗമാണ്. ഐപിഎല്ലില്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ കൂടുതലായി കയറിത്തുടങ്ങി. ഇവരുടെയൊക്കെ ക്രിക്കറ്റ് പ്രവേശനത്തിന്റെ പുറകില്‍ ഒരു കാരണം ഇന്ത്യയുടെ ലോകകപ്പ് വിജയം തന്നെ ആയിരിക്കും.