റൂട്ടിന് സെഞ്ചുറി; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്, ഏഴിന് 302
ഇന്ത്യ-ഇംഗ്ലണ്ട് ടെസറ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറില്‍. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തിന്റെ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ മുന്‍ നായകന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് തുണയായത്. കളിനിര്‍ത്തുമ്പോള്‍ 226 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 106 റണ്‍സുമായി റൂട്ട് ക്രീസിലുണ്ട്. 31 റണ്‍സുമായി വാലറ്റ താരം ഒലി റോബിന്‍സണാണ് കൂട്ട്.
റൂട്ടിനു പുറമേ 126 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 47 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ്, 42 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ ഓപ്പണര്‍ സാക് ക്രോളി, 35 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 38 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.
കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ്(11), മധ്യനിരം ഒലി പോപ്പ്(0), നായകന്‍ ബെന്‍ സ്‌റ്റോക്‌സ്(3) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതെ പോയത് അവര്‍ക്ക് തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ അഞ്ചിന് 112 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ റൂട്ട്-ഫോക്‌സ് സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 113 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ ഫോക്‌സിനെ വീഴ്ത്തി പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.
ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ആകാശ് ദീപാണ് ബൗളിങ്ങില്‍ തിളങ്ങിയത്. തന്റെ കന്നി മത്സരത്തിന്റെ ആദ്യദിനം 17 ഓവര്‍ എറിഞ്ഞ ആകാശ് 70 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റാണ് വീഴ്ത്തിയത്. സിറാജ് രണ്ടു വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഇരുടീമുകളും മാറ്റങ്ങളോടെയാണ് നാലാം ടെസ്റ്റിന് ഇറങ്ങിയത്. ഇന്ത്യന്‍ നിരയില്‍ വിശ്രമം അനുവദിച്ച സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പകരം ആകാശ് ദീപ് അരങ്ങേറ്റം കുറിച്ചു. കോച്ച് രാഹുല്‍ ദ്രാവിഡാണ് ആകാശിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. മറുവശത്ത് മൂന്നാം ടെസ്റ്റിലെ ഇലവനില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ലെഗ്‌സ്പിന്നര്‍ റെഹാന്‍ അഹമ്മദിന് പകരം ഓഫ് സ്പിന്നര്‍ ഷോയ്ബ് ബഷീറും പേസര്‍ മാര്‍ക്ക് വുഡിനു പകരം പേസര്‍ ഒലി റോബിന്‍സണും ആദ്യ ഇലവനില്‍ തിരിച്ചെത്തി.