അപരാജിത മുംബൈ; യു പി വാരിയേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

അപരാജിത മുംബൈ; യു പി വാരിയേഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു

33 പന്തില്‍ ഒന്‍പത് ബൗണ്ടറികളും ഒരു സിക്‌സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം
Updated on
1 min read

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തോളിലേറി മുംബൈ ഇന്ത്യന്‍സിന് വനിതാ പ്രീമിയര്‍ ലീഗില്‍ നാലാം ജയം. എട്ട് വിക്കറ്റുകള്‍ക്കാണ് മുംബൈ യു പി വാരിയേഴ്‌സിനെ തോല്‍പ്പിച്ചത്. യു പി മുന്നില്‍വച്ച 160 എന്ന വിജയലക്ഷ്യം 17.3 ഓവറില്‍ മുംബൈ മറികടന്നു. 33 പന്തില്‍ ഒന്‍പത് ബൗണ്ടറികളും ഒരു സിക്‌സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് കളിയിലെ താരം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ യു പിയ്ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറില്‍ ആറ് റണ്ണെടുത്ത് ദേവികാ വൈദ്യ പുറത്തായെങ്കിലും ക്രീസില്‍ നിലയുറപ്പിച്ച നായിക അലീസ ഹീലിയും കിരണ്‍ നവ്ഗിരെയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, അമേലിയ കെറിന്റെ പന്തില്‍ 14 പന്തില്‍ 17 റണ്‍സെടുത്ത് കിരണ്‍ നവ്ഗിരെ പുറത്താകുകയായിരുന്നു. പിന്നാലെ ഇറങ്ങിയ താലിയ മഗ്രാത്ത്, അലീസയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരുടെയും അര്‍ധ സെഞ്ചുറിയില്‍ യു പി സ്‌കോര്‍ ഉയര്‍ത്തി.

46 പന്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സുമായി 58 റണ്‍സെടുത്ത അലീസ ഹീലിയെ എല്‍ബിഡബ്ല്യു ആക്കി സൈക ഇസ്ഹാഖ് ആ കൂട്ടുകെട്ട് തകര്‍ത്തു. അതേ ഓവറില്‍ തന്നെ ഇസ്ഹാഖ്, മഗ്രാത്തിനെയും പുറത്താക്കിയതോടെ യു പിയ്ക്ക് വലിയ ആഘാതമായി. പിന്നീട് ഇറങ്ങിയവര്‍ക്കൊന്നും തിളങ്ങാന്‍ കഴിയാതെ വന്നതോടെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 എന്ന സ്‌കോറില്‍ യു പിയുടെ ഇന്നിങ്‌സ് അവസാനിച്ചു. സൈക ഇസ്ഹാഖ് മൂന്ന് വിക്കറ്റും അമേലിയ കര്‍ രണ്ട് വിക്കറ്റും ഹെയ്‌ലി മാത്യൂസ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചു. ഒരു സിക്‌സും എട്ട് ബൗണ്ടറികളുമായി 27 പന്തില്‍ 42 റണ്‍സെടുത്ത യാസ്തിക ഭാട്ടിയ ആണ് ബാറ്റിങിന് അടിത്തറ പാകിയത്. എന്നാല്‍ രാജേശ്വരി ഗെയ്ക്വാദിന്റെ പന്തില്‍ യാസ്തികയുടെ ഇന്നിങ്‌സ് അവസാനിച്ചു. പിന്നാലെ ഹെയ്‌ലി മാത്യൂസിനെ സോഫി എക്ലെസ്റ്റോണും പുറത്താക്കി. പിന്നീട് പുറത്താകാതെ നിന്നു.

നാറ്റ് സ്‌കീവര്‍ ബ്രെന്റിന്റെയും നായിക ഹര്‍മന്‍പ്രീത് കൗറിന്റെയും തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ യു പിയെ തോല്‍പ്പിച്ചത്. ആറ് ബൗണ്ടറികളും ഒരു സിക്‌സും പറത്തി ബ്രെന്റ് 31 പന്തില്‍ 45 റണ്‍സെടുത്തു.

logo
The Fourth
www.thefourthnews.in