യശ്പാല്‍ ശര്‍മ; ടീം ഇന്ത്യയുടെ 'ക്രൈസിസ് മാന്‍', 83-ലെ വാഴ്ത്തപ്പെടാത്ത പോരാളി

യശ്പാല്‍ ശര്‍മ; ടീം ഇന്ത്യയുടെ 'ക്രൈസിസ് മാന്‍', 83-ലെ വാഴ്ത്തപ്പെടാത്ത പോരാളി

കപിലിന്റെ 'ചെകുത്താന്‍' പടയിലെ എണ്ണം പറഞ്ഞ കരുത്തന്മാരില്‍ ഒരാളായിരുന്നു യശ്പാല്‍ ശര്‍മ. ഇന്ത്യയുടെ അന്നത്തെ ആ ലോകകപ്പ് വിജയത്തിനു പിന്നില്‍ യശ്പാലിന്റെ പങ്ക് ചെറുതല്ല
Updated on
3 min read

ഇന്ത്യന്‍ കായിക ചരിത്രത്തിലെ സുപ്രധാന ഏടാണ് 1983-ല്‍ 'കപിലിന്റെ ചെകുത്താന്മാര്‍' നേടിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയം. ക്രിക്കറ്റ് മൈതാനത്ത് പിച്ചവച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുളളു അന്ന് ഇന്ത്യ. അങ്ങനയൊരു ടീം ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ വമ്പന്മാരെ മറികടന്ന് കിരീടമുയര്‍ത്തുമെന്ന് കടുത്ത ഇന്ത്യന്‍ ആരാധകര്‍ പോലും കരുതിയുന്നില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച ഇന്ത്യ ആ ലോകകപ്പിലെ കറുത്ത കുതിരകളായി തങ്ങളുടെ കന്നി ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടു. അന്ന് കപിലിന്റെ 'ചെകുത്താന്‍' പടയിലെ എണ്ണം പറഞ്ഞ കരുത്തന്മാരില്‍ ഒരാളായിരുന്നു യശ്പാല്‍ ശര്‍മ. ഇന്ത്യയുടെ അന്നത്തെ ആ ലോകകപ്പ് വിജയത്തിനു പിന്നില്‍ യശ്പാലിന്റെ പങ്ക് ചെറുതല്ല

80 കളില്‍ ഇന്ത്യന്‍ മധ്യനിരയുടെ നെടുംതൂണായിരുന്ന യശ്പാല്‍ ടീം ഇന്ത്യയുടെ 'ക്രൈസിസ് മാന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. 83-ലെ ലോകകപ്പ് വിജയം ഓര്‍മിക്കുമ്പോള്‍ കപിലിനെയും മൊഹീന്ദര്‍ അമര്‍നാഥിനെയുമൊക്കെ വാതോരാതെ പുകഴ്ത്തുന്ന പലരും മറന്നു പോയ പേരാണ് യശ്പാലിന്റേത്.

1983 ലോകകപ്പില്‍ പ്രബലരായ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ യശ്പാല്‍ അവിസ്മരണീയ പ്രകടനം പുറത്തെടുത്തു. അന്ന് നിലവിലെ ചാമ്പ്യന്മാരായിരുന്ന കരീബിയന്‍സിനെ 34 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലോകകപ്പ് പടയോട്ടത്തിന് തുടക്കമിടുമ്പോള്‍ യശ്പാലായിരുന്നു കളിയിലെ താരം. ലോകോത്തര ബൗളിങ് നിരയ്‌ക്കെതിരെ 89 റണ്‍സാണ് യശ്പാല്‍ ഓള്‍ഡ് ട്രാഫോഡില്‍ അടിച്ചെടുത്തത്.

യശ്പാല്‍ മാജിക്ക് അവിടെയും തീര്‍ന്നില്ല, ഓസ്ട്രേലിയയ്ക്കെതിരായ നിര്‍ണായക മത്സരത്തിലും യശ്പാലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലെ യശ്പാലിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. നായകന്‍ കപില്‍ ദേവ് മൂന്ന് വിക്കറ്റ് നേടുകയും ജിമ്മി അമര്‍നാഥ് 12 ഓവറില്‍ 2/27 എന്ന മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ ആതിഥേയര്‍ 213 റണ്‍സില്‍ ഒതുങ്ങി. കളി എളുപ്പമാകുമെന്ന് കരുതിയിടത്ത് ഇന്ത്യയ്ക്ക് ചെയറുതായൊന്ന് പിഴച്ചു.

ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ ഫൈനലിലേക്ക് കടക്കുമ്പോള്‍ 115 പന്തില്‍ 61 റണ്‍സ് നേടിയ യശ്പാലിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്ക് ഏറെ വിലപ്പെട്ടതാണ്

ഓപ്പണര്‍മാരായ സുനില്‍ ഗാവസ്‌കറും കൃഷ്ണമാചാരി ശ്രീകാന്തും കൂടാരം കയറിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അവിടെയായിരുന്നു മധ്യനിരയില്‍ യശ്പാലിന്‍രെ രംഗപ്രവേശനം. മൂന്നാം വിക്കറ്റില്‍ അമര്‍നാഥുമായി 92 റണ്‍സും പിന്നാലെ സന്ദീപ് പാട്ടീലുമായി 63 റണ്‍സിന്റെയും മാച്ച് വിന്നിങ് കൂട്ടുകെട്ട് സ്ഥാപിച്ചു. ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ ഫൈനലിലേക്ക് കടക്കുമ്പോള്‍ 115 പന്തില്‍ 61 റണ്‍സ് നേടിയ യശ്പാലിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്ക് ഏറെ വിലപ്പെട്ടതാണ്.

പഞ്ചാബിലെ ലുധിയാനയിലായിരുന്നു അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ പഞ്ചാബിന് വേണ്ടി 260 റണ്‍സ് നേടി ശ്രദ്ധപിടിച്ചു പറ്റി. വൈകാതെ യശ്പാലിന് മുന്നില്‍ സംസ്ഥാന ടീമിന്റെ വാതില്‍ തുറന്നു. ദുലീപ് ട്രോഫിയില്‍ ചന്ദ്രശേഖര്‍, പ്രസന്ന, വെങ്കിട്ടരാഘന്‍ സ്പിന്‍ ത്രയം അണിനിരന്ന ദക്ഷിണ മേഖലാ ടീമിനെതിരേ നേടിയ 173 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം. ഇറാനി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യശ്പാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചത്.

1978 ലാണ് യശ്പാല്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമിടുന്നത്. അന്നുമുതല്‍ ഏഴ് വര്‍ഷക്കാലം അദ്ദേഹം ഇന്ത്യയക്കായി 37 ടെസ്റ്റുകളും 42 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1978-ല്‍ സിയാല്‍കോട്ടില്‍ പാകിസ്താനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം തൊട്ടടുത്ത വര്‍ഷം ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റവും നടത്തി. ആദ്യ മത്സരങ്ങളിലൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും മധ്യനിരയില്‍ നിര്‍ഭയ മനോഭാവത്തില്‍ ബാറ്റ് പിടിക്കുന്ന യശ്പാല്‍ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. 1979 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചെങ്കിലും ഒറ്റ മത്സരം പോലും കളിക്കാനായില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം ടെസ്റ്റിലായിരുന്നു യശ്പാലിന്റെ കന്നി സെഞ്ചുറി.

1983 ലോകകപ്പിലെ മിന്നും പ്രകടനം യശ്പാലിന്റെ കരിയറിന് വഴിത്തിരിവാകുമെന്ന് കരുതിയവര്‍ക്ക് നിരാശയായിരുന്നു ഫലം. ലോകകപ്പിന് ശേഷം യശ്പാലിന്റെ ടെസ്റ്റ് കരിയര്‍ കൂപ്പുകുത്തി. പാക് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ഏകദിന ലോകകപ്പിന് പിന്നാലെ വിന്‍ഡീസിനെതിരെയായിരുന്നു അവസാന ടെസ്റ്റ്. ടെസ്റ്റ് കരിയറില്‍ രണ്ട് സെഞ്ചുറിയും ഒന്‍പത് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1606 റണ്‍സ് നേടി.

പാക് പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് യശ്പാല്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു

അദ്ദേഹത്തിന്റെ ഏകദിന കരിയര്‍ കുറച്ച് കാലം കൂടി മുന്നോട്ട് പോയി. 1984-85ല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനം ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് യശ്പാലിനെ ഇന്ത്യ തിരികെ വിളിച്ചില്ല. ഏകദിന കരിയറില്‍ 42 മത്സരങ്ങളില്‍നിന്ന് 28.48 ശരാശരിയില്‍ 883 റണ്‍സ് നേടി. ഇതില്‍ നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 1985ല്‍ തന്റെ 37ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ച യശ്പാല്‍ കുറച്ചുകാലം അമ്പയറായും, ഉത്തര്‍ പ്രദേശിന്റെ പരിശീലകനായും ദേശീയ ടീം സെലക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പഞ്ചാബിലെയും ഹരിയാനയിലെയും ക്രിക്കറ്റ് സമിതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഹരിയാന, റെയില്‍വേസ്, പഞ്ചാബ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള യശ്പാല്‍, 163 മത്സരങ്ങളില്‍നിന്ന് 21 സെഞ്ചുറികള്‍ സഹിതം 8933 റണ്‍സ് നേടി. പുറത്താകാതെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1992 ല്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2021 ജൂലൈ 13 ന് 66ാം വയസ്സിലാണ് യശ്പാല്‍ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

logo
The Fourth
www.thefourthnews.in