വനിതാ ഐ.പി.എല്‍; അഹമ്മദാബാദിനെ പൊന്നും വിലയ്ക്ക് വാങ്ങി അദാനി

വനിതാ ഐ.പി.എല്‍; അഹമ്മദാബാദിനെ പൊന്നും വിലയ്ക്ക് വാങ്ങി അദാനി

അഞ്ചു ഫ്രാഞ്ചൈസികളുടെ വില്‍പ്പനയിലൂടെ 4669 കോടി രൂപയാണ് ബി.സി.സി.ഐ. സ്വന്തമാക്കിയത്.
Updated on
1 min read

പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ കേരളത്തില്‍ നിന്നൊരു ടീമിനായുള്ള ശ്രമങ്ങള്‍ പാഴായി. വനിതാ ഐ.പി.എല്ലിലെ അഞ്ചു ഫ്രാഞ്ചൈസികള്‍ക്കായുള്ള ലേലം പൂര്‍ത്തിയായപ്പോള്‍ 1289 കോടി രൂപ ചിലവഴിച്ച് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കി അദാനി സ്‌പോര്‍ട്‌സ് ലൈന്‍ ഏറ്റവും കൂടുതല്‍ തുക ഗ്രൂപ്പായി.

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അഞ്ചു ഫ്രാഞ്ചൈസികളുടെ വില്‍പ്പനയിലൂടെ 4669 കോടി രൂപയാണ് ബി.സി.സി.ഐ. സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പിനു പുറമേ റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്(മുംബൈ), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(ബാംഗ്ലൂര്‍), ഡല്‍ഹി ക്യാപിറ്റല്‍സ്(ഡല്‍ഹി), കാപ്രി ഗ്ലോബല്‍ എന്നിവരാണ് മറ്റു ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.

പുരുഷ ഐ.പി.എല്‍. ടീം ഉടമകളായ ഏഴു ഫ്രാഞ്ചൈസികള്‍ ഉള്‍പ്പടെ 17 ഗ്രൂപ്പുകളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 16 ഗ്രൂപ്പുകള്‍ ലേലത്തില്‍ പങ്കെടുത്തു. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകളെ അതതു നഗരത്തില്‍ നിന്നുള്ള പുരുഷ ഐ.പി.എല്‍. ടീമുകളുടെ ഫ്രാഞ്ചൈസികള്‍ തന്നെ സ്വന്തമാക്കിയപ്പോള്‍ ലഖ്‌നൗ ടീമിനെയാണ് കാപ്രി ഗ്ലോബല്‍ സ്വന്തമാക്കിയത്.

മുംബൈ വനിതാ ടീമിനായി മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളായ ഇന്ത്യാവിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 912.99 കോടി ചിലവഴിച്ചപ്പോള്‍ ബംഗളുരു ടീമിനു വേണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 901 കോടിയും ഡല്‍ഹി ടീമിനു വേണ്ടി ഡല്‍ഹി ക്യാപിറ്റല്‍സ് 810 കോടിയും മുടക്കി. 757 കോടി രൂപയ്ക്കാണ് ലഖ്‌നൗ ടീമിനെ കാപ്രി ഗ്ലോബല്‍ നേടിയത്.

2008-ല്‍ പ്രഥമ പുരുഷ ഐ.പി.എല്ലിനു മുമ്പ് ടീം വില്‍പ്പനയിലൂടെ നേടിയ തുകയിലും കൂടുതലാണ് വനിതാ ഐ.പി.എല്‍. ടീമുകളുടെ വില്‍പ്പനയിലൂടെ ബി.സി.സി.ഐയ്ക്ക് ലഭിച്ചത്.

നേരത്തെ വനിതാ ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം വിറ്റതിലൂടെ 951 കോടി രൂപയും ബി.സി.സി.ഐയ്ക്ക് ലഭിച്ചിരുന്നു. അഞ്ചു വര്‍ഷക്കാലയളവിലേക്ക് വയകോം 18 ആണ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 7.09 കോടി രൂപയാണ് വയകോം ബി.സി.സി.ഐയ്ക്കു നല്‍കുക.

2023 മുതല്‍ 2027 സീസണ്‍ വരെയുള്ള സംപ്രേഷണാവകാശമാണ് വയകോം സ്വന്തമാക്കിയത്. എട്ടു കമ്പനികളാണ് സംപ്രേഷണാവകാശത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ലേലത്തില്‍ വയകോമും ഡിസ്നി സ്റ്റാറും മാത്രമാണ് പങ്കെടുത്തത്. ഈ വര്‍ഷം മാര്‍ച്ചിലാണ് വനിത ഐ.പി.എല്ലിന്റെ പ്രഥമ സീസണിന് തുടക്കമാകുക.

ലീഗ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ അന്തിമ പ്രഖ്യാപനമൊന്നും വന്നിട്ടില്ലെങ്കിലും മാര്‍ച്ച് അഞ്ചു മുതല്‍ 23 വരെയായിരിക്കുമെന്നാണ് അനൗദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുരുഷ ഐ.പി.എല്ലിന്റെ അതേ ഘടനയിലാണ് വനിതാ ലീഗും സംഘടിപ്പിക്കുന്നത്.

ലീഗ് റൗണ്ടില്‍ അഞ്ചു ടീമുകളും ഹോം-എവേ അടിസ്ഥാനത്തില്‍ രണ്ടു തവണ ഏറ്റുമുട്ടും. തുടര്‍ന്ന് പോയിന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയ ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫ് മത്സരവും ഒന്നും നാലും സ്ഥാനത്തെത്തിയ ടീമുകള്‍ തമ്മില്‍ എലിമിനേറ്റര്‍ പോരാട്ടവും നടക്കും. ഇതിലെ വിജയികള്‍ ഫൈനലില്‍ ഏറ്റുമുട്ടും.

logo
The Fourth
www.thefourthnews.in