'വ്യക്തിപരമായ കാരണങ്ങള്‍'; അഫ്ഗാനെതിരായ ആദ്യ ട്വന്റി20യില്‍ കോഹ്ലിയില്ല
അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലി കളിക്കില്ല. വ്യക്തിപരമായ കാരണത്തെ തുടർന്നാണ് കോഹ്ലി വിട്ടുനില്‍ക്കുന്നതെന്ന് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു. എന്നാല്‍ പരമ്പരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കോഹ്ലിയുണ്ടാകുമെന്നും ദ്രാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാളും നായകന്‍ രോഹിത് ശർമയുമായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ റിങ്കു സിങ്ങിന്റെ ട്വന്റി20 ലോകകപ്പ് സാധ്യതകളെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു.
"റിങ്കു മികച്ച രീതിയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കമിട്ടിരിക്കുന്നത്. ഒരു ഫിനിഷറിന്റെ റോളിനോട് റിങ്കു വേഗം പൊരുത്തപ്പെട്ടിരിക്കുന്നു. അതുതന്നെയാണ് റിങ്കുവില്‍ നിന്ന് പ്രതീക്ഷിക്കുന്നതും. അഫ്ഗാനിസ്താനെതിരായ പരമ്പരയും വരാനിരിക്കുന്ന ഐപിഎല്ലും റിങ്കുവിന് മികവ് ഉയർത്താനുള്ള അവസരങ്ങളാണ്. നല്ല പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന താരങ്ങളെ തീർച്ചയായും സെലക്ടർമാർ പരിഗണിക്കും," ദ്രാവിഡ് വ്യക്തമാക്കി.
ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയാണ് അഫ്ഗാനിസ്താനെതിരായത്. അടുത്ത ജൂണിലാണ് ലോകകപ്പിന് തുടക്കം.
"കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി ഐസിസി ടൂർണമെന്റുകളാണ് തുടർച്ചയായി സംഭവിച്ചത്. അതുകൊണ്ടുതന്നെ തയാറെടുപ്പുകള്‍ക്ക് മതിയായ സമയം ലഭിച്ചിരുന്നില്ല. എല്ലാ താരങ്ങള്‍ക്കും എല്ലാ സമയവും കളിക്കാനാകുന്ന സാഹചര്യമല്ല. എന്താണ് പ്രാധാന്യമർഹിക്കുന്നത്, അതനുസരിച്ചായിരിക്കും മുന്‍ഗണന നല്‍കുക. ഈ പരമ്പരതന്നെ പരിഗണിക്കുകയാണെങ്കില്‍ ജസ്പ്രിത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുന്‍നിർത്തിയാണ് തീരുമാനം," ദ്രാവിഡ് കൂട്ടിച്ചേർത്തു.
"കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുശേഷം മുന്‍ഗണന നല്‍കിയിരുന്നത് ഏകദിന ലോകകപ്പിനായിരുന്നു. ഏകദിന ലോകകപ്പിനുശേഷം ട്വന്റി20 ഫോർമാറ്റില്‍ ഒരുപാട് മത്സരങ്ങളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലിനേയും കുറച്ച് ആശ്രയിക്കേണ്ടിയിരിക്കുന്നു. എല്ലാവർക്കും ഒരുടീമില്‍ കളിക്കാനുള്ള അവസരങ്ങളുണ്ടാകില്ലെങ്കിലും അതിനോട് പൊരുത്തപ്പെട്ടുവേണം തയാറെടുപ്പുകള്‍ നടത്താന്‍," ദ്രാവിഡ് പറഞ്ഞു.