അരങ്ങേറ്റ ടെസ്റ്റില്‍ ആദ്യ പന്തില്‍ വിക്കറ്റ്; എലൈറ്റ് ക്ലബില്‍ ഇടം നേടി അഫ്ഗാന്‍ താരം
ടെസ്റ്റ് ക്രിക്കറ്റിൽ അഭിമാന നേട്ടവുമായി അഫ്ഗാനിസ്ഥാൻ യുവബൗളർ നിജാത് മസൂദ്. അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയാണ് നിജാത് താരമായത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ബംഗ്ലാ ഓപ്പണർ സക്കീർ ഹസനെ പുറത്താക്കിയാണ് നിജാത് നേട്ടത്തിന് അർഹനായത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടുന്ന ഏഴാമത്തെ മാത്രം ബൗളറും 2016ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറുമാണ് നിജാത്.
മിർപൂരിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു നേട്ടം. നിജാതിന്റെ പന്ത് സക്കീർ ഹസന്റെ ബാറ്റിന്റെ എഡ്ജിൽ തട്ടി വിക്കറ്റ് കീപ്പർ അഫ്സർ സസായിയുടെ കൈകളിൽ എത്തുകയായിരുന്നു. അമ്പയര്‍ ആദ്യം ഔട്ട് അനുവദിച്ചില്ല, പിന്നീട് റിവ്യൂ നല്‍കിയാണ് വിക്കറ്റ് നേട്ടം ഉറപ്പിച്ചത്.
1991ൽ റിച്ചാർഡ് ഇല്ലിങ്‌വര്‍ത്താണ് അരങ്ങേറ്റ ടെസ്റ്റിൽ ആദ്യ പന്തിൽ വിക്കറ്റ് നേടുന്ന ആദ്യ താരമായത്. പിന്നാലെ, 1997ൽ ഇന്ത്യന്‍ താരം നീലേഷ് കുൽക്കർണി, 2002ൽ ശ്രീലങ്കന്‍ താരം ചാമില ഗമഗെ, 2011ൽ ഓസ്‌ട്രേലിയന്‍ താരം നഥാൻ ലിയോണ്‍, ശ്രീലങ്കന്‍ താരം ഷാമിന്ദ ഇറാംഗ, ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ന്‍ പീഡിറ്റ്, 2016-ല്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ ഹാര്‍ഡ് വില്‍ജോന്‍ എന്നിവരാണ് നേട്ടത്തില്‍ നിജാത്തിന്റെ മുന്‍ഗാമികള്‍.
അതേസമയം, മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് ശക്തമായ നിലയിലാണ്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് എന്ന നിലയിലാണ് അവര്‍. സെഞ്ചുറി നേടിയ മധ്യനിര താരം നജ്മുല്‍ ഷാന്റോയുടെയും(146), അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മഹ്മദുള്‍ ഹസന്റെയും(76) പ്രകടനമാണ് അവര്‍ക്ക് തുണയായത്. ഒന്നിന് ആറെന്ന നിലയില്‍ പതറിയ അവരെ രണ്ടാം വിക്കറ്റില്‍ ഷാന്റോ-ഹസന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 212 റണ്‍സാണ് കരകയറ്റിയത്. കളിനിര്‍ത്തുമ്പോള്‍ 43 റണ്‍സുമായി മെഹ്ദി ഹസനും 41 റണ്‍സുമായി മുഷ്ഫിക്കര്‍ റഹീമുമാണ് ക്രീസില്‍.