'ഞങ്ങള്‍ക്കും അവസരമൊരുക്കൂ'; അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ ആഗ്രഹമറിയിച്ച് അഫ്ഗാൻ വനിത ടീം
രണ്ട് വര്‍ഷം മുന്‍പായിരുന്നു ഫിറൂസ അമിരി എന്ന പതിനെട്ടുകാരി അഫ്ഗാനിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. രാജ്യാന്തര ക്രിക്കറ്റില്‍ അഫ്ഗാനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങാനുള്ള അവസരത്തിനായി അവള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിതമായി സംഭവിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍ അവളുടെ സ്വപ്‌നങ്ങളെ ആകെ തകിടം മറിച്ചു. 2021 ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ അധികാരം താലിബാന്‍ പിടിച്ചടക്കിയതോടെ കായികരംഗത്തും വിദ്യാഭ്യാസത്തിലുമെല്ലാം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ട് അമീരിയും സംഘവും രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോള്‍ 25 ടീമംഗങ്ങള്‍ക്കൊപ്പം അമീരി ഓസ്‌ട്രേലിയയില്‍ തന്നെയാണ് താമസിക്കുന്നത്
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ അമീരിയും കുടുംബവും അവിടെ നിന്ന് പലായനം ചെയ്ത് പാകിസ്താനിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മാറി. ഇപ്പോള്‍ 25 ടീമംഗങ്ങള്‍ക്കൊപ്പം അമീരി ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. അഫ്ഗാന്‍ പുരുഷ ടീം ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായി തുടരുന്നുണ്ടെങ്കിലും വനിതാ ടീമിന്റെ വിലക്ക് തുടരുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് അധികാരികളോടും ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തിലെ ഒയാസിസില്‍ നിന്നുള്ളവരായിരുന്നു അമീരിയും കുടുംബവും. അഫ്ഗാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലായതോടെയാണ് എല്ലാം ഉപേക്ഷിച്ച് അവര്‍ക്ക് അവിടെ നിന്നും നാടുവിടേണ്ടി വന്നത്. അമീരിയുടെ അവസ്ഥ തന്നെയാണ് മറ്റൊരു സഹതാരം ഫ്രിബ ഹോട്ടക്കിനും. കുടുംബത്തെ പോലും ഉപേക്ഷിച്ചാണ് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ അവര്‍ ഓസീസിലെത്തുന്നത്. താലിബാന്‍ അധികാരത്തിലേറ്റതിനു പിന്നാലെ അവര്‍ ബാറ്റും മറ്റ് ക്രിക്കറ്റ് ഉപകരണങ്ങളുമെല്ലാം കത്തിച്ചുകളഞ്ഞു. ഓസ്‌ട്രേലിയയില്‍ എത്തിയതോടെയാണ് അവരുടെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയത്. ''ഞങ്ങള്‍ വീണ്ടും കളിക്കാന്‍ തുടങ്ങി, ഇവിടെ ക്രിക്കറ്റ് കളിക്കാന്‍ ഒരു ടീം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു'' ഫ്രിബ പറയുന്നു.
മെല്‍ബണിലെ ഒരു സര്‍ബന്‍ ലീഗിലാണ് അമീരിയും അവളുടെ ചില മുന്‍സഹതാരങ്ങളും കളിക്കുന്നത്. പക്ഷേ അത് അവര്‍ ആഗ്രഹിച്ചതില്‍ നിന്ന് ഒരുപാട് അകലെയാണ്. അഫ്ഗാന്‍ പുരുഷ ടീം ലോകം ചുറ്റി എലൈറ്റ് തലത്തില്‍ കളിക്കുന്നു, അതുപോലെ തങ്ങള്‍ക്കും അവസരം ഒരുക്കണമെന്നാണ് വനിതാ ടീമിന്റെ ആവശ്യം. ഇത് സംബന്ധിച്ച് അവര്‍ ലോക കായിക ഗവേണിങ് ബോഡിക്ക് ഡിസംബറില്‍ ഇമെയില്‍ അയച്ചിരുന്നു. വനിതാ ക്രിക്കറ്റിനായി ഐസിസി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയ പണം എവിടെയെന്ന് അവര്‍ ചോദിക്കുന്നു. ''ഞങ്ങളുടെ മുന്നോട്ടുള്ള പോക്കിനായി ഓസ്‌ട്രേലിയന്‍ ഓര്‍ഗനൈസേഷനിലേക്ക് ഇത് മാറ്റിയിടാന്‍ കഴിയില്ലേ, അങ്ങനെ വന്നാല്‍ ഞങ്ങള്‍ക്ക് അന്താരാഷ്ട്ര വേദിയില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ഇറങ്ങാന്‍ കഴിയും'' അമീരി വ്യക്തമാക്കി.
2017 മുതല്‍ അവര്‍ പുരുഷന്മാരുടെയും വനിതകളുടെയും ബജറ്റ് പുരുഷടീമിന് വേണ്ടി മാത്രം ഉപയോഗിക്കുകയാണ്.
അഫ്ഗാനിലെ സാഹചര്യം തങ്ങള്‍ക്ക് അറിയാമെന്നും എങ്കിലും എല്ലാവരുടെയും സഹായവും പിന്തുണയും കൊണ്ട് രാജ്യത്തിനായി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സജീവമായി തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. ''നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നോ ഐസിസിയില്‍ നിന്നോ ഇതുവരെ ആരും ബ്രന്ധപ്പെട്ടിട്ടില്ല'' അമിരി കൂട്ടിച്ചേര്‍ത്തു. 2017 മുതല്‍ അവര്‍ പുരുഷന്മാരുടെയും വനിതകളുടെയും ബജറ്റ് പുരുഷടീമിന് വേണ്ടി മാത്രം ഉപയോഗിക്കുകയാണ്. വനിതാ ടീമിനെ ഒരിക്കല്‍ പോലും പരിഗണിച്ചിട്ടില്ലെന്നും അമിരി ആരോപിച്ചു. എസിബിയുടെ സ്വേച്ഛാധിപത്യപരമായ നിലപാടുകള്‍ക്കെതിരെയും അവള്‍ തുറന്നു പറഞ്ഞു. തങ്ങളെ ക്രിക്കറ്റില്‍ നിന്ന് വിലക്കിയിട്ടും പുരുഷ ടീം അതിനെതിരെ പ്രതികരിച്ചില്ലെന്ന് അമിരി ചൂണ്ടിക്കാട്ടുന്നു.
''അഫ്ഗാനില്‍ ആയിരുന്നെങ്കില്‍ ജീവിച്ചിരിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഓസ്‌ട്രേലിയയില്‍ സുരക്ഷിതമായി ജീവിക്കാന്‍ സഹായിച്ചവരോട് നന്ദി പറയുന്നു. ഒരു ദിവസം അത്ഭുതം സംഭവിക്കുമെന്നും ഞങ്ങള്‍ ഒരു അന്താരാഷ്ട്ര ഗ്രൗണ്ടില്‍ രാജ്യത്തെ പ്രതിനിധീകരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു'' അമിരിയുടെ വാക്കുകളില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു.