അടി, തിരിച്ചടി; അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം
അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 159 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 158 റണ്‍സെടുത്തത്. മുഹമ്മദ് നബി (42), അസ്മത്തുള്ള ഒമർസായി (29), ഇബ്രാഹിം സദ്രാന്‍ (25) എന്നിവരാണ് സന്ദർശകർക്കായി തിളങ്ങിയത്. ഇന്ത്യയ്ക്കായി മുകേഷ് കുമാറും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന്‍ ഓപ്പണർമാര്‍ക്ക് സ്കോറിങ്ങിന് അവസരം നല്‍കിയില്ല ഇന്ത്യന്‍ പേസ് നിര. വിക്കറ്റുകള്‍ വീണില്ലെങ്കിലും പവർപ്ലെയില്‍ പിറന്നത് 33 റണ്‍സ് മാത്രമായിരുന്നു. 23 റണ്‍സെടുത്ത റഹ്മാനുള്ള ഗുർബാസിനെ എട്ടാം ഓവറില്‍ മടക്കി അക്സർ പട്ടേലാണ് 50ലെത്തിയ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. ഇബ്രാഹിം സദ്രാന്‍ (25), റഹ്മത്ത് (3) എന്നിവർ തൊട്ടടുത്ത ഓവറുകളില്‍ പുറത്തായതോടെ 10 ഓവറില്‍ 57-3 എന്ന നിലയിലേക്ക് അഫ്ഗാനിസ്താന്‍ വീണു.
എന്നാല്‍ മുഹമ്മദ് നബിയും അസ്മത്തുള്ള ഒമർസായിയും ചേർന്ന് അഫ്ഗാനെ തകർച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. അടുത്ത ആറ് ഓവറില്‍ 63 റണ്‍സാണ് ഇരുവരും ചേർത്തത്. രവി ബിഷ്ണോയിയുടെ രണ്ട് ഓവറുകളില്‍ നിന്ന് 27 റണ്‍സാണ് പിറന്നത്. മുകേഷ് കുമാർ എറിഞ്ഞ 16-ാം ഓവറില്‍ നബിയുടെ രണ്ട് സിക്സ് ഉള്‍പ്പെടെ 15 റണ്‍സ് സന്ദർശകർ അടിച്ചെടുത്തു. ഇതോടെ സ്കോർ അതിവേഗം തന്നെ 120ലെത്തി. ട്വന്റി20യില്‍ ഇന്ത്യയ്ക്കെതിരെ ആദ്യമായാണ് അഫ്ഗാന്‍ ഇന്നിങ്സില്‍ രണ്ട് അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാകുന്നത്.
18-ാം ഓവറിലെ ആദ്യ പന്തില്‍ 29 റണ്‍സെടുത്ത ഒമർസായിയെ ബൗള്‍ഡാക്കി മുകേഷ് കുമാറാണ് 68 റണ്‍സ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. അവസാന പന്തില്‍ നബിയേയും മുകേഷ് പവലിയനിലേക്ക് അയച്ചു. 27 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 42 റണ്‍സായിരുന്നു നബിയുടെ സമ്പാദ്യം. 11 പന്തില്‍ 19 റണ്‍സെടുത്ത നജിബുള്ള സദ്രാനാണ് അഫ്ഗാന്‍ സ്കോർ 150 കടത്തിയത്. അവസാന നാല് ഓവറുകളില്‍ 38 റണ്‍സാണ് അഫ്ഗാന്‍ നേടിയത്.