ഇതിലും താഴേക്ക് പോകാനാകില്ല;  ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?

ഇതിലും താഴേക്ക് പോകാനാകില്ല; ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?

രോഹിത്തിന്റെ ക്യാപ്റ്റൻസി ബോർഡർ ഗവാസ്‌കർ ട്രോഫിയോട് കൂടെ അവസാനിക്കുമോ അതോ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വരെ എത്തുമോ എന്ന് കാത്തിരുന്നു കാണാം
Updated on
3 min read

ന്യൂസിലൻഡുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നെ ഇന്ത്യൻ സ്‌ട്രീമിങ് സൈറ്റിൽ വന്ന പ്രമോ പരസ്യങ്ങളിൽ ഒന്നായിരുന്നു മിഷൻ 5-0 എന്നത്. ഹോമിൽ നടക്കുന്ന ബംഗ്ലാദേശുമായുള്ള 2 ടെസ്റ്റുകൾ, ന്യൂസിലൻഡിനോടുള്ള 3 ടെസ്റ്റുകൾ എല്ലാം ജയിച്ച് 5-0 എന്ന നിലയിൽ ഈ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഹോം ടെസ്റ്റ് സർക്യൂട്ട് അവസാനിപ്പിക്കും എന്നുള്ള അർഥത്തിൽ. ബംഗ്ലാദേശിനെ ഇന്ത്യ നിഷ്പ്രയാസം തന്നെ തോൽപ്പിച്ചു.

ന്യൂസിലൻഡ് ആണേൽ ഇന്ത്യയിലേക്ക് വരുന്നത് ശ്രീലങ്കയോട് 2 ടെസ്റ്റ് തോറ്റിട്ടാണ്, അതും ആ പരമ്പരയിലെ അവസാന കളിയിലെ ആദ്യ ഇന്നിങ്സിൽ 100 റൺസ് പോലും എടുക്കാൻ കഴിയാതെ ഫോളോ ഓൺ ചെയ്ത് ഇന്നിങ്സിന് തോറ്റിട്ട്. പുറമെ ഇന്ത്യയോട് കെയ്ൻ വില്യംസൺ കളിക്കുമോ എന്ന് ഉറപ്പുമില്ല. ആ ഒരു സാഹചര്യത്തിൽ 35 ദിവസങ്ങൾക്ക് ഇപ്പുറം ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് അവർ നടന്ന് കയറിയത് ഒരു പിടി ചരിത്ര നേട്ടങ്ങളിലേക്കാണ്.

കഴിഞ്ഞവർഷം നവംബറിൽ ഏകദിന ലോകകപ്പ് തോറ്റതിനേക്കാൾ വളരെ മോശമായ ഒരു സാഹചര്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ

ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 46 റൺസിന് ഓൾ ഔട്ടായ ഇന്ത്യയ്ക്ക് പരമ്പര തുടക്കം തന്നെ തിരിച്ചടി ആയിരുന്നു. ന്യൂസിലൻഡ് 36 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഒരു ടെസ്റ്റ് ജയിച്ചിരിക്കുന്നു. സാധാരണ അങ്ങനെ ആദ്യത്തെ ടെസ്റ്റ് തോറ്റു കഴിഞ്ഞാൽ പിന്നെയുള്ള മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര നേടുന്നത് ശീലമായതുകൊണ്ട് അതിനെ ആരും വലുതായി കാര്യമാക്കിയില്ല. അതിൻ്റെ തനിയാവർത്തനം പ്രതീക്ഷിച്ചിരുന്ന എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാം ടെസ്റ്റ് തോറ്റു, 12 വർഷങ്ങൾക്കുശേഷം ആദ്യമായി ഇന്ത്യയുടെ ഹോം ടെസ്റ്റ് സീരിസ് പരാജയം. ഈ പരമ്പര ജയിച്ച് അനായാസമായി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് വലിയ ബുദ്ധിമുട്ട് ഇല്ലാതെ കയറാം എന്ന കണക്കുകൂട്ടൽ ആയിരുന്നു ഇന്ത്യ. എന്നാൽ അവസാനത്തെ ടെസ്റ്റ് കൂടെ തോറ്റതോടെ അതും പരുങ്ങലിലായി.

ഇതിലും താഴേക്ക് പോകാനാകില്ല;  ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?
അയ്യയ്യേ എന്തൊരു തോല്‍വി; നാണക്കേടിന്റെ വാരിക്കുഴിയില്‍ വീണ് ടീം ഇന്ത്യ, മൂന്നാം ടെസ്റ്റിലും അടപടലം

ബാറ്റിങ് പരാജയം

6 ഇന്നിങ്സിൽ 91, 93 എന്നിങ്ങനെയാണ് രോഹിത്തിൻ്റെയും, കോഹ്ലിയുടെയും നേട്ടം, രണ്ട് പേരും പരമ്പരയിൽ നേടിയത് ഒറ്റ ഒരു അർധസെഞ്ചുറി മാത്രം. ബംഗ്ലാദേശ് പരമ്പര ഇതിൻ്റെ കൂടെ ചേർത്താൽ രോഹിത് 10 ഇന്നിങ്സിൽ നേടിയത് 133 റൺസും, കോഹ്ലി 192 റൺസുമാണ്. സർഫ്രാസും ജെയ്സ്വലും, ഗില്ലും മെച്ചപ്പെട്ട ഓരോ ഇന്നിങ്സ് വീതം ന്യൂസിലൻഡിനോട് കാഴ്ചവെച്ചു, പിന്നെ നിരാശ സമ്മാനിച്ചു. ബാറ്റിങ് ഇങ്ങനെ പരാജയമായ ഒരു സാഹചര്യത്തിൽ സ്പിന്നിന് അനുകൂലമായ പിച്ചുകളും ന്യൂസിലൻഡിന് ബോണസ് ആയി മാറി.

ക്യാപ്റ്റൻസി

ഒട്ടനവധി ക്യാപ്റ്റൻസി നേട്ടങ്ങൾ ഇതിനകം കരസ്ഥമാക്കിയ രോഹിത് ഈ ടെസ്റ്റ് പരമ്പരയിൽ പല അവസരങ്ങളിലും എടുത്ത തീരുമാനങ്ങൾ തെറ്റായി മാറി. ബൗളർമാർക്ക് ആത്മവിശ്വാസം കൊടുക്കാത്ത ഫീൽഡിങ് പ്ലേസ്മെന്റ്, ടോസ്, ബാറ്റിങ് സ്ട്രാറ്റജി അങ്ങനെ എല്ലാം ന്യൂസിലൻഡിന് പ്രയാസമില്ലാതെ മറികടക്കാൻ കഴിഞ്ഞു. 12 വർഷങ്ങൾക്ക് ശേഷം ഹോം ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ക്യാപ്റ്റൻ പത്രസമ്മേളനത്തിൽ വന്ന് പറയുന്നത് ഇത്രയും വർഷത്തിൽ ഒരു പരമ്പര തോൽവി ഒക്കെ പ്രശ്നമില്ല എന്നാണ്. ഇങ്ങനെ ലാഘവത്തോടെ മറുപടി പറയാൻ രോഹിത്തിന് എങ്ങനെ കഴിഞ്ഞു എന്നത് ഇന്നും ആശ്ചര്യമാണ്.

ഇതിലും താഴേക്ക് പോകാനാകില്ല;  ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?
വിനീഷ്യസിനെ റോഡ്രി മറികടന്നതെങ്ങനെ? ബാലൻ ഡി ഓർ മാനദണ്ഡം അറിയാം

അശ്വിൻ

ഈ പരമ്പരയിൽ ഇന്ത്യ തോൽക്കാൻ പ്രധാന കാരണങ്ങൾ മുകളിൽ പറഞ്ഞതിനൊപ്പം അശ്വിൻ്റെ ഫോമും കൂടെ ആയിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്ന് വെറും 9 വിക്കറ്റ് മാത്രവും ബാറ്റിങ്ങിൽ 51 റൺസും. ആരൊക്കെ പരാജയപ്പെട്ടാലും അശ്വിൻ ഹോം സീരീസുകളിൽ ഇന്ത്യയ്ക്ക് ഒരു വൻ മുതൽക്കൂട്ട് ആവുകയാണ് പതിവ്, പക്ഷേ ഇവിടെ അങ്ങനെ ഉണ്ടായില്ല. അവസാന ഇന്നിങ്സിൽ 3 വിക്കറ്റ് ശേഷിക്കെ 30 റൺസിന് താഴെ മാത്രം വേണ്ടപ്പോൾ സുന്ദറിന് പിന്തുണ കൊടുത്ത് വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചു നിന്നാൽ മാത്രം മതിയായിരുന്ന സാഹചര്യത്തിൽ അശ്വിൻ ഔട്ടായ ഷോട്ട് വളരെ നിരാശജനകമായിരുന്നു. ഇനി ഒരു ഹോം ടെസ്റ്റ് പരമ്പരയ്ക്കുള്ള ബാല്യം അശ്വിന് ഉണ്ടോ എന്നത് ഈ നിമിഷം സംശയമാണ്.

ന്യൂസിലൻഡ് സ്ട്രാറ്റജി: ദ് ന്യൂസിലാൻഡ് വേ

പേരും പെരുമയും സ്കില്ലും കണക്കിലെടുത്താൽ ഈ പരമ്പര കളിച്ച ന്യൂസിലാൻഡ് ടീമിലെ ഒരാൾ പോലും ഇന്ത്യൻ സ്ക്വാഡിൽ ഇടം നേടാൻ ഇടയില്ല. അങ്ങനെയിരിക്കെ അവർക്കു മുൻതൂക്കം നൽകിയത് അവരുടെ കൃത്യമായ പ്ലാനിങ്ങും സ്ട്രാറ്റജിയും ഒക്കെയാണ്. എപ്പോഴൊക്കെ ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടാൻ കഴിഞ്ഞിട്ടുണ്ടോ അതിൻ്റെ തൊട്ടടുത്ത സെഷനിൽ തന്നെ മത്സരം ന്യൂട്രൽ ആക്കാനോ അവരുടെ വരുതിയിൽ എത്തിക്കാനോ അവർക്ക് കഴിഞ്ഞു. മത്സരശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ ന്യൂസിലൻഡ് ക്യാപ്റ്റനും മറ്റും പറഞ്ഞത് ഇതിനെ അടിവരയിടുന്ന രീതിയിലാണ്, അവർ പറഞ്ഞ ഒരു പ്രയോഗം ശ്രദ്ധേയമായി, ദ് ന്യൂസിലൻഡ് വേ.

വെള്ളിവെളിച്ചം: പന്ത് & വാഷിങ്ടൺ സുന്ദർ

സമ്പൂർണ പരാജയമായ പരമ്പരയിൽ എല്ലാ കോലാഹലങ്ങൾക്കിടയിലും ഋഷഭ് പന്തും, വാഷിങ്ടൺ സുന്ദറും അവരിൽ അർപ്പിച്ചിരുന്ന പ്രതീക്ഷയ്ക്ക് ഒത്തുയർന്നു, പന്ത് പരമ്പരയിലെ ടോപ് റൺ സ്കോറർ ആയി, സുന്ദർ രണ്ട് കളി മാത്രം കളിച്ച് ടോപ് വിക്കറ്റ് ടേക്കറും ആയി. സുന്ദറിന് ഒപ്പം വിക്കറ്റ് നേട്ടവും, രോഹിത്, കോഹ്ലി എന്നിവരെക്കാൾ റൺസും നേടിയ ജഡേജയും മികച്ചു നിന്നു.

ഇനി നടക്കാൻ പോകുന്നത് ഓസ്ട്രേലിയയുമായുള്ള ബോർഡർ ഗവാസ്കർ ട്രോഫിയാണ്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നാലെണ്ണം ജയിക്കുകയും ഒരെണ്ണം ഡ്രോ ആവുകയും ചെയ്താൽ മാത്രമേ ഇന്ത്യക്ക് ഇനി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് ഉള്ള പ്രവേശനം എളുപ്പം ആവുകയുള്ളൂ. അല്ലെങ്കിൽ ബാക്കിയുള്ള ടീമുകളുടെ മത്സരങ്ങൾ അനുസരിച്ച് ആയിരിക്കും പ്രവേശന സാധ്യത. കഴിഞ്ഞവർഷം നവംബറിൽ ഏകദിന ലോകകപ്പ് തോറ്റതിനേക്കാൾ വളരെ മോശമായ ഒരു സാഹചര്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ. ഇനി ഇതിനും താഴേക്ക് പോകാൻ ആകില്ല എന്നുള്ള പ്രതീക്ഷ മാത്രമാണ് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കേണ്ടത്. രോഹിത്തിന്റെ ക്യാപ്റ്റൻസി ബോർഡർ ഗവാസ്‌കർ ട്രോഫിയോട് കൂടെ അവസാനിക്കുമോ അതോ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വരെ എത്തുമോ എന്ന് കാത്തിരുന്നു കാണാം.

logo
The Fourth
www.thefourthnews.in