വാങ്ക്‌ഡെയെയും ഈഡനെയും വെട്ടി 'നരേന്ദ്ര മോദി'
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്‌സ്ചറുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഐസിസി. മുംബൈ മുന്‍ സൂപ്പര്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ സാന്നിദ്ധ്യം കൊണ്ടു സമ്പന്നമാക്കിയ ചടങ്ങിലാണ് ഫിക്‌സ്ചര്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹബ് എന്ന പെരുമ മുംബൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമൊക്കെ മാറി അഹമ്മദാബാദിലേക്കു ചുരുങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് മെഗാ ഈവന്റിന് 100 ദിനം മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്ന ഫിക്‌സ്ചര്‍ നല്‍കുന്നത്.
മത്സരവേദികളുടെ മുഴുവന്‍ ചിത്രവും വെളിപ്പെട്ടപ്പോള്‍ കോളടിച്ചത് അഹമ്മദാബാദിനാണ്. ഉദ്ഘാടന-ഫൈനല്‍ മത്സരങ്ങള്‍ക്കു പുറമേ ഹൈവോള്‍ട്ടേജ് പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിനുമെല്ലാം വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇതുതന്നെയാണ് സ്ഥിതി. ഇക്കഴിഞ്ഞ ഐപിഎല്ലിന്റെ ഉദ്ഘാടന, ക്വാളിഫയര്‍, ഫൈനല്‍ മത്സരങ്ങള്‍ക്കും വേദിയായത് അഹമ്മദാബാദാണ്. സമീപകാലത്ത് ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്ന ടീമുകള്‍ എല്ലാം തന്നെ ഒരു മത്സരമെങ്കിലും അഹമ്മദാബാദില്‍ കളിക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ തലപ്പത്തേക്ക് എത്തിയതു മുതലാണ് അഹമ്മദാബാദിന്റെ ശുക്രനുദിച്ചത്. അതോടെ കുത്തക തകര്‍ന്നത് മുംബൈ-കൊല്‍ക്കത്ത-ബംഗളുരു-മൊഹാലി എന്നീ സ്‌റ്റേഡിയങ്ങളുടേതാണ്. 2023 ലോകകപ്പിലും സ്ഥിതി വിഭിന്നമല്ല. മുന്‍കാലങ്ങളില്‍ ഇന്ത്യയില്‍ ലോകകപ്പ് നടന്നപ്പോള്‍ പ്രധാന മത്സരങ്ങള്‍ ഓരോ നഗരങ്ങള്‍ക്ക് വീതിച്ചു നല്‍കുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രധാന മത്സരങ്ങള്‍ എല്ലാം തന്നെ ഒരു നഗരത്തിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇത്തവണത്തെ ഫിക്‌സ്ചര്‍ വലിയ ആശ്ചര്യമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. അഹമ്മദാബാദിന് ലോട്ടറി അടിച്ചപ്പോള്‍ മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും പ്രോത്സാഹന സമ്മാനം ലഭിച്ചു. നക്കാപ്പിച്ച മാത്രമായി തഴയപ്പെട്ടത് ഹൈദരാബാദ്, ചെന്നൈ, ബംഗളുരു, മൊഹാലി എന്നീ നഗരങ്ങളാണ്. ആറ്റുനോറ്റ് കാത്തിരുന്ന തിരുവനന്തപുരത്തിനെയാകട്ടെ ഒന്നു പരിഗണിച്ചതുപോലുമില്ല.
മോഹഭംഗത്തോടെ മൊഹാലി
മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം ഇന്ത്യയിലെ ഐക്കണിക് സ്‌റ്റേഡിയങ്ങളിലൊന്നാണ്. ഇന്ത്യയില്‍ അവസാനം നടന്ന രണ്ടു ലോകകപ്പുകളിലും ഒരു സെമിഫൈനല്‍ മത്സരത്തിനു വീതം ആതിഥ്യം വഹിച്ച സ്‌റ്റേഡിയം. 2011-ല്‍ ഇന്ത്യ-പാക് സെമി പോരാട്ടമാണ് ഇവിടെ അരങ്ങേറിയത്. 2016-ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ നോക്കൗട്ട് മത്സരം ലഭിച്ചില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ആവേശകരമായ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം അനുവദിച്ചിരുന്നു. പക്ഷേ ഇക്കുറി നോക്കൗട്ട് മത്സരമെന്നല്ല, ഗ്രൂപ്പ് മത്സരങ്ങളോ എന്തിന് സന്നാഹ മത്സരമോ പോലും അനുവദിച്ചിട്ടില്ല.
ഇന്ത്യ ഇറങ്ങാത്ത ഹൈദരാബാദ്
ദക്ഷിണേന്ത്യയിലെ പ്രധാന ക്രിക്കറ്റ് ഹബ്ബായിരുന്ന ഹൈദരാബാദിനും ഇത്തവണ തിരിച്ചടിയേറ്റു. ഐപിഎല്ലിലെ എട്ട് ആതിഥേയ നഗരങ്ങളിലൊന്നായ ഹൈദരാബാദ് മാത്രമാണ് ഇത്തവണത്തെ 10 ലോകകപ്പ് വേദികളില്‍ ഇന്ത്യയുടെ മത്സരത്തിന് ആതിഥ്യം വഹിക്കാത്ത ഏക നഗരം. മറ്റു ഒമ്പതു നഗരങ്ങളിലും ടീം ഇന്ത്യ എത്തുമ്പോള്‍ ഹൈദരാബാദ് തഴയപ്പെട്ടു. മാത്രമല്ല ഇവിടെ അനുവദിച്ചിരിക്കുന്നതില്‍ ഒന്നുപോലും പ്രധാന മത്സരങ്ങളല്ലതാനും. ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമുകളുമായി പാകിസ്താന്റെയും ന്യൂസിലന്‍ഡിന്റെയും മൂന്നു മത്സരങ്ങള്‍ക്കു മാത്രമാണ് ഹൈദരബാദ് വേദിയാകുന്നത്.
സൂപ്പര്‍ പോരാട്ടമില്ലാതെ ചിന്നസ്വാമി
ഇന്ത്യയില്‍ നടന്ന ക്രിക്കറ്റ് ലോകകപ്പുകളില്‍ എന്നും ആതിഥേയ ടീമിന്റെ സൂപ്പര്‍ പോരാട്ടത്തിന് ആതിഥ്യമരുളിയ വേദിയാണ് ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയം. 1996-ല്‍ ഇന്ത്യ-പാക് മത്സരവും 2011-ല്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരവും നടന്നത് ഇവിടെയാണ്. എന്നാല്‍ ഇക്കുറി അനുവദിച്ചിരിക്കുന്നത് തീരെ അപ്രധാന മത്സരമാണ്. ക്വാളിഫയര്‍ കളിച്ചെത്തുന്ന ദുര്‍ബല ടീമുമായാണ് ഇക്കുറി ഇന്ത്യ ഇവിടെ ഏറ്റുമുട്ടുക.
ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നടക്കും. പക്ഷേ ഒരു സെമിഫൈനല്‍ പോരാട്ടത്തിനോ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനോ വേദിയാകുമെന്നു കരുതിയ ചെന്നൈ തഴയപ്പെട്ടു. ഇന്ത്യയും ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമും തമ്മിലുള്ള മത്സരമാണ് മുംബൈ വാങ്ക്‌ഡെ സ്‌റ്റേഡിയത്തിന് അനുവദിച്ചത്. പക്ഷേ, സെമി ഫൈനല്‍ വേദി ലഭിച്ചത് അവര്‍ക്ക് ആശ്വാസമായി. കൊല്‍ക്കത്ത ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനും മറ്റൊരു സെമിഫൈനലിനും വേദിയാകും. മറ്റെല്ലാ പ്രധാന മത്സരങ്ങളും അഹമ്മദാബാദിനാണ്.
'മോഡി' മാത്രമുള്ള മോദി സ്‌റ്റേഡിയം
ലോകത്തെ ഏറ്റവും ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം. അടുത്തിടെ നവീകരിച്ച ഇവിടെ 1,32,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ പേരിനും പൊരുമയ്ക്കുമൊത്തുള്ള സൗകര്യങ്ങള്‍ ഇവിടെ ഇല്ലെന്നത് ഇക്കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ലോകം കണ്ടറിഞ്ഞതാണ്.
ഐപിഎല്ലിന്റെ കലാശക്കൊട്ട് ദിവസം കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുകയായിരുന്നു സ്റ്റേഡിയം.ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എത്ര ശക്തമായ മഴ പെയ്താലും അര മണിക്കൂറിനുള്ളില്‍ ഗ്രൗണ്ട് ഉണക്കി മാച്ച് നടത്താന്‍ സാധിക്കുമെന്നതാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകത എന്നായിരുന്നു സ്റ്റേഡിയ ഉദ്ഘാടന സമയം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
എന്നാല്‍ അന്നു പെയ്ത മഴയില്‍ പുറത്തു നിന്നുള്ള ചെളിയും മാലിന്യവും നിറഞ്ഞ വെള്ളം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ഗ്രൗണ്ട് ഉണക്കാന്‍ വേണ്ട യാതൊരു ആധുനിക സംവിധാനങ്ങളൊന്നും സ്റ്റേഡിയത്തില്‍ സജ്ജമായിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫുകള്‍ തുണിയില്‍ ഒപ്പിയെടുത്ത വെള്ളം ബക്കറ്റില്‍ നിറച്ചും, സ്പോഞ്ചും ഹെയര്‍ ഡ്രയറും, ഇസ്തിരി പെട്ടിയും ഉപയോഗിച്ചാണ് പിച്ച് ഉണക്കിയെടുത്തത്. 800 കോടി മുടക്കില്‍ തീര്‍ത്ത ഗ്രൗണ്ടില്‍ ഹോവര്‍ കവറുകള്‍ ഇല്ലാത്തത് എന്ത് കൊണ്ടാണെന്നും സമ്പന്നമായ ബിസിസിഐയോട് ആളുകള്‍ ചോദ്യമുന്നയിച്ചു. നീന്തല്‍ കുളത്തിന് സമാനമായിരുന്നു സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ്ങിന്റെ അവസ്ഥ.
ഇത്തരമൊരു സ്‌റേഡിയത്തില്‍ ഇത്രയധികം പ്രധാ മത്സരങ്ങള്‍ അനുവദിക്കുന്നത് എന്തിന്റെ അടിസ്ഥാത്തിലാണെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ചോദിക്കുന്നത്. 390 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കേരളത്തിലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റേഡിയം പോലും ഇക്കാര്യത്തില്‍ ലോക പ്രശംസ നേടിയതാണ്. അങ്ങനെയുള്ള സ്‌റ്റേഡിയങ്ങളെ തഴഞ്ഞാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ അഹമ്മദാബാദില്‍ കുടിയിരുത്താന്‍ ശ്രമിക്കുന്നതെന്നാണ് ആരാധകരുടെ പരാതി.