ഡബ്ല്യുപിഎല്‍: യുപി വാരിയേഴ്‌സിനെ അലീസ ഹീലി നയിക്കും
പ്രഥമ വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലീസ ഹീലി നയിക്കും. 70 ലക്ഷം രൂപയ്ക്കാണ് ഹീലിയെ കാപ്രി ഗ്ലോബല്‍ ഉടമസ്ഥരായ യുപി വാരിയേഴ്‌സ് സ്വന്തമാക്കിയത്. മാർച്ച് അഞ്ചിന് ഗുജറാത്ത് ജയന്റ്സുമായാണ് യുപി വാരിയേഴ്‌സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയ അഞ്ച് വട്ടം ലോകകപ്പ് ടി 20യിൽ കിരീടമുയർത്തുമ്പോഴും അലീസ ഹീലി ടീമിന്റെ ഭാഗമായിരുന്നു.
139 അന്താരാഷ്ട്ര ടി 20 മത്സരങ്ങളുടെ പരിചയ സമ്പത്താണ് ഉത്തർ പ്രദേശിൽ നിന്നുള്ള ദീപ്തി ശർമയെ മറികടന്ന് നായക പദവി അലീസയെ തേടി വരാൻ കാരണം. വിക്കറ്റിന് മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങുന്ന താരം അന്താരഷ്ട്ര ടി 20യിൽ 121 ഇന്നിങ്‌സുകളിൽ നിന്നായി ഒരു സെഞ്ചുറിയും 14 അർധസെഞ്ചുറിയോയുമടക്കം 2446 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. എതിരാളികളെ പുറത്താക്കുന്നതിൽ 110 തവണയാണ് അലീസയുടെ കരസ്പർശം ഉണ്ടായത്.
യുപി വാരിയേഴ്‌സിന്റെ ആദ്യ നായികയാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച അലീസ, വനിതാ പ്രീമിയർ ലീഗിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് പരിചയസമ്പന്നരുടെയും യുവത്വത്തിന്റെയും മികച്ച നിരയാണുള്ളത് ആരാധകർക്കായി മികച്ച പ്രകടംബം പുറത്തെടുക്കാനാണ് ഉറ്റുനോക്കുന്നത്" അലീസ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ജോണ് ലെവിസാണ് യുപി വാരിയേഴ്‌സിന്റെ മുഖ്യ പരിശീലകൻ. പരിശീലക സംഘത്തിൽ സഹ പരിശീലകയായി അഞ്ചു ജെയിൻ, ബൗളിങ് പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം ആഷ്ലി നോഫ്കെ എന്നിവരും ഉണ്ട്. നാല് തവണ ഓസ്‌ട്രേലിയയോടൊപ്പം വനിതാ ലോകകപ്പ് ജേതാവായ ലിസ സ്റ്റാലേക്കർ ടീം ഉപദേശക.