രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങി അമ്പാട്ടി റായിഡു; ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങി അമ്പാട്ടി റായിഡു; ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്

വരുന്ന തിരഞ്ഞെടുപ്പുകളില്‍ വൈഎസ്ആര്‍സിപിയെ പ്രതിനിധീകരിച്ച് റായിഡു മത്സരിക്കണമെന്നാണ് സൂചന
Updated on
1 min read

അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു ഇനി രാഷ്ട്രീയത്തിന്റെ ക്രീസിലേക്ക്. ആന്ധ്രാ പ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ റായിഡു മത്സരിക്കുമെന്നാണ് സൂചന.

അടുത്തിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്‌ അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി റായിഡു രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ റായിഡു പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കണമെന്ന് ജഗന്‍ ആഗ്രഹിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നുകില്‍ പൊന്നൂര്‍ അല്ലെങ്കില്‍ ഗുണ്ടൂര്‍ വെസ്റ്റ് മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നും ഇനി അഥവാ ലോക്‌സഭയിലേക്കാണ് മത്സരിക്കുന്നതെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മച്‌ലിപട്ടണം തിരഞ്ഞെടുക്കണമെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയെ പ്രശംസിച്ച് കൊണ്ട് റായിഡു മുമ്പ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് ജഗന്‍ മോഹന്‍ റെഡ്ഡി വലിയ പ്രചോദനമാണ്, ഒരു മേഖലയില്‍ മാത്രമായി കേന്ദ്രീകരിക്കാതെ അദ്ദേഹം എല്ലാ മേഖലയിലും വികസനത്തിന് നേതൃത്വം നല്‍കുന്നുവെന്നുമായിരുന്നു റായിഡുവിന്റെ വാക്കുകള്‍.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഐപിഎല്‍ 2023 നേടിയതിന് ശേഷം, റായിഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ടി20 ക്രിക്കറ്റ് കളിക്കുന്നത് തുടരുന്നതിനോടൊപ്പം സിഎസ്‌കെയുടെ ഉടമസ്ഥതയിലുള്ള ടെക്സാസ് സൂപ്പര്‍ കിംഗ്സിനെ പ്രതിനിധീകരിച്ച് എംസിഎല്ലില്‍ അദ്ദേഹം പങ്കെടുക്കും.

അടുത്തിടെ, ഒരു അഭിമുഖത്തില്‍, ചില വ്യക്തികള്‍ തന്റെ കരിയറിനെ തടസ്സപ്പെടുത്തിയതിനെ കുറിച്ച് റായിഡു തുറന്ന് പറഞ്ഞിരുന്നു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ലോകകപ്പ് ടീമില്‍ തനിക്കു പകരം വിജയ് ശങ്കറിനെ കൊണ്ടുവന്നത് ചില വ്യക്തികളുടെ പ്രത്യേക താല്‍പര്യപ്രകാരമാണെന്നും വിജയ്ശങ്കറിനു പകരം അജിന്‍ക്യ രഹാനെയോ അല്ലെങ്കില്‍ അതുപോലെ മറ്റേതെങ്കിലും സീനിയര്‍ താരമായിരുന്നെങ്കിലോ തനിക്കു പരിഭവം തോന്നില്ലായിരുന്നുവെന്നുമാണ് റായിഡു പറഞ്ഞത്.

logo
The Fourth
www.thefourthnews.in