യോദ്ധാക്കളെ വീഴ്ത്തിയ റോയല്‍ ശോഭന; ചിന്നസ്വാമിയിലെ പെരിയ സക്സസ്
ബാറ്റർമാരുടെ പറുദീസ, ബൗളർമാരുടെ പേടിസ്വപ്നം! ഒരു സ്കോറും ഭദ്രമല്ലാത്ത മൈതാനം, ആതാണ് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം. അവിടെയാണ് കേവലം 157 റണ്‍സ് പ്രതിരോധിക്കുന്നതിനായി സ്മ്യതി മന്ദനയും സംഘവും യുപി വാരിയേഴ്സിനെതിരെ കച്ചകെട്ടിയിറങ്ങിയത്. ജയത്തോടെ രണ്ടാം സീസണിന് തുടക്കമിടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആവശ്യമായിരുന്നത്, കളവും എതിരാളിയേയും അറിഞ്ഞ് പന്തെറിയുന്ന ഒരു താരത്തെ. അതിനുള്ള ഉത്തരമായിരുന്നു, തിരുവനന്തപുരം സ്വദേശിയായ ശോഭന ആശ!
ഏഴാം ഓവറിലായിരുന്നു സ്മ്യതി വലം കൈ ലെഗ് സ്പിന്നറായ ശോഭനയെ ആദ്യമായി പരീക്ഷിച്ചത്. തഹലിയ മഗ്രാത്ത് ലോങ് ഓണിന് മുകളിലൂടെ സിക്സർ പായിച്ചാണ് ശോഭനയെ വരവേറ്റത്. ആദ്യ ഓവറില്‍ വഴങ്ങിയത് ഏഴ് റണ്‍സ്.
38 റണ്‍സ് കൂട്ടുകെട്ടുമായി തഹലിയയും വൃന്ദ ദിനേശും മുന്നോട്ട് പോകുന്ന സമയം. ആദ്യ നിർണായക നിമിഷം. ബാംഗ്ലൂരിനെ സംബന്ധിച്ച് കൂട്ടുകെട്ട് പൊളിക്കാതെ പാതി വഴി അവസാനിപ്പിക്കാനാകില്ല. ഒരു വിക്കറ്റ് 'ചോദിച്ച' സ്മ്യതിക്ക് ഒന്‍പതാം ഓവറില്‍ രണ്ടെണ്ണം സമ്മാനിച്ച് ശോഭന കളി 'തിരിച്ചു'.
ഞൊടിയിടയില്‍ മാറിമറിയുന്ന ട്വന്റി20 ശൈലിയുടെ ക്ലാസിക്ക് ഉദാഹരണമായിരുന്നു ശോഭനയെറിഞ്ഞ 17-ാം ഓവർ, ഒരു ഒന്നൊന്നര 'ട്രിപ്പിള്‍ സ്ട്രൈക്ക്'
27 പന്തില്‍ 18 റണ്‍സുമായി വൃന്ദയുടെ മെല്ലപ്പോക്ക് ഒരു കൂറ്റനടിയിലേക്ക് പരിണമിക്കുമെന്ന ശോഭനയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഡ്രൈവിനായി സ്റ്റെപ്പ് ഔട്ട് ചെയ്ത വ്യന്ദയ്ക്കായി ശോഭന കാത്തുവെച്ചത് അല്‍പ്പം വേഗമേറിയ പന്തായിരുന്നു. വൃന്ദയ്ക്ക് പിഴച്ചു, റിച്ചാ ഘോഷ് സ്റ്റമ്പ് ചെയ്ത് മടക്കി.
അതേഓവറില്‍ ശോഭനയുടെ അടുത്ത ഇരയായത് തെഹലിയ. താരത്തെ 'നട്ട്മെഗ്' ചെയ്തായിരുന്നു ശോഭന ബൗള്‍ഡാക്കിയത്.
പിന്നീടുള്ള ഏഴ് ഓവറുകള്‍ ബാംഗ്ലൂരിനെ സംബന്ധിച്ച് വിക്കറ്റ് ദാരിദ്യമായിരുന്നെന്ന് പറയാം. അനായാസം ശ്വേത സെഹറാവത്തും ഗ്രേസ് ഹാരിസും യുപിയെ വിജയത്തോട് അടുപ്പിച്ചു. അവസാന നാല് ഓവറുകളില്‍ യുപിക്ക് ലക്ഷ്യം മറികടക്കാന്‍ ആവശ്യമായിരുന്നത് 32 റണ്‍സ് മാത്രം, കൈവശം ഏഴ് വിക്കറ്റുകളും.
ഞൊടിയിടയില്‍ മാറിമറിയുന്ന ട്വന്റി20 ശൈലിയുടെ ക്ലാസിക്ക് ഉദാഹരണമായിരുന്നു ശോഭനയെറിഞ്ഞ 17-ാം ഓവർ, ഒരു ഒന്നൊന്നര 'ട്രിപ്പിള്‍ സ്ട്രൈക്ക്'.
ആദ്യ പന്തില്‍ ശ്വേത എക്സ്ട്രാ കവറില്‍ മന്ദനയുടെ കൈകളില്‍. നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഗ്രേസിന്റെ ഓഫ് സ്റ്റമ്പില്‍ ശോഭനയുടെ പന്ത് തൊട്ടു. ലെങ്ത് ലൈനില്‍ നിന്ന് അല്‍പ്പം പിന്നിലായാണ് പന്ത് പിച്ച് ചെയ്യിപ്പിച്ചത്, ടോപ് എഡ്ജായിരുന്നു ശോഭനയുടെ കണക്കുകൂട്ടല്‍. വിക്കറ്റിലെ അപ്രതീക്ഷിത ടേണിന്റെ സഹായം കൂടി ലഭിച്ചതോടെ ഗ്രേസ് ക്ലീന്‍ ബൗള്‍ഡ്.
അവസാന പന്തില്‍ കിരണ്‍ നവഗിരെ ക്രീസില്‍ നിന്ന് സ്റ്റെപ്പ് ഔട്ടായ നിമിശം ശോഭന ചരിത്രം തൊട്ടു. ഡബ്ല്യുപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യക്കാരി.
ഒടുവില്‍ കളിയിലെ താരത്തിന്റെ പുരസ്കാരം ഏറ്റുവാങ്ങുമ്പോള്‍ ശോഭനയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപാട് പോരാട്ടത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായിരുന്നു പ്രകടനമെന്നാണ് ശോഭന മത്സരശേഷം പറഞ്ഞത്.
ഡബ്ല്യുപിഎല്ലിലെ വിജയത്തിന്റെ താക്കോല്‍ മലയാളികളുടെ കൈയിലാണിപ്പോള്‍. ഉദ്ഘാടന മത്സരത്തില്‍ സജന സജീവന്‍ മുംബൈയെ ത്രില്ലർ പോരില്‍ വിജയിപ്പിച്ചു, ഇപ്പോഴിത ശോഭന ആശയും! ഇനി വയനാട്ടുകാരി മിന്നു മണിയുടെ ഊഴമാണ്...