കളമൊഴിഞ്ഞ കാലിപ്സോയും കളി മറന്ന സിംഹങ്ങളും

കളമൊഴിഞ്ഞ കാലിപ്സോയും കളി മറന്ന സിംഹങ്ങളും

ക്രിക്കറ്റിന്റെ തലപ്പത്ത് ദീർഘനാള്‍ തുടർന്ന ടീമുകളാണ് വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും. എന്നാല്‍ പുതിയ കാലത്ത് പ്രതാപം നഷ്ടപ്പെട്ട് ലോകകപ്പുകളില്‍ സാന്നിധ്യമായി മാത്രം ചുരുങ്ങിയിരിക്കുകയാണ് ഇരു ടീമുകളും
Updated on
2 min read

കേവലം ഓന്നോ രണ്ടോ താരങ്ങളെ മാത്രമല്ല, ഒരു ടീമിനെ ഒന്നടങ്കം എതിരാളികള്‍ ഭയക്കുന്ന കാലം. വിവ് റിച്ചാര്‍ഡ്സ്, ക്ലൈവ് ലോയ്ഡ്, ഗോര്‍ഡണ്‍ ഗ്രീനിഡ്ജ്, മാല്‍കോം മാര്‍ഷല്‍, ആന്‍ഡി റോബേര്‍ട്ട്സ്.. അങ്ങനെ അവസാനിക്കാതെ നീളുന്ന പ്രതിഭകള്‍ ക്രിക്കറ്റ് ഭരിക്കുന്ന കാലം. രണ്ട് ലോകകപ്പുകളില്‍ തോല്‍വിയറിയാതെ കിരീടം ചൂടി 'ഇന്‍വിന്‍സിബിള്‍സ്' എന്ന തലക്കെട്ട് ക്രിക്കറ്റ് ലോകം ആദ്യം നല്‍കിയ സാക്ഷാല്‍ വെസ്റ്റ് ഇന്‍ഡീസ്.

അന്ന് ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പായിരുന്നില്ല, 60 ഓവർ ഫോർമാറ്റില്‍ പ്രുഡെന്‍ഷ്യല്‍ കപ്പെന്നായിരുന്നു ടൂർണമെന്റിന്റെ പേര്. പ്രഥമ ടൂര്‍ണമെന്റ് നടന്ന 1975ലും 1979ലും സര്‍വാധിപത്യത്തോടെ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിന് പിന്നീട് ഒരു തവണ പോലും ആ കിരീടത്തിനരികിലെത്താന്‍ കഴിഞ്ഞില്ല. എവിടെയായിരിക്കും വിന്‍ഡീസിന് പിഴച്ചിട്ടുണ്ടാകുക? ഹാട്രിക്ക് കിരീടം തേടി 1983ല്‍ ലോര്‍ഡ്സില്‍ ഫൈനലിറങ്ങിയ വിന്‍ഡീസിന് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ പ്രഹരം നല്‍കിയത് കപില്‍ ദേവിന്റെ ചെകുത്താന്മാരായിരുന്നു.

ഹാട്രിക്ക് കിരീടം തേടി 1983ല്‍ ലോര്‍ഡ്സില്‍ ഫൈനലിറങ്ങിയ വിന്‍ഡീസിന് അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആദ്യ പ്രഹരം നല്‍കിയത് കപില്‍ ദേവിന്റെ ചെകുത്താന്മാരായിരുന്നു

ആ വീഴ്ചയില്‍നിന്ന് മുക്തി നേടാന്‍ ഏകദിന ലോകകപ്പുകളില്‍ ഇന്നും വെസ്റ്റ് ഇന്‍ഡീസിനായിട്ടില്ല. കെയ്ത്ത് ആര്‍തര്‍ടണ്‍, ശിവനരെയ്ന്‍ ചന്ദര്‍പോള്‍, ബ്രയന്‍ ലാറ, കേട്ട്‌ലി അംബ്രോസ്, ഇയാന്‍ ബിഷപ്പ്, കോര്‍ട്ട്ണി വാല്‍ഷ് തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെട്ട ടീം 1996ല്‍ സെമിഫൈനലിലെത്തിയതാണ് 1979ലെ കിരീട നേട്ടത്തിന് ശേഷം എടുത്തുപറയാന്‍ കഴിയുന്നൊരു പ്രകടനം വിന്‍ഡീസില്‍ നിന്നുണ്ടായത്.

ക്രിസ് ഗെയില്‍, രാംനരേശ് സര്‍വന്‍, ഡ്വയന്‍ ബ്രാവോ തുടങ്ങി ഒരുപിടി താരങ്ങള്‍ പിന്നീട് ഉയര്‍ന്നുവന്നെങ്കിലും ഏകദിന ഫോര്‍മാറ്റിലൊരിക്കലും വിന്‍ഡീസിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി യോഗ്യത പോലും നേടാനാകാതെ കാണികളായി മാറേണ്ടിവന്നു 2023ല്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക്.

കളമൊഴിഞ്ഞ കാലിപ്സോയും കളി മറന്ന സിംഹങ്ങളും
ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍ ക്രിക്കറ്റിന് സമ്മാനിച്ച രാത്രി

പിന്‍ഗാമികളാകാന്‍ ശ്രീലങ്കയും

വെസ്റ്റ് ഇന്‍ഡീസ് സഞ്ചരിച്ച പാത പിന്തുടരുകയാണോ ശ്രീലങ്കയെന്നാണ് ക്രിക്കറ്റ് നിരീക്ഷകരില്‍നിന്ന് ഉയരുന്ന ചോദ്യം. പ്രകടനങ്ങളും ചരിത്രവുമെല്ലാം വിലയിരുത്തുമ്പോള്‍ ഒരുപക്ഷേ ശരിയാണെന്ന് തോന്നിയേക്കാം. 1975 മുതല്‍ 1992 വരെയുള്ള ലോകകപ്പുകളില്‍ അണ്ടർഡോഗ്സ് ടാഗായിരുന്നു ലങ്കയ്ക്കുണ്ടായിരുന്നത്. ഒരുതവണ പോലും ആദ്യ നാലിലെത്തായിട്ടില്ല, കൂടുതല്‍ പ്രാവശ്യവും അവസാന സ്ഥാനക്കാരുടെ തൊട്ടുമുകളിലായിരുന്നു ലങ്കയുടെ ഇരിപ്പിടം.

അണ്ടര്‍ഡോഗ്‌സ് എന്ന വിളിപ്പേരില്‍നിന്ന് ക്രിക്കറ്റിന്റെ തലപ്പത്തേക്കുള്ള ശ്രീലങ്കയും യാത്രയ്ക്ക് ഇന്ധനമായത് 1996 ലോകകപ്പായിരുന്നു. അര്‍ജുന രണതുംഗ, അരവിന്ദ ഡി സില്‍വെ, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ് എന്നിങ്ങനെ പിന്നീട് ഇതിഹാസങ്ങളായി വാഴ്ത്തപ്പെട്ട ഒരുപിടി ലങ്കന്‍ താരങ്ങളുടെ ഉദയം കണ്ട ലോകകപ്പ്. രണതുംഗയും സംഘവും അന്ന് ജേതാക്കളായപ്പോള്‍ ശ്രീലങ്കന്‍ ജനതയിലേക്ക് ആനന്ദമെത്തിച്ച ഏക വിനോദമായി ക്രിക്കറ്റ് മാറി.

അണ്ടര്‍ഡോഗ്‌സ് എന്ന വിളിപ്പേരില്‍ നിന്ന് ക്രിക്കറ്റിന്‌റെ തലപ്പത്തേക്കുള്ള ശ്രീലങ്കയും യാത്രയ്ക്ക് ഇന്ധനമായത് 1996 ലോകകപ്പായിരുന്നു

ലങ്കയില്‍ ക്രിക്കറ്റിന് പ്രാധാന്യമേറിയതോടെ നിരവധി താരങ്ങളും ഉയര്‍ന്നുവന്നു. 96ലെ സംഘത്തിന് പുറമെ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, ലസിത് മലിംഗ, റസല്‍ അര്‍ണോള്‍ഡ്, ഉപുല്‍ തരംഗ, മര്‍വന്‍ അട്ടപ്പട്ടു, തിലകരത്‌ന ദില്‍ഷന്‍ തുടങ്ങിയവരുടെ തോളിലേറിയായിരുന്നു പിന്നീട് ലങ്കയുടെ വളര്‍ച്ച. 96ന് ശേഷം വന്ന നാല് ലോകകപ്പുകളില്‍ മൂന്ന് തവണയും കയ്യെത്തും ദൂരത്തായിരുന്നു ലങ്കയ്ക്ക് കിരീടം നഷ്ടമായത്. 2007, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഫൈനല്‍ വരെ എത്തി.

പക്ഷേ, 2015 ലോകകപ്പിന് ശേഷമാണ് ശ്രീലങ്കയുടെ വീഴ്ച തുടങ്ങിയത്. സംഗക്കാര, ജയവര്‍ധനെ, ദില്‍ഷന്‍, തരംഗ തുടങ്ങിയ താരങ്ങള്‍ പടിയിറങ്ങിയതോടെയായിരുന്നു അത്. പിന്നീടെത്തിയ താരങ്ങള്‍ക്കാര്‍ക്കും ഇതിഹാസങ്ങളുടെ വിടവ് നികത്താന്‍ പോന്ന മികവിന്‌റെ അഭാവമുണ്ടായിരുന്നു.

2019ല്‍ അത് പ്രകടമാകുകയും ചെയ്തു. ടൂര്‍ണമെന്‌റില്‍ മൂന്ന് ജയം മാത്രമായിരുന്നു നേട്ടം. 2023ല്‍ ലങ്കയുടെ പതനം പൂര്‍ണമായി, കേവലം രണ്ട് ജയവുമായി പോയിന്‌റ് പട്ടികയില്‍ അവസാന സ്ഥാനക്കാര്‍ക്ക് മുകളില്‍. ലോകകപ്പ് ചരിത്രത്തില്‍ തങ്ങള്‍ തുടങ്ങിയ പോയിന്റിലേക്ക് തന്നെ ലങ്ക തിരിച്ചെത്തിയിരിക്കുന്നു.

കളമൊഴിഞ്ഞ കാലിപ്സോയും കളി മറന്ന സിംഹങ്ങളും
ഇബ്രാഹിം സദ്രാന്‍: ഖോസ്റ്റിലെ യുദ്ധഭൂമിയില്‍നിന്ന് അഫ്ഗാന്റെ ചരിത്രശതകത്തിലേക്ക്

വിന്‍ഡീസിനും ലങ്കയ്ക്കും വിനയായി സാമ്പത്തിക പ്രതിസന്ധി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദീര്‍ഘകാലം മുന്‍പ് തന്നെ പുറത്തുവന്ന ഒന്നാണ്. എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റിലെ പ്രതിസന്ധിയുടെ ആഴം എത്രത്തോളമാണെന്ന് ലോകമറിഞ്ഞത് 2021ന്റെ തുടക്കത്തിലാണ്. വർഷകാലാടിസ്ഥാനത്തിലുള്ള കരാറുകള്‍ക്ക് പകരം താരങ്ങള്‍ക്ക് പര്യടനങ്ങള്‍ക്ക് മാത്രമുള്ള കരാറുകളായിരുന്നു അനുവദിച്ചിരുന്നത്.

ഏഞ്ചലോ മാത്യൂസ്, ദിമുത് കരുണരത്‌നെ, ദിനേഷ് ചണ്ഡിമല്‍ തുടങ്ങിയ താരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി തുറന്ന പോരിലേക്ക് വരെ കടന്നു. ശമ്പളം കുറവായതിനാല്‍ താരങ്ങള്‍ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവച്ച കരാറില്‍ ഒപ്പിടാന്‍ തയാറായില്ല. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വർഷകാലാടിസ്ഥാനത്തിലുള്ള കരാറുകള്‍ അനുവദിക്കാത്തതിനാല്‍ വായ്പ തിരിച്ചടയ്ക്കാനാകാതെ താരങ്ങള്‍ ബുദ്ധിമുട്ടിയിരുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് വിന്‍ഡീസിന്‌റെ തകര്‍ച്ചയ്ക്ക് കാരണമായി പറയാനാകുക. സുനില്‍ നരെയ്ന്‍, ആന്ദ്രെ റസല്‍ പോലുള്ള താരങ്ങങ്ങള്‍ ദേശീയ ടീമില്‍ കളിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി. പക്ഷേ, ആഗോളതലത്തില്‍ നിരവധി ലീഗുകളില്‍ ഇരുവരും ഭാഗമാകുന്നുണ്ട്. താരങ്ങള്‍ക്ക് അർഹമാ ശമ്പളം നല്‍കാന്‍ ബോര്‍ഡിനാകുന്നില്ലെന്ന വസ്തുത ഇതിഹാസ താരം ക്ലൈവ് ലോയ്ഡ് തന്നെ വെളിപ്പെടുത്തിയിരുന്നു. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡാരന്‍ സമി, റസല്‍, നരെയ്ന്‍ എന്നിവര്‍ ദേശീയ കുപ്പായത്തിന് ഇടവേള നല്‍കി ലീഗ് ക്രിക്കറ്റ് തിരഞ്ഞെടുത്തതും അതുകൊണ്ട് തന്നെ.

logo
The Fourth
www.thefourthnews.in