സ്മിത്തിന്റെ റണ്‍ഔട്ട് വിവാദം: വിശദീകരണവുമായി എം.സി.സി

സ്മിത്തിന്റെ റണ്‍ഔട്ട് വിവാദം: വിശദീകരണവുമായി എം.സി.സി

മൂന്നാം അമ്പയര്‍ നിതിന്‍ മേനോനാണ് നോട്ട് ഔട്ട് വിളിച്ചത്
Updated on
1 min read

ഓവലില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരായ റണ്ണൗട്ട് അപ്പീല്‍ അനുവദിക്കാത്തതില്‍ വിശദീകരണം നല്‍കി മെരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. ഓസീസ് താരം റണ്‍ ഔട്ടായിട്ടും പുറത്താക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെയാണ് എംസിസി വിശദീകരണം നല്‍കിയത്. മൂന്നാം അമ്പയര്‍ നിതിന്‍ മേനോനാണ് നോട്ട് ഔട്ട് വിളിച്ചത്. തീരുമാനത്തില്‍ ഇംഗ്ലണ്ട് താരങ്ങളും ആരാധകരും നിരാശരാവുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.

77.3 ഓവറിലാണ് സംഭവം. രണ്ടാമത്തെ റണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ പന്ത് പിടിച്ചെടുക്കുകയും സ്മിത്ത് ക്രീസിലേക്ക് ഡൈവ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റമ്പില്‍ തട്ടിക്കുമ്പോള്‍ ബാറ്റര്‍ ക്രീസിന് പുറത്തായിരുന്നു. ആദ്യം റീപ്ലേ കണ്ട് സ്മിത്ത് തിരികെ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പലതവണ ദൃശ്യങ്ങള്‍ പരിശോധിക്കുകയും അവസാനം നിതിന്‍ മേനോന്‍ നോട്ട്ഔട്ട് വിളിക്കുകയുമായിരുന്നു. വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചയ്ക്കും കാരണമായി.

വിക്കറ്റ് കീപ്പര്‍ പന്ത് സ്റ്റെമ്പില്‍ തട്ടിക്കുമ്പോള്‍ ബാറ്റര്‍ ക്രീസിന് പുറത്തായിരുന്നു

ഇതിനു പിന്നാലെയാണ് പുറത്താക്കാത്തതില്‍ എംസിസി വിശദീകരണവുമായി രംഗത്തെത്തിയത്. '' നിയമം 29.1 പ്രകാരം, സ്റ്റമ്പിന്റെ മുകളില്‍ നിന്ന് പൂര്‍ണമായും ഒരു ബെയിലെങ്കിലും നീക്കം ചെയ്യുമ്പോഴോ, അല്ലെങ്കില്‍ ഒന്നോ അതിലധികമോ സ്റ്റമ്പുകള്‍ ഗ്രൗണ്ടില്‍ നിന്ന് നീക്കം ചെയ്യുമ്പോഴോ ആണ് പുറത്താകുന്നത്'' നിതിന്‍ മേനോന്റെ തീരുമാനം അനുകൂലിച്ചുകൊണ്ട് എംസിസി ട്വീറ്റ് ചെയ്തു.

പന്ത് കൈയില്‍ എത്തുന്നതിന് മുന്‍പ് വിക്കറ്റ് കീപ്പര്‍ സ്റ്റമ്പില്‍ തൊട്ടതിനാലാവാം പുറത്തായതായി തോന്നിയതെന്ന് അവര്‍ പറഞ്ഞു. അതിനാലാണ് സ്മിത്തിന് സംശയത്തിന്റെ ആനുകൂല്യത്തില്‍ നോട്ട്ഔട്ട് വിളിച്ചത്. ആദ്യം പുറത്തായെന്ന് കരുതിയതുകൊണ്ടാണ് പുറത്തേക്ക് നടന്നത്, എന്നാല്‍ റീപ്ലേ കണ്ടപ്പോള്‍ സംശയം തോന്നിയെന്നും ജോണി ബെയര്‍സ്‌റ്റോയുടെ കൈ തട്ടിയിട്ടുണ്ടാകുമെന്നും സ്മിത്ത് പറഞ്ഞു.

logo
The Fourth
www.thefourthnews.in