ഏകദിന ലോകകപ്പില്‍ റണ്‍മഴ പൊഴിക്കാന്‍ കശ്മീര്‍ വില്ലോ ബാറ്റുകള്‍; അരങ്ങേറ്റം മൂന്ന് ഏഷ്യന്‍ ടീമുകളിലൂടെ

ഏകദിന ലോകകപ്പില്‍ റണ്‍മഴ പൊഴിക്കാന്‍ കശ്മീര്‍ വില്ലോ ബാറ്റുകള്‍; അരങ്ങേറ്റം മൂന്ന് ഏഷ്യന്‍ ടീമുകളിലൂടെ

ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഇക്കാര്യത്തിൽ കശ്മീരിലെ ക്രിക്കറ്റ് ബാറ്റ് മാനുഫാക്ച്ചറിങ് അസോസിയേഷനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്
Updated on
3 min read

ക്രിക്കറ്റ് ലോകകപ്പിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്  ഇന്ത്യയുടെ  സ്വന്തം  കശ്മീർ വില്ലോ ബാറ്റുകൾ. ക്രിക്കറ്റ് കളിക്കാരുടെയും ആരാധകരുടെ മനം കവർന്ന ഇംഗ്ലീഷ് വില്ലോ ബാറ്റുകളോട് കിടപിടിക്കുന്ന കശ്മീർ വില്ലോ ബാറ്റുകൾ ഇതിനോടകം രാജ്യാന്തര ടി20 മത്സരങ്ങളിലും ഐ പി എൽ മത്സരങ്ങളിലും തിളങ്ങിയിട്ടുണ്ട്. ഇത്തവണ ഇന്ത്യ ആതിഥ്യമരുളുന്ന ക്രിക്കറ്റ്   ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ആറ് ടീമുകളാണ്  കശ്മീർ വില്ലോ ബാറ്റുകൾ കൊണ്ട് പന്തുകളെ നേരിടുക.  

കശ്മീർ വില്ലോ ക്രിക്കറ്റ്  ബാറ്റുകളുടെ നിർമാണത്തിനായി അടുക്കിവച്ചിരിക്കുന്ന മരക്കഷ്ണങ്ങൾ
കശ്മീർ വില്ലോ ക്രിക്കറ്റ് ബാറ്റുകളുടെ നിർമാണത്തിനായി അടുക്കിവച്ചിരിക്കുന്ന മരക്കഷ്ണങ്ങൾഫോട്ടോ: നദീറ എപി

ഇന്ത്യയുടെ ബാറ്റ് ഗ്രാമം

ശ്രീനഗർ - ജമ്മു  ദേശീയ പാത അനന്ത്‌നാഗ് ജില്ലയിലൂടെ കടന്നു പോകുമ്പോൾ  പാതക്കിരുവശവും ക്രിക്കറ്റ് ബാറ്റുകൾ തൂക്കിയിട്ട മരങ്ങൾ കാണാം. ഇതാണ് ഇന്ത്യയുടെ ക്രിക്കറ്റ് ബാറ്റ് ഗ്രാമം. പാതയുടെ ഇരു കരകളിലും ബാറ്റുകൾ വിൽക്കുന്ന കടകളും പുറകു വശത്തായി  വിസ്താരമേറിയ  നിർമാണ യൂണിറ്റുകളും.  

കശ്മീർ വില്ലോ ക്രിക്കറ്റ്  ബാറ്റ് നിർമാണത്തിൽനിന്ന്
കശ്മീർ വില്ലോ ക്രിക്കറ്റ് ബാറ്റ് നിർമാണത്തിൽനിന്ന് ഫോട്ടോ: നദീറ എപി

നെടുകെ പിളർന്നും ഈർന്നും ബാറ്റ് രൂപകല്പനക്ക്  അനുയോജ്യമാംവിധം  ചെത്തി കൂർപ്പിച്ചും വില്ലോ മരത്തടി കഷ്ണങ്ങൾ  അടുക്കിവച്ചിരിക്കുന്നു. അകത്ത് ഫാക്ടറിയിൽ തിരക്കിലാണ്  തൊഴിലാളികൾ. ഓരോ വിഭാഗത്തിലും  ബാറ്റ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ തകൃതിയായി നടക്കുന്നു. ലോകകപ്പ് ക്രിക്കറ്റ്  ശരിക്കും ഇത്തവണ ആവേശവും ഊർജ്ജവുമാകുകയാണ് ഈ ഗ്രാമത്തിലെ ക്രിക്കറ്റ് ബാറ്റ് നിർമാണ ഫാക്ടറികളെ ആശ്രയിച്ച് ജീവിതം  കരുപ്പിടിപ്പിക്കുന്നവർക്ക്. അധികസമയം തൊഴിലെടുത്ത് ഓർഡറുകൾ പൂർത്തീകരിച്ചു നൽകുകയാണ് ഫാക്ടറികളിൽ.

നിർമാണഘട്ടത്തിലുള്ള കശ്മീർ വില്ലോ  ബാറ്റുകൾ
നിർമാണഘട്ടത്തിലുള്ള കശ്മീർ വില്ലോ ബാറ്റുകൾഫോട്ടോ: നദീറ എപി

അനന്ത്‌നാഗ്, പുൽവാമ ജില്ലകളിലായി നാനൂറോളം ക്രിക്കറ്റ് ബാറ്റ് നിർമാണ യൂണിറ്റുകളാണ് കശ്മീർ താഴ്വരയിലുള്ളത്. ബാരാമുള്ള, അനന്ത്‌നാഗ്, കുപ്‍വാര എന്നിവിടങ്ങളിൽ നിന്നാണ് വില്ലോ മരത്തടികൾ എത്തുന്നത്. ഏക്കറ്‌ കണക്കിന് താഴ്വാരങ്ങളിൽ വില്ലോ മരങ്ങൾ വളരുന്നു. പാകമായ മരം വെട്ടി മാസങ്ങളോളം വെള്ളത്തിൽ കുതിർത്തു വെച്ചാണ് ബാറ്റ്‌ നിര്‍മാണം തുടങ്ങുന്നത്. 1920 മുതൽ ഈ ഭാഗങ്ങളിൽ ബാറ്റ് നിർമാണം ഉണ്ട് . ഐസിസി മാനദണ്ഡങ്ങൾ പാലിച്ചാണ് വർഷങ്ങളായി ഇവിടെത്തെ ബാറ്റ് നിർമാണം.

ഫോട്ടോ: നദീറ എപി

ഏകദിന ലോകകപ്പ് അരങ്ങേറ്റം

ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന മൂന്നു ടീമുകളാണ് കശ്മീർ വില്ലോ ബാറ്റുകൾ ഉപയോഗിക്കുന്നത് . ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഇക്കാര്യത്തിൽ കശ്മീരിലെ ക്രിക്കറ്റ് ബാറ്റ് മാനുഫാക്ചറിങ് അസോസിയേഷനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, യുഎഇ, ഒമാൻ എന്നീ ടീമുകളും ഇവിടെ നിര്‍മിച്ച ബാറ്റുകളുമായാണ്‌ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കിറങ്ങിയത്.

കശ്മീർ വില്ലോ  ബാറ്റുകൾ
കശ്മീർ വില്ലോ ബാറ്റുകൾഫോട്ടോ: നദീറ എപി

നേരത്തെ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ തിളങ്ങിയതിന്റെ പാരമ്പര്യവുമായാണ് ബാറ്റ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. വൻകിട കമ്പനികൾ കശ്മീർ വില്ലോ ബാറ്റുകൾ ഇവിടെനിന്ന് വാങ്ങി അവരുടെ ബ്രാൻഡിൽ വിപണിയിൽ ഇറക്കുന്നതായിരുന്നു നേരത്തെയുള്ള രീതി. ഇത്തവണ ഇതാദ്യമായാണ്  ഭൗമസൂചിക പദവിയുള്ള കാശ്മീർ താഴ്വരയുടെ സ്വന്തം ബാറ്റ്  അതേ പേരിൽ അന്താരാഷ്ട്ര  വിപണിയിലിറങ്ങുന്നത്.

കശ്മീർ വില്ലോ  ബാറ്റുകൾ
കശ്മീർ വില്ലോ ബാറ്റുകൾഫോട്ടോ: നദീറ എപി

സായിപ്പ് കൊണ്ട് വന്ന് നട്ട മരം

1889 - 1894 കാലഘട്ടത്തില്‍ ജമ്മു കശ്മീര്‍ സെറ്റില്‍മെന്റിന്റെ കമ്മീഷണര്‍ ആയിരുന്ന വോട്ടര്‍ റാപ്പര്‍ ലോറന്‍സാണ് ഇംഗ്ലീഷ് വില്ലോയുടെ ഒരു തൈ കശ്മീര്‍ താഴ്‌വരയില്‍ കൊണ്ട് വന്ന് നട്ടത്. ഇംഗ്ലണ്ടിന് സമാനമായ തണുപ്പുള്ള കാലാവസ്ഥയില്‍ കശ്മീര്‍ താഴ്‌വരയില്‍ തൈ ചെടി നന്നായി വളര്‍ന്നു. പിന്നീടത് വ്യാപകമായി. സാലിക്‌സ് ആല്‍ബ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന വില്ലോ മരങ്ങള്‍ കനം കുറഞ്ഞവയും തേയ്മാനത്തെ അതിജീവിക്കുന്നവയാണ്. ഈ സവിശേഷതയാണ് ക്രിക്കറ്റ് ബാറ്റുകള്‍ ഉണ്ടാക്കാന്‍ ഈ തടി തന്നെ ആശ്രയിക്കാന്‍ കാരണം.

ഇംഗ്ലീഷ് വില്ലോ മരങ്ങളുടെ അതെ സവിശേഷതയും തനിമയും ഒട്ടും ചോർന്നു പോകാതെയാണ്  ഇന്ത്യൻ മണ്ണിൽ വില്ലോകൾ വളരുന്നത് . ഇംഗ്ലീഷ് വില്ലോ മര ബാറ്റുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ പ്രിയമേറുമ്പോൾ  അത്രയൊന്നും ശ്രദ്ധ കിട്ടാതെ കളിക്കളത്തിൽ നിന്ന് പുറത്തു നിർത്തപെട്ടിരിക്കുകയായിരുന്നു  കശ്മീർ വില്ലോ ബാറ്റുകൾ. എന്നാൽ കുട്ടി ക്രിക്കറ്റിൽ  യു എ ഇ, ഒമാൻ ടീമുകൾ   ഈ ബാറ്റുകൾ ഉപയോഗിച്ചതോടെയാണ്  കശ്മീരിന്റെ തലവര തെളിഞ്ഞത്. ഓസ്‌ട്രേലിയയിൽവച്ച് നടന്ന മത്സരത്തിൽ യു എ ഇ യുടെ ബാറ്റ്സ്മാൻ  ജുനൈദ് സിദ്ധീഖി ശ്രീലങ്കക്കെതിരെ പറത്തിയ തകർപ്പൻ സിക്സറോടെയായിരുന്നു  കശ്മീർ വില്ലോ മര ബാറ്റുകളുടെ പെരുമ കടൽ കടന്നത്.

കശ്മീർ വില്ലോ  ബാറ്റ് നിർമാണ യൂണിറ്റുകളിലൊന്ന്
കശ്മീർ വില്ലോ ബാറ്റ് നിർമാണ യൂണിറ്റുകളിലൊന്ന്ഫോട്ടോ: നദീറ എപി

വിലയിലും കേമൻ നമ്മുടെ വില്ലോ ബാറ്റ്

ക്രിക്കറ്റ് കളിക്കാർക്കിടയിലും ആരാധകർക്കിടയിലും ഇംഗ്ലീഷ് വില്ലോ മരത്തടിയിൽ തീർത്ത ബാറ്റുകൾ ആണ് താരം. ഇവയ്ക്ക്‌ 85 ,000 മുതൽ ഒന്നര ലക്ഷം രൂപ വരെ മുടക്കണം. എന്നാൽ അതെ ഗുണമേന്മ ഉറപ്പു നൽകുന്ന അതെ നാട്ടിൽനിന്ന് വന്ന കശ്മീർ വില്ലോമര ബാറ്റുകൾ ക്രിക്കറ്റ് പ്രേമികൾക്ക്  പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ മുടക്കിയാൽ സ്വന്തമാക്കാം. ലോകകപ്പ് ക്രിക്കറ്റ് പ്രമാണിച്ച്  ഈ ക്രിക്കറ്റ് ഗ്രാമത്തിൽനിന്ന് 2 ലക്ഷത്തോളം ബാറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. ഒക്ടോബറിൽ വില്പന ഇതിലും കൂടും. കശ്മീർ താഴ്വരയിലെ  വില്ലോ ബാറ്റുകൾ  കൊണ്ട്  കളിക്കാർ റൺ മഴ പെയ്യിക്കുന്നതു കാണാൻ  കാത്തിരിക്കുകയാണ്  ബാറ്റുകളുടെ  ഗ്രാമം.

logo
The Fourth
www.thefourthnews.in