കൊളംബോയില്‍ മഴക്കളി; ഏഷ്യാകപ്പ് സൂപ്പർ 4, ഫൈനല്‍ മത്സരങ്ങള്‍ക്ക് പുതിയ വേദി
കൊളംബോയില്‍ മഴ കളിമുടക്കിയാകുന്നതിനാല്‍ ഏഷ്യാകപ്പ് നോക്കൗട്ട് മത്സരങ്ങള്‍ ശ്രീലങ്കയിലെ തീരദേശ നഗരമായ ഹമ്പന്‍ടോട്ടയിലേക്ക് മാറ്റുന്നു. പാകിസ്താനും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 4 മത്സരങ്ങളും ഫൈനലും കൊളംബോയില്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വരും ദിവസങ്ങളില്‍ അവിടെ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെയാണ് തീരുമാനം.
മത്സരങ്ങള്‍ യുഎഇയില്‍ നടത്തുന്നതും പരിഗണനയിലുണ്ടായിരുന്നു
പങ്കെടുക്കുന്ന എല്ലാ ടീമുകളെയും വേദി മാറ്റത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പാകിസ്താനിലെ അവസാന ലീഗ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ടീമുകള്‍ ഹമ്പന്‍ടോട്ടയിലേക്ക് പുറപ്പെടും. ഇന്ത്യന്‍ ടീം ഇനി പല്ലേക്കലെയില്‍ നിന്ന് പുതിയ വേദിയിലേക്ക് മാറും.
മത്സരങ്ങള്‍ യുഎഇയില്‍ നടത്തുന്നതും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ കളിക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. ലോകകപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ യുഎഇയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ കളിക്കുന്നത് അപകടമായതിനാലാണ് ഈ ആശയം നിരസിക്കപ്പെട്ടത്.
ശ്രീലങ്കയിലെ അടുത്ത മത്സരം സെപ്റ്റംബര്‍ ഒന്‍പതിനാണ്. അതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ എസിസിക്ക് സമയം ലഭിക്കും. അതിനിടെ ഏഷ്യാകപ്പില്‍ ശ്രീലങ്കയ്ക്ക് മുന്‍ഗണന നല്‍കിയതിനെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് എസിസിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയ്ക്ക് പാകിസ്താനില്‍ കളിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഏഷ്യാകപ്പ് പാകിസ്താനിലും യുഎഇയിലുമായി നടത്താമെന്ന് അറിയിച്ചിരുന്നതായും എന്നാല്‍ ഇത് അംഗീകരിക്കാത്തതാണ് ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ കാരണമെന്നും പിസിബി മുന്‍ ചെയര്‍മാന്‍ നജാം സേത്തി വിമര്‍ശിച്ചു.
''അഞ്ച് മത്സരങ്ങള്‍ പാകിസ്താനിലും എട്ടെണ്ണം യുഎഇയിലും നടത്താമെന്ന് ഞങ്ങള്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇത് അവര്‍ നിരസിക്കുകയും ഞങ്ങള്‍ വഴങ്ങിയില്ലെങ്കില്‍ ഏഷ്യാകപ്പ് ആതിഥേയത്വം ശ്രീലങ്കയ്ക്ക് മാത്രം നല്‍കുമെന്നും പറഞ്ഞു,'' സേത്തി പറഞ്ഞു. ബിസിസിഐ അവരുടെ അഭ്യര്‍ത്ഥനകളെല്ലാം നിരാകരിക്കുകയായിരുന്നുവെന്നും യുക്തിക്ക് വിരുദ്ധമായി എന്തുകൊണ്ടാണ് ശ്രീലങ്കയെ വേദിയായി അംഗീകരിച്ചതെന്നും ജയ്ഷായ്ക്ക് മാത്രമേ പറയാന്‍ സാധിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.ശ്രീലങ്കയിലെ വേദികളുടെ തിരഞ്ഞെടുപ്പുകളെല്ലാം അബദ്ധമായിരുന്നുവെന്ന് സേത്തി കുറ്റപ്പെടുത്തി.
എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല രീതിയില്‍ വേദി ക്രമീകരിച്ചതിന് എസിസിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും മറ്റു ടീമുകള്‍ ചൂണ്ടിക്കാട്ടി.
പല്ലേക്കലെയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക് ത്രില്ലര്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നതിനാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം.