ഏഷ്യാ കപ്പ് ഇന്ന് മുതല്‍; പോരാട്ടത്തിനൊരുങ്ങി ആറ് ടീമുകള്‍

ഏഷ്യാ കപ്പ് ഇന്ന് മുതല്‍; പോരാട്ടത്തിനൊരുങ്ങി ആറ് ടീമുകള്‍

ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാള്‍ പാകിസ്താനെ നേരിടും
Updated on
1 min read

ഏഷ്യയിലെ ക്രിക്കറ്റ് രാജാവാകാനുള്ള പോരാട്ടത്തിനൊരുങ്ങി ആറ് ടീമുകള്‍. ലോകകപ്പിന് മുന്‍പ് ഏഷ്യയിലെ പ്രധാന ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ടൂർണമെന്റിന് ഇന്ന് തുടക്കമാകും. പാകിസ്താനും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിന്റെ കലാശപ്പോരാട്ടം സെപ്റ്റംബര്‍ 17ന് കൊളംബോയിലാണ്.

ഉദ്ഘാടന മത്സരത്തില്‍ നേപ്പാള്‍ പാകിസ്താനെ നേരിടും. ആതിഥേയരെ കൂടാതെ ഇന്ത്യ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നിവരാണ് ഏഷ്യന്‍ ചാമ്പ്യന്‍ പട്ടത്തിനായി മത്സരിക്കുക. കഴിഞ്ഞ തവണ ടി20 ഫോര്‍മാറ്റിലായിരുന്ന മത്സരങ്ങള്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് നടക്കുന്നത്.

ടൂര്‍ണമെന്റില്‍ നേപ്പാളിന്റെ അരങ്ങേറ്റമാണിത്

പാകിസ്താനിലെ മുള്‍ട്ടാനിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍. എ ആര്‍ റഹ്‌മാനും ആത്തിഫ് അസ്ലവും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നാണ് ഉദ്ഘാടനച്ചടങ്ങിലെ പ്രധാന ആകര്‍ഷണം. ഇവിടെ വൈകീട്ട് മൂന്നിന് പാകിസ്താന്‍-നേപ്പാള്‍ മത്സരവും നടക്കും.

ഏഷ്യാ കപ്പിൽ നേപ്പാളിന്റെ അരങ്ങേറ്റമാണിത്. 2023ലെ ആദ്യ എസിസി പുരുഷ പ്രീമിയര്‍ കപ്പ് നേടിയാണ് നേപ്പാൾ യോഗ്യത നേടിയത്. ശ്രീലങ്കയിലെ കാന്‍ഡിയില്‍ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.

ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടാവുക. മൂന്ന് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരം. ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് എയിലും അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ അവസാന നാലിലേക്ക് കടക്കും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും ഓരോ തവണ എതിരാളിയുമായി ഏറ്റുമുട്ടും. ഈ ഘട്ടത്തിൽ ആദ്യ രണ്ടിലെത്തുന്ന രണ്ട് ടീമുകൾ ഫൈനലില്‍ മാറ്റുരയ്ക്കും.

ഏഷ്യാ കപ്പ് ഇന്ന് മുതല്‍; പോരാട്ടത്തിനൊരുങ്ങി ആറ് ടീമുകള്‍
കെ എൽ രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തില്ല; ഏഷ്യാകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്ത്

കഴിഞ്ഞ ടി20 പതിപ്പില്‍ ലങ്കയായിരുന്നു ചാമ്പ്യന്മാര്‍. പാകിസ്താനെ 23 റണ്‍സിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക ആ വര്‍ഷം കിരീടം നേടിയത്. ലോകകപ്പിന് മുന്‍പുള്ള മുന്നൊരുക്കമെന്ന നിലയിലാവും എല്ലാ ടീമുകളും ഏഷ്യാകപ്പിനെ കാണുന്നത്.

ഇന്ത്യ 17 അംഗ ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പരുക്ക് മാറിയെത്തിയ കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരെയും പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം രാഹുല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു. മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in