അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് 'ശുഭ'പ്രതീക്ഷ; സെഞ്ചുറി നേടി ശുഭ്മാന്‍ ഗിൽ
ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ശുഭ പ്രതീക്ഷ. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 എന്ന നിലയിലാണ്. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് ആശ്വാസമായത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ രണ്ടാം സെഞ്ചുറിയാണ് അഹമ്മദാബാദില്‍ പിറന്നത്. 238 പന്തില്‍ 128 റണ്‍സ് എടുത്താണ് ഗില്‍ കളം വിട്ടത്. അര്‍ധസെഞ്ചുറിയുടെ തിളക്കത്തില്‍ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്.
വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിച്ചത്. ഓപ്പണര്‍മാരായ ഗില്ലും രോഹിത് ശര്‍മയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 58 പന്തില്‍ 35 റണ്‍സെടുത്ത രോഹിത്തിനെ മാത്യു കുനെമാന്‍ പുറത്താക്കി. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയും (42) ഗില്ലും ചേര്‍ന്ന് 113 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടോഡ് മര്‍ഫി പൂജാരയെയും പിന്നാലെ നഥാന്‍ ലിയോണ്‍ ശുഭ്മാന്‍ ഗില്ലിനെയും മടക്കുകയായിരുന്നു. 235 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സും പറത്തിയാണ് ഗില്‍ സ്‌കോര്‍ 128 ല്‍ എത്തിച്ചത്.
128 പന്തില്‍ 59 റണ്‍സുമായി കോഹ്ലിയും 54 പന്തില്‍ 16 റണ്‍സുമായി ജഡേജയും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നുണ്ട്. മത്സരം രണ്ട് ദിവസം ശേഷിക്കേ ഇന്ത്യ കംഗാരുക്കളെക്കാള്‍ 191 റണ്‍സിന് പിന്നിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 480 റണ്‍സാണ് നേടിയത്.