ലോർഡ്‌സിൽ പെയ്തിറങ്ങിയത് റെക്കോഡുകൾ; നേട്ടം കൊയ്ത് സ്മിത്തും സ്‌റ്റോക്‌സും

ലോർഡ്‌സിൽ പെയ്തിറങ്ങിയത് റെക്കോഡുകൾ; നേട്ടം കൊയ്ത് സ്മിത്തും സ്‌റ്റോക്‌സും

ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്നലെ ഓസീസ് ഉയര്‍ത്തിയ 371 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിനു പുറത്താകുകയായിരുന്നു.
Updated on
3 min read

ലോർഡ്‌സിൽ നടന്ന ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 43 റണ്‍സിനു തോല്‍പിച്ചാണ് അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്താനും ഓസീസിന് കഴിഞ്ഞിരുന്നു. അതേസമയം ഒട്ടനവധി റെക്കോഡുകളും ഇരുടീമുകളിലെയും താരങ്ങൾ സ്വന്തമാക്കിയിരിക്കുകാണ്. സ്റ്റീവ് സ്മിത്തും ബെൻ സ്റ്റോക്സും അടക്കമുളള താരങ്ങൾ മറികടന്ന റെക്കോഡുകൾ നോക്കാം.

# ഒരു ടെസ്റ്റ് മത്സരത്തിന്റെ ഓരോ ഇന്നിംഗ്‌സിലും 300-ലധികം സ്‌കോർ ചെയ്‌തിട്ടും ഹോം ​ഗ്രൗണ്ടിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടത് 75 വർഷത്തിന് ശേഷമാണ്. ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്നലെ ഓസീസ് ഉയര്‍ത്തിയ 371 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിനു പുറത്താകുകയായിരുന്നു. ഇതിനു മുമ്പ് ഇങ്ങനെ സംഭവിച്ചത് 1948-ലാണ്. അന്ന് ലീഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 496 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 368 റണ്‍സും നേടിയിട്ടും ഓസ്‌ട്രേലിയയോട് ഏഴു വിക്കറ്റിനു തോറ്റിരുന്നു. അന്ന് 458, 404 എന്നിങ്ങനെയായിരുന്നു ഓസീസിന്റെ സ്‌കോറുകള്‍.

# 2017ൽ ഓവലിൽ കേശവ് മഹാരാജിന്റെ പന്തിൽ തുടർച്ചയായ മൂന്ന് സിക്‌സറുകൾ പറത്തിയ ബെൻ സ്‌റ്റോക്‌സ് കഴിഞ്ഞ ദിവസത്തെ കളിയോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് തവണ ഹാട്രിക് സിക്‌സറുകൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി. 82 റൺസുമായി ക്രീസിലുണ്ടായിരുന്ന സ്‌റ്റോക്‌സ് കാമറൂൺ ഗ്രീനിന്റെ പന്തിൽ മൂന്ന് സിക്‌സറുകൾ പറത്തി സെഞ്ചുറിയും നേടി. സ്‌റ്റോക്‌സ് 214 പന്തുകളില്‍ നിന്ന് ഒമ്പതു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 155 റണ്‍സാണ് നേടിയത്.

# ക്യാപ്റ്റനെന്ന നിലയിൽ ബെൻ സ്റ്റോക്‌സിന്റെ രണ്ടാം സെഞ്ചുറിയും ടെസ്റ്റിലെ അദ്ദേഹത്തിന്റെ 13-ാം സെഞ്ചുറിയുമാണ് ഇത്. ഇതിൽ നാലെണ്ണം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. 2022ൽ മാഞ്ചസ്റ്ററിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 103 റൺസ് നേടിയതാണ് ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ മറ്റൊരു ടെസ്റ്റ് സെഞ്ചുറി. 2019 ലെ ലീഡ്‌സിൽ പുറത്താകാതെ നിന്ന 135 റൺസ് എന്ന റെക്കോ‍ഡും സ്റ്റോക്സ് ഇന്നലെ മറികടന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ് ലോർഡസിൽ പിറന്നത്.

# ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ ആറാമതോ അതില്‍ താഴെയോ ഇറങ്ങി ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സ്‌റ്റോക്‌സ് ഇന്നലെ കുറിച്ചത്. 1999 നവംബറിൽ ഹോബാർട്ടിൽ പാക്കിസ്ഥാനെതിരെ ആദം ഗിൽക്രിസ്റ്റിന്റെ പുറത്താകാതെ 149 റൺസ് നേട്ടമാണ് ഇതിന് മുന്നെയുണ്ടായിരുന്ന റെക്കോ‍ഡ‍്.

# 94 ടെസ്റ്റുകളിൽ നിന്ന് 118 സിക്‌സറുകൾ നേടി സ്റ്റോക്‌സ് തന്റെ ടെസ്റ്റ് റെക്കോഡ് തിരുത്തി. 101 ടെസ്റ്റുകളിൽ നിന്ന് 107 സിക്സറുകളുമായി ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലമാണ് തൊട്ടു പിന്നിലുളളത്.

# ​ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം ഇന്നിങ്‌സില്‍ ഒരു ടീം നായകന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഒരിന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇംഗ്ലണ്ട് നായകന്‍ എന്ന റെക്കോഡും സ്‌റ്റോക്‌സ് സ്വന്തമാക്കി. ഒമ്പതു സിക്‌സറുകളാണ് ഇന്നലെ ആ ബാറ്റില്‍ നിന്നു പിറന്നത്.

# ആഷസ് ടെസ്റ്റിലെ ഒരു ഇന്നിംഗ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്ന റെക്കോഡും ഇനി സ്റ്റോക്‌സിന്റെ പേരിലാണ്. 2019-ൽ ലീഡ്‌സിൽ 135 റൺസ് നേടി പുറത്താകാതെ എട്ട് സിക്‌സറുകൾ അടിച്ച അദ്ദേഹത്തിന്റെ റെക്കോഡ് തന്നെയാണ് മറികടന്നത്.

# കരിയറിലെ ആദ്യ 100 ടെസ്റ്റുകൾക്കുള്ളിൽ 9,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റസ്മാനായി ഓസീസ് താരം സ്റ്റീവൻ സ്മിത്ത് നേട്ടം കൊയ്തു. 99 ടെസ്റ്റുകളിൽ നിന്നുമാണ് സ്മിത്തിന്റെ ഈ നേട്ടം. റിക്കി പോണ്ടിംഗ് (13378), അലൻ ബോർഡർ (11174), സ്റ്റീവ് വോ (10927) എന്നിവർക്ക് ശേഷം ടെസ്റ്റിൽ 9000 റൺസ് നേടുന് നാലാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് സ്മിത്ത്.

# സ്റ്റീവൻ സ്മിത്ത് ടെസ്റ്റിൽ 32 സെഞ്ചുറികൾ നേടി. ഓസ്‌ട്രേലിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സെഞ്ചുറി വേട്ടയാണിത്. റിക്കി പോണ്ടിംങാണ് സ്മിത്തിന് മുന്നിലുളളത്. 168 ടെസ്റ്റുകളിൽ നിന്ന് 41സെഞ്ചുറികളാണ് പോണ്ടിം​ഗ് നേടിയത്. 168 ടെസ്റ്റുകളിൽ നിന്ന് 32 സെഞ്ച്വറി നേടിയ സ്റ്റീവ് വോയാണ് മൂന്നാമതുളളത്.

# സ്റ്റീവൻ സ്മിത്തിന് ടെസ്റ്റിലെ തന്റെ പതിമൂന്നാം മാൻ ഓഫ് ദി മാച്ച് അവാർഡും കരസ്ഥമാക്കാനായി. ഇതിൽ എട്ടുതവണയും ഇംഗ്ലണ്ടിനെതിരെയായിരുന്നു. ആഷസിൽ ഏറ്റവുമധികം മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ റെക്കോർഡും സ്മിത്തിന്റെ പേരിലാണ്. ഇയാൻ ബോതം, റിക്കി പോണ്ടിംഗ്, ഷെയ്ൻ വോൺ എന്നിവർ അഞ്ച് പുരസ്‌കാരങ്ങളുമായി തൊട്ടുപിന്നിലുണ്ട്.

# ടെസ്റ്റിൽ, എട്ട് വർഷത്തിന് ശേഷമാണ് ലോർഡ്സിൽ സ്മിത്ത് മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്നത്. 2015ലാണ് ഒടുവിലായി താരം ഈ നേട്ടത്തിന് അർഹനായിരുന്നത്.

# മിച്ചൽ സ്റ്റാർക്ക് 79 ടെസ്റ്റുകളിൽ നിന്ന് 316 വിക്കറ്റ് വീഴ്ത്തി മറ്റൊരു നേട്ടം കൊയ്തതിനും ലോർഡ്സ് സാക്ഷ്യം വഹിച്ചു. ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ ബൗളർ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 73 ടെസ്റ്റുകളിൽ നിന്ന് 28.40 ശരാശരിയിൽ 313 വിക്കറ്റുകൾ നേടിയ മിച്ചൽ ജോൺസന്റെ റെക്കോർഡാണ് സ്റ്റാർക്ക് മറികടന്നത്. 13 തവണ 5 വിക്കറ്റ് നേട്ടവും ഒരു മത്സരത്തിൽ പത്തോ അതിലധികമോ വിക്കറ്റുകൾ നേടിയതും സ്റ്റാർക്കിന് വിക്കറ്റ് വേട്ടയിലുണ്ട്.

# ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ, ഒരു ടെസ്റ്റിന്റെ ഓരോ ഇന്നിംഗ്‌സിലും 75-ന് മുകളിൽ സ്‌കോർ ചെയ്യുന്ന എട്ടാമത്തെ ഇംഗ്ലണ്ട് ഓപ്പണറെന്ന നേട്ടം ബെൻ ഡക്കറ്റ് (98 & ​​83) സ്വന്തമാക്കി. ഹെർബർട്ട് സട്ട്‌ക്ലിഫും ജെഫ് ബോയ്‌കോട്ടും രണ്ട് തവണയും ആർതർ ഷ്രൂസ്‌ബറി, ആൽബർട്ട് വാർഡ്, ലെൻ ഹട്ടൺ, ഗ്രഹാം ഗൂച്ച്, മൈക്ക് ആതർട്ടൺ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുളളത്.

# 2013 ഓഗസ്റ്റിനും 2023 ജൂണിനുമിടയിൽ തുടർച്ചയായി 100 ടെസ്റ്റുകൾ കളിച്ച നഥാൻ ലിയോൺ, ഒരു ടീമിനായി ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ സ്പെഷ്യലിസ്റ്റ് ബൗളറും ആറാമത്തെ കളിക്കാരനുമായി. അലിസ്റ്റർ കുക്ക് (159), അലൻ ബോർഡർ (153), മാർക്ക് വോ (107), സുനിൽ ഗാവസ്‌കര്‍ (106), ബ്രണ്ടൻ മക്കല്ലം (101) എന്നിവരാണ് നഥാന് മുന്നെ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

# ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടെ 300 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന നേട്ടം ഉസ്മാൻ ഖവാജ സ്വന്തമാക്കി.

# എട്ട് മത്സരങ്ങളിൽ മൂന്ന് സെഞ്ചുറികളും നാല് അർധസെഞ്ചുറികളും ഉൾപ്പെടെ 64.69 ശരാശരിയിൽ 841 റൺസ് നേടിയ ഖവാജയാണ് ഈ വർഷം ടെസ്റ്റിലെ ഏറ്റവും ഉയർന്ന റൺസ് നേടിയിരിക്കുന്നത്. ഏഴ് ടെസ്റ്റുകളിൽ നിന്ന് 636 റൺസ് നേടിയ (53.00) ട്രാവിസ് ഹെഡാണ് തൊട്ടു പിന്നിലുളളത്.

# അഞ്ച് ടെസ്റ്റുകളിൽ നിന്ന് 24.81 ശരാശരിയിൽ 27 വിക്കറ്റ് വീഴ്ത്തി ടെസ്റ്റിൽ 25ൽ അധികം വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറായി സ്റ്റുവർട്ട് ബ്രോഡ് ഈ വർഷം മികച്ച പ്രകടനം നടത്തി. നഥാൻ ലിയോൺ (എട്ട് ടെസ്റ്റിൽ 38), ബ്രോഡ് (അഞ്ചിൽ 27), രവീന്ദ്ര ജഡേജ (അഞ്ചിൽ 26), രവിചന്ദ്രൻ അശ്വിൻ (നാലിൽ 25) എന്നിവരാണ് ഈ വർഷത്തെ ടെസ്റ്റിൽ ഏറ്റവും മികച്ച നാല് വിക്കറ്റ് വേട്ടക്കാർ.

logo
The Fourth
www.thefourthnews.in