കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി, ഓസ്‌ട്രേലിയയോട് ഒൻപത് റണ്‍സിന് തോറ്റു

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വെള്ളി, ഓസ്‌ട്രേലിയയോട് ഒൻപത് റണ്‍സിന് തോറ്റു

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 65 റണ്‍സ് നേടിയെങ്കിലും തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല
Updated on
1 min read

സ്വര്‍ണനേട്ടം കൊതിച്ച് ഫൈനലില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് വെള്ളികൊണ്ട് മടക്കം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റിലെ ആദ്യ സ്വർണം ഓസ്‌ട്രേലിയയ്ക്ക്. വനിതാ ക്രിക്കറ്റ് ഫൈന‍ലിൽ ഒൻപത് റണ്‍സിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 65 റണ്‍സ് നേടി മുന്നിൽ നിന്ന നയിച്ചെങ്കിലും തോല്‍വിയില്‍ നിന്ന് കരകയറ്റാനായില്ല. 162 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ 152 റണ്‍സിന് പുറത്തായി.

ഷഫ്‌ലി വര്‍മയും സ്മൃതി മന്ദാനയും വളരെ ചെറിയ റണ്‍സിന് ആദ്യം തന്നെ പുറത്തായി.പിന്നീട് ഇറങ്ങിയ ജെമ്മി റോഡ്രിഗസും ഹര്‍മന്‍ പ്രീത് കൗറും ചേര്‍ന്ന കൂട്ടുകെട്ട് 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി . 33 പന്തിൽ 33 റണ്‍സ് എടുത്താണ് ജെമ്മി പുറത്താവുന്നത്. ആഷ്‌ലി ഗാര്‍ഡ്‌നെറിന്റെ മികച്ച ഡെലിവറികളിലൂടെ ഹര്‍മന്‍പ്രീതും പൂജാ വസ്ത്രാകാറും പുറത്തായി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി.

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ലാനിംഗ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 41 പന്തില്‍ 61 റണ്‍സ് നേടിയ ബെത്ത് മൂണിയാണ് ഓസ്‌ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 161 റണ്‍സ് എടുത്തു. രാധാ യാദവ് തന്റെ മികച്ച ഫീല്‍ഡിങിലൂടെ കളി ഇന്ത്യക്ക് അനുകൂലമാക്കിയിരുന്നു. ആദ്യം മെഗ് ലാനിംഗിനെ റണ്‍ഔട്ടാക്കി, പിന്നീട് തഹ്ലിയ മെഗ്രാത്തിനെ മികച്ച ക്യാച്ചിലൂടെ പുറത്താക്കി. എന്നാല്‍ അതിനു മുൻപ് തന്നെ മൂണിയും ലാനിംഗും ആക്രമോത്സുകമായ ഇന്നിങ്‌സുകളിലൂടെ ഓസ്‌ട്രേലിയയ്ക്ക് കളിയില്‍ അടിത്തറ പാകിയിരുന്നു. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഓസ്‌ട്രേലിയ സ്വർണം സ്വന്തമാക്കിയത്.

logo
The Fourth
www.thefourthnews.in