ഐറിഷ് പടയെ വീഴ്ത്തി കങ്കാരുക്കൾ

ഐറിഷ് പടയെ വീഴ്ത്തി കങ്കാരുക്കൾ

48 പന്തിൽ നിന്ന് 71 റൺസെടുത്ത ലോർക്കൻ ടക്കറുടെ അർദ്ധ സെഞ്ചുറി വിഫലം
Updated on
1 min read

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങിയ അയർലൻഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി. ടി 20 ലോകകപ്പിന്റെ നാലാം മത്സരത്തിൽ 42 റൺസിന്റെ തോൽവിയാണ് അവർ ഏറ്റ് വാങ്ങിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ച് പോയിന്റോടെ ഓസ്‌ട്രേലിയ രണ്ടാമതെത്തി.

ഓസ്‌ട്രേലിയ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന്റെ ബാറ്റർമാർ ഓസ്‌ട്രേലിയയുടെ ബൗളിങ്ങിന് മുന്നിൽ തകരുകയായിരുന്നു. 18.1 ഓവറിൽ 137 റൺസിന് അയർലൻഡ് പുറത്തായി. ഒരുഘട്ടത്തിൽ അയര്‍ലന്‍ഡ്‌ എളുപ്പം കീഴടങ്ങുമെന്ന് തോന്നിച്ചെങ്കിലും 50ാം അന്താരാഷ്ട്ര ടി 20 മത്സരത്തിനിറങ്ങിയ ലോർക്കൻ ടക്കറുടെ അർദ്ധ സെഞ്ചുറിയാണ് മാന്യമായ സ്കോർ സമ്മാനിച്ചത്. 48 പന്തിൽ നിന്ന് 71 റൺസെടുത്ത ടക്കർ പുറത്താകാതെ നിന്നു. ഒമ്പത് ഫോറും ഒരു സിക്സുമാണ് അദ്ദേഹം നേടിയത്. മിച്ചൽ സ്റ്റാർക്കും, ഗ്ലെൻ മാക്‌സ്‌വെല്ലും, ആദം സാമ്പയും, പാറ്റ് കമ്മിൻസും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, മാർക്കസ് സ്റ്റോയിനിസ്, ഒരു വിക്കറ്റ് നേടി.

ടോസ് നഷ്ടപെട്ട്‌ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് നായകൻ ആരോൺ ഫിഞ്ചിന്റെ (63) അർദ്ധ സെഞ്ചുറിയാണ് തുണയായത്. നാല്പത്തിനാല് പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. നായകനായ ശേഷമുള്ള ആദ്യ അന്താരാഷ്ട്ര അർദ്ധ സെഞ്ചുറിയാണ് ഫിഞ്ച് ബ്രിസ്ബേനിൽ കുറിച്ചത്. 25 പന്തിൽ 35 റൺസ് എടുത്ത മാർക്കസ് സ്റ്റോയിനിസും, 22 പന്തിൽ 28 റൺസെടുത്ത മിച്ചൽ മാർഷും മികച്ച സംഭാവന നൽകി. പത്ത്‌ പന്തിൽ പതിനഞ്ച് റൺസുമായി ടിം ഡേവിഡും, മൂന്ന് പന്തിൽ ഏഴ് റൺസുമായി മാത്യു വെയ്ഡും പുറത്താകാതെ നിന്നു. അയർലൻഡിന് വേണ്ടി നാലോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാരി മക്കാർത്തി ബൗളിങ്ങിൽ തിളങ്ങി.

logo
The Fourth
www.thefourthnews.in