ഇന്ത്യ കീഴടങ്ങി; ലോക ടെസ്റ്റ് ചാമ്പ്യന്മാരായി കംഗാരുപ്പട
കോഹ്ലി മാജിക്കും രഹാനെ റെസിസ്റ്റുമൊന്നും സംഭവിച്ചില്ല. ഓവലില്‍ അദ്ഭുതങ്ങള്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കി ഇന്ത്യ തലകുനിച്ചപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. ഫൈനല്‍ ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇന്ത്യയെ 234 റണ്‍സിന് എറിഞ്ഞിട്ട ഓസീസ് 209 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍:- ഓസീസ് 469, 270/8(ഡിക്ല). ഇന്ത്യ: 296, 234
ജയത്തോടെ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ലോക കിരീടം നേടുന്ന ആദ്യ ടീമാകാനും ഓസീസിനായി. നേരത്തെ അഞ്ചു തവണ ഏകദിന ലോകകപ്പും രണ്ടു തവണ ചാമ്പ്യന്‍സ് ട്രോഫിയും ഒരു തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പും നേടിയിട്ടുള്ള ഓസീസിന്റെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടിയാണിത്.
അതേസമയം ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിയും. ഇതിനു മുമ്പ് 2019-2021 സീസണില്‍ നടന്ന പ്രഥമ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യക്ക് തോല്‍വിയായിരുന്നു ഫലം. അന്ന് ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലന്‍ഡാണ് ജേതാക്കളായത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 444 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ അവസാന ദിനമായ ഇന്ന് മൂന്നിന് 164 എന്ന നിലയിലാണ് ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ ഇന്ന് ആദ്യ സെഷനില്‍ വെറും 23.3 ഓവര്‍ മാത്രമാണ് ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായത്.
തലേന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പിടിച്ചു നിന്ന മുന്‍ നായകന്‍ വിരാട് കോഹ്ലി-മധ്യനിര താരം അജിന്‍ക്യ രഹാനെ സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ ഇന്നത്തെ ഏഴാം ഓവറില്‍ തന്നെ ഈ പ്രതീക്ഷകള്‍ക്കു മേല്‍ ഓസീസ് പേസര്‍ സ്‌കോട്ട് ബോളണ്ട് പ്രഹരമേല്‍പിച്ചു.
രണ്ടു പന്തുകളുടെ ഇടവേളയില്‍ കോഹ്ലിയെയും പിന്നീടെത്തിയ രവീന്ദ്ര ജഡേജയെയും വീഴ്ത്തിയ ബോളണ്ട് പൊരുതാനുള്ള ഇന്ത്യയുടെ ത്രാണി ഇല്ലാതാക്കി. ഇന്നലത്തെ സ്‌കോറില്‍ നിന്ന് വെറും അഞ്ച് റണ്‍സ് മാത്രമാണ് കോഹ്ലിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 78 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 49 റണ്‍സ് നേടിയ കോഹ്ലിയെ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്ത് പിടികൂടുകയായിരുന്നു.
കോഹ്ലിക്കു പകരമെത്തിയ ജഡേജയ്ക്ക് രണ്ട് പന്തിന്റെ ആയുസേ ഉണ്ടായിള്ളു. വിക്കറ്റിനു പിന്നില്‍ ക്യാച്ച് നല്‍കി ജഡ്ഡു മടങ്ങിയതോടെ ഇന്ത്യന്‍ ആരാധകരുടെ സമനില പ്രതീക്ഷകള്‍ എല്ലാം രഹാനെയില്‍ മാത്രമായി. പക്ഷേ അതിനും അധികം ആയുസുണ്ടായില്ല. പത്തോവറിനുള്ളില്‍ രഹാനെയെ മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യക്കു മേല്‍ അവസാന ആണിയടിച്ചു.
108 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 46 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. പിന്നീടെല്ലാം ചടങ്ങായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്(23) തോല്‍വി ഭാരം കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓള്‍റൗണ്ടര്‍ ഷാര്‍ദ്ദൂല്‍ താക്കൂര്‍(0), ഉമേഷ് യാദവ്(1), മുഹമ്മദ് സിറാജ്(1) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയപ്പോള്‍ 13 റണ്‍സുമായി മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയയ്ക്കു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണും മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ സ്‌കോട്ട് ബോളണ്ടുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒരു വിക്കറ്റുമായി പാറ്റ് കമ്മിന്‍സും മികച്ച പിന്തുണ നല്‍കി.