നാലാം ടെസ്റ്റ് മഴയിലൊലിച്ചു; ആഷസ് കിരീടം നിലനിര്‍ത്തി ഓസീസ്

നാലാം ടെസ്റ്റ് മഴയിലൊലിച്ചു; ആഷസ് കിരീടം നിലനിര്‍ത്തി ഓസീസ്

നാലാം ദിനമായ ഇന്നലെ ഭൂരിഭാഗം സമയവും അഞ്ചാം ദിനമായ ഇന്നു പൂര്‍ണമായും മഴ കളി മുടക്കിയതോടെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ സമനില നേടിയെടുക്കുകയായിരുന്നു.
Updated on
1 min read

ആഷസ് കിരീടം ഓസ്‌ട്രേലിയയില്‍ തന്നെ തുടരും. ബെന്‍ സ്‌റ്റോക്‌സിന്റെ നേതൃത്വത്തില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള ഇംഗ്ലീഷ് ശ്രമങ്ങള്‍ കനത്ത മഴയില്‍ ഒലിച്ചതോടെയാണ് ഒരു മത്സരം ബാക്കിനില്‍ക്കെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റ് മഴയെത്തുടര്‍ന്ന് സമനിലയില്‍ അവസാനിച്ചതോടെയാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തകര്‍ന്നത്.

നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമേ കിരീടം തിരിച്ചുപിടിക്കാന്‍ ഇംഗ്ലണ്ടിന് സാധ്യത അവശേഷിക്കുമായിരുന്നുള്ളു. മത്സരത്തില്‍ ഇംഗ്ലണ്ട് മേല്‍കൈ നേടുകയും ചെയ്തതാണ്. എന്നാല്‍ നാലാം ദിനമായ ഇന്നലെ ഭൂരിഭാഗം സമയവും അഞ്ചാം ദിനമായ ഇന്നു പൂര്‍ണമായും മഴ കളി മുടക്കിയതോടെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ സമനില നേടിയെടുക്കുകയായിരുന്നു.

മത്സരത്തില്‍ ഓസീസ് ഒന്നാമിന്നിങ്‌സില്‍ 317 റണ്‍സാണ് നേടിയത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങില്‍ ഒന്ാമിന്നിങ്‌സില്‍ 592 റണ്‍സ് നേടിയ ഇംഗ്ലണ്ട് 275 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. പിന്നീട് ഓസീസിന്റെ രണ്ടാമിന്നിങ്‌സില്‍ മികച്ച ബൗളിങ്ങിലൂടെ എതിരാളികളെ വട്ടകറക്കി മത്സരത്തില്‍ മേല്‍കൈ നേടിയപ്പോഴാണ് മഴ കളിമുടക്കിയത്.

മഴകളിച്ച നാലാം ദിനം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂകെട്ടുയര്‍ത്തി മാര്‍നസ് ലബുഷെയ്‌നും മിച്ചല്‍ മാര്‍ഷും ഓസീസിനായി പൊരുതി നിന്നു. അഞ്ചിന് 214 എന്ന നിലയില്‍ ഇംഗ്ലീഷ് ലീഡിന് 61 റണ്‍സ് പിറകില്‍ നില്‍ക്കെ മഴയെത്തുടര്‍ന്ന് നാലാം ദിനം കളിനിര്‍ത്തി വച്ചു. തുടര്‍ന്ന് മഴകാരണം ഒരു പന്തു പോലും എറിയാനാകാതെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

അഞ്ചു മത്സര പരമ്പരയില്‍ നിലവില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓസ്‌ട്രേലിയ 2-1 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഓവലില്‍ 27-ന് ആരംഭിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചാല്‍ പോലും പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാകുകയേ ഉള്ളു. അതോടെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തന്നെ കിരീടം കൈവശം വയ്ക്കാമെന്നതിനാല്‍ ഇത്തവണയും ആഷസ് ഇംഗ്ലണ്ടിന് സ്വപ്‌നമായി തുടരും. ഓസീസിന്റെ തുടര്‍ച്ചയായ നാലാം ആഷസ് കിരീട ജയമാണിത്.

logo
The Fourth
www.thefourthnews.in