സ്‌റ്റോക്‌സിന്റെ പോരാട്ടം പാഴായി; രണ്ടാം ആഷസ് ടെസ്റ്റിലും ഓസീസ്

സ്‌റ്റോക്‌സിന്റെ പോരാട്ടം പാഴായി; രണ്ടാം ആഷസ് ടെസ്റ്റിലും ഓസീസ്

ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്താനും ഓസീസിനായി. മൂന്നാം ടെസ്റ്റ് ആറിന് ലീഡ്‌സില്‍ ആരംഭിക്കും.
Updated on
1 min read

അവിശ്വസനീയ ജയത്തിനായി നായകന്‍ ബെന്‍ സ്‌റ്റോക്‌സ് കിണഞ്ഞു പൊരുതിയിട്ടും ഇംഗ്ലണ്ട് ലക്ഷ്യത്തിനകലെ വീണു. ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ന് ഓസ്‌ട്രേലിയ ആതിഥേയരെ 43 റണ്‍സിനു തോല്‍പിച്ചു. ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഓസീസ് ഉയര്‍ത്തിയ 371 റണ്‍സ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിനു പുറത്താകുകയായിരുന്നു.

തകര്‍പ്പന്‍ സെഞ്ചുറിയുമായി പൊരുതിയ സ്‌റ്റോക്‌സിന്റെയും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെയും മികവാണ് ഇംഗ്ലണ്ടിനെ പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്. ഇംഗ്ലീഷ് നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ല.

സ്‌റ്റോക്‌സ് 214 പന്തുകളില്‍ നിന്ന് ഒമ്പതു വീതം സിക്‌സറുകളും ബൗണ്ടറികളും സഹിതം 155 റണ്‍സ് നേടിയപ്പോള്‍ 112 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 83 റണ്‍സാണ് ഡക്കറ്റ് സ്വന്തമാക്കിയത്. മറ്റെല്ലാവരും നിരാശപ്പെടുത്തിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഓപ്പണര്‍ സാക് ക്രോളി(3), മധ്യനിര താരങ്ങളായ ഒലി പോപ്പ്(3), ജോ റൂട്ട്(18), ഹാരി ബ്രൂക്ക്(4), ജോണി ബെയര്‍സ്‌റ്റോ(10), സ്റ്റിയുവര്‍ട്ട് ബ്രോഡ്(11) എന്നിവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നായകന്‍ പാറ്റ് കമ്മിന്‍സ്, സഹപേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ് എന്നിവരാണ് ഓസീസിനായി ബൗളിങ്ങില്‍ തിളങ്ങിയത്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനാണ് ശേഷിച്ച ഒരു വിക്കറ്റ്. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നിലെത്താനും ഓസീസിനായി. മൂന്നാം ടെസ്റ്റ് ആറിന് ലീഡ്‌സില്‍ ആരംഭിക്കും.

logo
The Fourth
www.thefourthnews.in