ഏഷ്യാ കപ്പ് ക്രിക്കറ്റ്: ആദ്യ ജയം പാകിസ്താന്
2023 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം. ഇന്ന് മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ അവര്‍ 238 റണ്‍സ് എന്ന കൂറ്റന്‍ മാര്‍ജിനിലാണ് ദുര്‍ബലരായ നേപ്പാളിനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന്റെ പോരാട്ടം 23.4 ഓവറില്‍ വെറും 104 റണ്‍സില്‍ അവസാനിച്ചു.
നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഷദാബ് ഖാന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് നേപ്പാളിനെ തകര്‍ത്തത്. രണ്ടു വിക്കറ്റുകളുമായി ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവ ഷദാബിന് മികച്ച പിന്തുണ നല്‍കി. നസീം ഷാ, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേപ്പാള്‍ നിരയില്‍ വെറും മൂന്നു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 46 പന്തുകളില്‍ നിന്ന് 28 റസേ് നേടിയ സോംപാല്‍ കാമി ടോപ്‌സ്‌കോററായി. 26 റണ്‍സ് നേടിയ ആരിഫ് ഷെയ്ഖ്, 13 റണ്‍സ് നേടിയ ഗുല്‍സാന്‍ ഝാ എന്നിവരാണ് മറ്റു രണ്ടു പേര്‍.
നേരത്തെ സെഞ്ചുറി നേടിയ നായകന്‍ ബാബര്‍ അസമിന്റെയും മധ്യനിര താരം ഇഫ്തിഖര്‍ അഹ്മദിന്റെയും മികച്ച ബാറ്റിങ്ങാണ് പാകിസ്താനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ബാബര്‍ 131 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 151 റണ്‍സ് നേടിയപ്പോള്‍ 71 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 109 റണ്‍സുമായി ഇഫ്തിഖര്‍ പുറത്താകാതെ നിന്നു.