ഓപ്പണര്‍മാരെ നഷ്ടമായി; ഇന്ത്യക്കെതിരേ പാകിസ്താന് പതിഞ്ഞ തുടക്കം

ഓപ്പണര്‍മാരെ നഷ്ടമായി; ഇന്ത്യക്കെതിരേ പാകിസ്താന് പതിഞ്ഞ തുടക്കം

പാകിസ്താന്‍ 20 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്.
Updated on
1 min read

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന് പതിഞ്ഞ തുടക്കം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 20 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയിലാണ്. 33 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോശട 30 റണ്‍സുമായി നായകന്‍ ബാബര്‍ അസമും 25 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍.

ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖിന്റെയും അബ്ദുള്ള ഷഫീഖിന്റെയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 38 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 36 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിനെ ഹാര്‍ദ്ദിക് പാണ്ഡ്യയും 24 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 20 റണ്‍സ് നേടിയ ഷഫീഖിനെ മുഹമ്മദ് സിറാജുമാണ് വീഴ്ത്തിയത്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഇരുകൂട്ടരും മൂന്നാം ജയം തേടിയാണ് ഇന്ന് കൊമ്പുകോര്‍ക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനെയും ശ്രീലങ്കയെയും തോല്‍പിച്ചാണ് പാകിസ്താന്റെ വരവെങ്കില്‍ കരുത്തരായ ഓസ്ട്രേലിയയെയും ഇന്ത്യന്‍ പിച്ച് സുപരിചിതരായ അഫ്ഗാനിസ്ഥാനെയും തോല്‍പിച്ചാണ് രോഹിത് ശര്‍മയും കൂട്ടരും ഇറങ്ങുയത്.

അവസാന മത്സരത്തില്‍ കളിച്ച ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഡെങ്കിപ്പനി മാറി തിരിച്ചെത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ പുറത്തുപോയി. പാകിസ്താന്‍ ടീമില്‍ മാറ്റമില്ല.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇതിനു മുമ്പ് ഏഴുതവണ കൊമ്പുകോര്‍ത്തപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാന ലോകകപ്പില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യ പാക് പടയെ തുരത്തിയത്. ഇരുകൂട്ടരും ഏറ്റവും ഒടുവില്‍ രാജ്യന്തര തലത്തില്‍ ഏറ്റുമുട്ടിയത് ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലാണ്. അന്ന് 228 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്.

logo
The Fourth
www.thefourthnews.in