ഫീല്‍ഡിങ്ങിനിടെ കൂട്ടിയിടിച്ചു വീഴുന്ന ലങ്കന്‍ താരങ്ങളായ ആഷെന്‍ ബണ്ഡാരയും ജെഫ്രി വാന്‍ഡെര്‍സെയും.
ഫീല്‍ഡിങ്ങിനിടെ കൂട്ടിയിടിച്ചു വീഴുന്ന ലങ്കന്‍ താരങ്ങളായ ആഷെന്‍ ബണ്ഡാരയും ജെഫ്രി വാന്‍ഡെര്‍സെയും.അജയ് മധു.

കോഹ്ലിയെ 'പിടിക്കാന്‍' ശ്രമം; കൂട്ടിയിടിച്ച ലങ്കന്‍ താരങ്ങള്‍ ആശുപത്രിയില്‍

ശ്രീലങ്കന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ആഷെന്‍ ബണ്ഡാര, സ്പിന്നര്‍ ജെഫ്രി വാന്‍ഡെര്‍സെ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
Updated on
1 min read

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കാത്ത സംഭവങ്ങളും. തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച വിരാട് കോഹ്ലിയുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കൂട്ടിയിടിച്ചു വീണു ലങ്കന്‍ താരങ്ങള്‍ക്ക് ഗുരുതര പരുക്ക്.

ശ്രീലങ്കന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ആഷെന്‍ ബണ്ഡാര, സ്പിന്നര്‍ ജെഫ്രി വാന്‍ഡെര്‍സെ എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 43-ാം ഓവറിലായിരുന്നു സംഭവം. ചമിക കരുണരത്‌നെ എറിഞ്ഞ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലി ഉതിര്‍ത്ത ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ ഇരുവരും കൂട്ടിയിടിക്കുകയായിരുന്നു.

ഓഫ്‌സ്റ്റംപിനു പുറത്തുവന്ന് ഷോര്‍ട്ട് ബോള്‍ കോഹ്ലി ലെഗ്‌സൈഡിലേക്ക് പുള്‍ ചെയ്യുകയായിരുന്നു. അതിവേഗം ബൗണ്ടറിയിലേക്കു കുതിച്ച പന്ത് തടയാന്‍ ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ നിന്ന് വാന്‍ഡെര്‍സെയും ഡീപ് മീഡ്‌വിക്കറ്റില്‍ നിന്നു ബണ്ഡാരയും കുതിച്ചെത്തി.

പന്തിന്മേലായിരുന്നു ഇരുവരുടെയും ശ്രദ്ധയെന്നതിനാല്‍ പരസ്പരം കണ്ടിരുന്നില്ല. പന്ത് തടയാന്‍ ഗ്രൗണ്ടില്‍ സ്‌ളൈഡ് ചെയ്ത ബണ്ഡാര വാന്‍ഡെര്‍സെയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബണ്ഡാരയുടെ കാല്‍മുട്ടിന് സ്ഥാനചലനം സംഭവിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കൂട്ടിയിടിയെത്തുടര്‍ന്നുള്ള വീഴ്ചയില്‍ വാന്‍ഡെര്‍സെയുടെ കഴുത്തിനും സാരമായ പരുക്കു പറ്റി.

ടീം ഡോക്ടര്‍മാര്‍ നല്‍കിയ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ഇരുവരെയും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്കു നീക്കി. സ്‌ട്രെക്ചറിലാണ് ഇരുവരെയും ഗ്രൗണ്ടില്‍ നിന്നു പുറത്തേക്ക് കൊണ്ടുപോയത്. ബണ്ഡാരയുടെ പരുക്ക് അതീവ ഗുരുതരമാണമെന്നു കുറഞ്ഞത് ആറു മാസത്തോളം താരത്തിനു കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നുമാണ് അനൗദ്യോഗിക വിവരം. താരങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്താന്‍ ലങ്കന്‍ ടീം മാനേജ്‌മെന്റ് ഇതുവരെ തയാറായിട്ടില്ല. തലയ്ക്കും കഴുത്തിനും പരുക്കേറ്റ വാന്‍ഡെര്‍സെയ്ക്കു പകരം കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ദുനിത് വെല്ലലാഗയെ ഉള്‍പ്പെടുത്തിയാണ് ലങ്ക ചേസിങ്ങിന് ഇറങ്ങിയത്.

logo
The Fourth
www.thefourthnews.in