നാണംകെട്ട് ഇന്ത്യ, ബംഗ്ലാദേശിൽ പരമ്പര തോൽവി

നാണംകെട്ട് ഇന്ത്യ, ബംഗ്ലാദേശിൽ പരമ്പര തോൽവി

ഇതു രണ്ടാം തവണയാണ് ഇന്ത്യ ബംഗ്ലാദേശിനു മുന്നില്‍ ഏകദിന പരമ്പര അടിയറ വയ്ക്കുന്നത്. നേരത്തെ 2016-ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനു മുമ്പ് ബംഗ്ലാദേശിനോട് കീഴടങ്ങിയിട്ടുള്ളത്.
Updated on
1 min read

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കൈവിട്ട് ടീം ഇന്ത്യ. ഇന്നു നടന്ന നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ അഞ്ചു റണ്‍സിനു തോറ്റാണ് ഇന്ത്യ ഒരു മത്സരം ബാക്കിനില്‍ക്കെ പരമ്പര കൈവിട്ടത്. പരുക്കേറ്റിട്ടും അവസാന പന്ത് വരെ പൊരുതിയ നായകന്‍ രോഹിത് ശര്‍മയുടെ പോരാട്ടവും നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ തുണച്ചില്ല. പരമ്പരയിലെ അവസാന മത്സരം 10-ന് ചത്തോഗ്രമില്‍ നടക്കും. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യ ബംഗ്ലാദേശിനു മുന്നില്‍ ഏകദിന പരമ്പര അടിയറ വയ്ക്കുന്നത്. നേരത്തെ 2016-ല്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമാണ് ഇതിനു മുമ്പ് ബംഗ്ലാദേശിനോട് കീഴടങ്ങിയിട്ടുള്ളത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 272 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. അര്‍ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍(82), ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍(56), നായകന്‍ രോഹിത് ശര്‍മ(51 നോട്ടൗട്ട്) എന്നിവര്‍ക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. രോഹിതിനു പരുക്കേറ്റതിനേത്തുടര്‍ന്ന് ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി(5) മറ്റൊരു ഓപ്പണര്‍ ശിഖര്‍ ധവാന്‍(8), കെ.എല്‍. രാഹുല്‍(14), ഷാര്‍ദ്ദൂല്‍ താക്കൂര്‍(7) തുടങ്ങിയവര്‍ നിരാശപ്പെടുത്തി.

ഒരുഘട്ടത്തില്‍ എട്ടിന് 213 എന്ന നിലയില്‍ വന്‍ പരാജയത്തെ അഭിമുഖീകരിച്ച ഇന്ത്യയെ പരുക്ക് വകവയ്ക്കാതെ ഒമ്പതാമനായി ബാറ്റിങ്ങിനിറങ്ങിയ നായകന്‍ രോഹിത് ശര്‍മയാണ് ജയത്തോട് അടുപ്പിച്ചത്. 28 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 51 റണ്‍സുമായാണ് രോഹിത് പുറത്താകാതെ നിന്നത്. ബംഗ്ലാദേശിനായി എബദോട്ട് ഹൊസൈൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ മെഹ്ദി ഹസൻ, ഷാകിബ് അൽ ഹസൻ രണ്ടും, മുസ്തഫിസുർ റഹ്മാൻ, മഹമ്മദുല്ല ഓരോ വിക്കറ്റും നേടി.

പരമ്പര നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഷഹബാസ് അഹമ്മദിനും, കുൽദീപ് സെന്നിനും പകരം അക്‌സർ പട്ടേലും ഉമ്രാന്‍ മാലിക്കും ഇടം നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. 69 റൺസ് അക്കൗണ്ടിൽ എത്തുമ്പോൾ ആറ് വിക്കറ്റ് വീണ് തകർന്ന അവരെ മെഹ്ദി ഹസനും മഹമ്മദുല്ലയും ചേർന്നാണ് രക്ഷപെടുത്തിയത്.

കഴിഞ്ഞ മത്സരത്തിൽ നിർത്തിയിടത്തുനിന്ന് തുടങ്ങിയ 83 പന്തിൽ നാല് സിക്‌സും എട്ട് ഫോറും സഹിതം മെഹ്ദി 100 റൺസടിച്ചു. മഹമ്മദുല്ലയോടൊപ്പം ഏഴാം വിക്കറ്റിൽ 148 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും മെഹ്ദിക്കായി. ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ഉയർന്ന കൂട്ടുകെട്ടാണ് ഇന്ന് ഇരുവരും മിർപൂരിൽ കുറിച്ചത്. മഹമ്മദുല്ല പുറത്തായ ശേഷം വന്ന നസൂം അഹമ്മദിനെ കൂട്ടപിടിച്ച മെഹ്ദി ഹസൻ സ്കോർ 271ൽ എത്തിച്ചു. ഇന്ത്യയ്ക്കായി വാഷിംഗ്‌ടൺ സുന്ദർ മൂന്നും, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

logo
The Fourth
www.thefourthnews.in