ഗില്ലിന്റെ സെഞ്ചുറിയും അക്സറിന്റെ പോരാട്ടവും പാഴായി; ഏഷ്യാകപ്പില്‍ ആശ്വാസ ജയവുമായി ബംഗ്ലാദേശിന് മടക്കം
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിന് ആശ്വാസ ജയത്തോടെ മടക്കം. സൂപ്പര്‍ ഫോര്‍ അവസാന മത്സരത്തില്‍ ഇന്ത്യയെ ആറ് റണ്‍സിനാണ് ബംഗ്ലാദേശ് തകര്‍ത്തത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. സൂപ്പര്‍ ഫോറില്‍ സമ്പൂര്‍ണജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ അതിനെ മറികടക്കാന്‍ കഴിയാതെ പോയി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയും അക്‌സര്‍ പട്ടേലിന്റെ ചെറുത്തുനില്‍പ്പും പാഴായി. 85 പന്തില്‍ 80 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് ജയങ്ങളോടെ ഇന്ത്യ നേരത്തേ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.
266 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (0) വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. അരങ്ങേറ്റക്കാരനായ തിലക് വര്‍മയ്ക്ക് (5) നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയി. പിന്നീട് ഗില്ലും കെ എല്‍ രാഹുലും ചേര്‍ന്ന് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. മറുവശത്ത് ഓരോരുത്തരായി കൊഴിഞ്ഞുപോയിട്ടും ശ്രദ്ധയോടെ കളിച്ച ഗില്‍ ഇന്ത്യയുടെ സ്‌കോര്‍ പതിയെ ഉയര്‍ത്തി.
കെ എല്‍ രാഹുലിനെയും (19) സൂര്യകുമാര്‍ യാദവിനെയും (26) കൂട്ടുപിടിച്ച് ഗില്‍ കളിയിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. എന്നാല്‍ സഹതാരങ്ങള്‍ക്ക് ഗില്ലിന് വേണ്ട പിന്തുണ നല്‍കാന്‍ സാധിച്ചില്ല. ഏഴാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഗില്‍ പുറത്തായത്. 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്‍ മഹേദി ഹസന്റെ പന്തില്‍ തൗഹിദ് ഹൃദോയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
സഹതാരങ്ങള്‍ക്ക് ഗില്ലിന് വേണ്ട പിന്തുണ നല്‍കാന്‍ സാധിച്ചില്ല.
എന്നാല്‍ അക്‌സര്‍ പട്ടേലിന്റെ ചെറുത്തുനില്‍പ്പ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. അതിനിടെ ഷാര്‍ദൂല്‍ ഠാക്കൂറിന്റെ (11) വിക്കറ്റ് മുസ്താഫിര്‍ റഹ്‌മാന്‍ കവര്‍ന്നപ്പോഴും 34 പന്തില്‍ 42 റണ്‍സുമായി അക്‌സര്‍ ഇന്ത്യയ്ക്കായി പോരാടി. രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയുമായി തിളങ്ങി നിന്ന അക്സറിനെയും പുറത്താക്കി മുസ്താഫിസര്‍ ഇന്ത്യയുടെ ജയം തല്ലിക്കെടുത്തി. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടത്. മുഹമ്മദ് ഷമിയുടെ (6) റണ്‍ ഔട്ടോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 259 റണ്‍സില്‍ അവസാനിച്ചു. പ്രസിദ് കൃഷ്ണയായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇഷാന്‍ കിഷാന്‍ (5), രവീന്ദ്ര ജഡേജ എന്നിവരും നിരാശപ്പെടുത്തി.
ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. സൂപ്പര്‍ ഫോറിലെ ആദ്യജയം ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലാദേശിന് നല്ല തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 59 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണറായ ലിറ്റണ്‍ ദാസ് റണ്‍സൊന്നുമെടുക്കാതെ പുറത്തായി. തൊട്ടുപിന്നാലെ തന്‍സിദ് ഹസന്‍ (0), അനാമുള്‍ ഹഖ് (4), മെഹിദി ഹസന്‍ മിറാസ് (13) എന്നിവരുടെ വിക്കറ്റും നഷ്ടമായതോടെ ബംഗ്ലാദേശ് തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഷാക്കിബ് - തൗഹിദ് ഹൃദോയ് സഖ്യം 101 റണ്‍സ് കൂട്ടിച്ചേര്‍ത്ത് തകര്‍ച്ചയില്‍ ടീമിനെ നിന്നും കരകയറ്റുകയായിരുന്നു. ഒടുവില്‍ മൂന്ന് സിക്സും ആറ് ഫോറുമടക്കം 80 റണ്‍സെടുത്ത ഷാക്കിബിനെ കൂടാരം കയറ്റി ഷാര്‍ദുലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ ഷമിം ഹുസൈനെ (1) മടക്കി ജഡേജ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.
നസും അഹമ്മദിനെ കൂട്ടുപിടിച്ച് ഹൃദോയ് ബംഗ്ലാദേശിനെ തിരിച്ചുകൊണ്ടുവന്നു. 81 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്. നസും അഹമ്മദ് (44), മഹെദി ഹസന്‍ (29), തന്‍സിം ഹസന്‍ സാക്കിബ് (14) എന്നിവരും ബംഗ്ലാദേശിനായി സംഭാവന നല്‍കി.