വിറപ്പിച്ച് നെതര്‍ലന്‍ഡ്സ്; ബംഗ്ലാദേശിന് ആശ്വാസ ജയം

വിറപ്പിച്ച് നെതര്‍ലന്‍ഡ്സ്; ബംഗ്ലാദേശിന് ആശ്വാസ ജയം

നാല് വിക്കറ്റു വീഴ്ത്തിയ ടസ്‌കിൻ അഹമ്മദാണ്‌ കളിയിലെ താരം.
Updated on
1 min read

ഹോബാർട്ടിലെ മഴത്തണുപ്പിലും വിയർത്ത ബംഗ്ലാദേശിന് ഒടുവില്‍ ആശ്വാസ ജയം. മഴ അലങ്കോലപ്പെടുത്തിയെങ്കിലും ആവേശം ചോരാത്ത മത്സരത്തിൽ ഒമ്പത് റൺസിനാണ് അവർ വിജയിച്ചത്. ബംഗ്ലാദേശ് ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതര്‍ലന്‍ഡ്സ് ഇരുപത്തോവറിൽ 135 റൺസിന് പുറത്തായി. നാല് വിക്കറ്റു വീഴ്ത്തിയ ടസ്‌കിൻ അഹമ്മദാണ്‌ കളിയിലെ താരം.

മൂന്ന് താരങ്ങൾക്ക് മാത്രമാണ് നെതര്‍ലന്‍ഡ്സ് നിരയിൽ രണ്ടക്കം കാണാനായത്.

എളുപ്പത്തിൽ ജയത്തിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ അർധസെഞ്ചുറി നേടിയ കോളിൻ അക്കർമാനും പതിനൊന്നാമനായി ഇറങ്ങിയ പോൾ വാൻ മീകെരെനാണ് വിറപ്പിച്ചത്. 48 പന്തിൽ 62 റൺസെടുത്ത കോളിൻ അക്കർമാന് ഒമ്പതാമനായാണ് പുറത്തായത്. പകരം വന്ന പോൾ വാൻ മീകെരെൻ 14 പന്തിൽ 24 റൺസെടുത്തതോടെ ബംഗ്ലകൾ വിയർത്തു. മൂന്ന് ഫോറും ഒരു സിക്‌സും നേടി അദ്ദേഹം. ഇന്നങ്സിലെ അവസാന പന്തിൽ സൗമ്യ സർക്കാറാണ് പോൾ വാൻ മീകെരെന്റെ വിക്കറ്റ് നേടിയത്. മൂന്ന് താരങ്ങൾക്ക് മാത്രമാണ് നെതര്‍ലന്‍ഡ്സ് നിരയിൽ രണ്ടക്കം കാണാനായത്.

ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു

ബംഗ്ലാദേശിനായി ടസ്‌കിൻ അഹമ്മദിനും, സൗമ്യ സർക്കാറിനും പുറമെ ഹസൻ മഹമൂദ് രണ്ടും, നായകൻ ഷാകിബ് അൽ ഹസൻ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ നെതര്‍ലന്‍ഡ്സ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമാണ് ബംഗ്ലാ ഓപ്പണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ നജ്മുൽ ഹുസൈൻ ഷാന്റോയും (25) സൗമ്യ സർക്കാരും (14) ചേർന്ന് 43 റൺസ് ചേർത്ത്. പിന്നീട് മുപ്പത്തിമൂന്ന് റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ട്ടമായ ബംഗ്ലാദേശിനെ അഫീഫ് ഹുസൈനും നൂറുൽ ഹസനും (13) ചേർന്നാണ് കരകയറ്റിയത്‌. എട്ടാമനായി ഇറങ്ങി 12 പന്തിൽ 20 റൺസെടുത്ത മൊസദ്ദെക് ഹുസൈനും ബംഗ്ലാ സ്കോർ 144 എത്തിക്കുന്നതിൽ നിർണായകമായി.

പോൾ വാൻ മീകെരെൻ, ബാസ് ഡി ലീഡ് എന്നിവർ നെതര്‍ലന്‍ഡ്സിനായി രണ്ട് വിക്കറ്റ് നേടിയപ്പോൾ ടിം പ്രിംഗിൾ, ഷാരിസ് അഹമ്മദ്, വാൻ ബീക്ക്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

logo
The Fourth
www.thefourthnews.in