അഫ്ഗാനെ തകര്‍ത്തത് 546 റണ്‍സിന്; ബംഗ്ലാദേശിന് 'നൂറ്റാണ്ടിന്റെ ജയം'

അഫ്ഗാനെ തകര്‍ത്തത് 546 റണ്‍സിന്; ബംഗ്ലാദേശിന് 'നൂറ്റാണ്ടിന്റെ ജയം'

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 675 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത് 1928-ലായിരുന്നു.
Updated on
1 min read

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര ജയം കുറിച്ച് ബംഗ്ലാദേശ് ടീം. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയമാണ് അവര്‍ അഫ്ഗാനിസ്ഥാനെതിരേ കുറിച്ചത്. ധാക്കയില്‍ ഇന്നു സമാപിച്ച ടെസ്റ്റില്‍ 546 റണ്‍സിനായിരുന്നു അവരുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 661 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാന്‍ നാലാം ദിനമായ ഇന്ന് രണ്ടാമിന്നിങ്‌സില്‍ വെറും 115 റണ്‍സിന് പുറത്താകുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാമിന്നിങ്‌സില്‍ 382 റണ്‍സാണ് നേടിയത്. തുടര്‍ന്ന് അഫ്ഗാന്റെ ഒന്നാമിന്നിങ്‌സ് 146-ല്‍ അവസാനിപ്പിച്ച് 236 റണ്‍സിന്റെ വമ്പന്‍ ലീഡ് നേടിയ ബംഗ്ലാദേശ് സന്ദര്‍ശകരെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിങ്‌സിന് ഇറങ്ങുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സ് നേടിയാണ് അഫ്ഗാന് കൂറ്റന്‍ ലക്ഷ്യം സമ്മാനിച്ചത്.

ഇതു പിന്തുടര്‍ന്ന് സന്ദര്‍ശകര്‍ രണ്ടാമിന്നിങ്‌സിലും ബംഗ്ലാ ബൗളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. 73 പന്തുകളില്‍ നിന്ന് 30 റണ്‍സ് നേടിയ റഹ്മത്ത് ഷായ്ക്കു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. റഹ്മത്തിനു പുറമേ കരീം ജന്നത്ത്(18), നായകന്‍ ഹഷ്മത്തുള്ള ഷാഹീദി(13) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഒമ്പതോവറില്‍ 37 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ടസ്‌കിന്‍ അഹമ്മദും 10 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷൊറിഫുള്‍ ഇസ്ലാം എന്നിവരുമാണ് അഫ്ഗാനെ തകര്‍ത്തത്. ഹെമ്ദി ഹസന്‍ മിറാസ്, എബദത്ത് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയമാണിത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 675 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പിച്ച ഇംഗ്ലണ്ടിന്റെ പേരിലാണ് റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത് 1928-ലായിരുന്നു. അതിനു ശേഷം 1934-ല്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ 562 റണ്‍സിന് തോല്‍പിച്ചതാണ് മകച്ച രണ്ടാമത്തെ ജയം. ഇതു കഴിഞ്ഞാല്‍ ഇന്നു ബംഗ്ലാദേശ് നേടിയതാണ് ചരിത്രത്തിലെ മൂന്നാമത്തെ വലിയ ജയം.

logo
The Fourth
www.thefourthnews.in