'അമ്പയര്‍മാരെ ഒപ്പംകൂട്ടൂ'; ഹര്‍മന്റെ പരിഹാസത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് താരങ്ങള്‍ ഇറങ്ങിപ്പോയി

'അമ്പയര്‍മാരെ ഒപ്പംകൂട്ടൂ'; ഹര്‍മന്റെ പരിഹാസത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് താരങ്ങള്‍ ഇറങ്ങിപ്പോയി

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ടില്‍ ഒട്ടും മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പ്രതികരിച്ചു.
Updated on
1 min read

ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പര സമനിലയിലായതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഇറങ്ങിപ്പോയി. നിര്‍ണായകമായ മൂന്നാം ഏകദിനം ടൈയില്‍ കലാശിച്ചതിനു പിന്നാലെ പരമ്പരയിലെ മോശം അമ്പയറിങ്ങിനെ വിമര്‍ശിച്ച് ഹര്‍മന്‍പ്രീത് രംഗത്തു വന്നിരുന്നു. മത്സരശേഷം നടന്ന പ്രസന്റേഷന്‍ ചടങ്ങില്‍ ഇന്ത്യന്‍ നായിക അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ആ രോഷം പിന്നീട് ബംഗ്ലാദേശ് താരങ്ങളോടും പ്രകടിപ്പിക്കുകയായിരുന്നു. രണ്ട് ക്യാപ്റ്റന്‍മാരും ട്രോഫിയുമായി ഫോട്ടോ എടുക്കുന്നതിനിടെയും ഇരു ടീമുകളും ഗ്രൂപ്പ് ഫോട്ടോയ്ക്കായി നില്‍ക്കുമ്പോഴും ഹര്‍മന്‍പ്രീത് അമ്പയര്‍മാരെ കൂടി ക്ഷണിച്ചിരുന്നു. ഇതോടെ പ്രകോപിതരായ ബംഗ്ലാദേശ് കളിക്കാര്‍ ഫോട്ടോയ്ക്ക് നില്‍ക്കാതെ പുറത്തേക്ക് പോവുകയായിരുന്നു.

''അമ്പയര്‍മാരെ വിളിക്കൂ, നിങ്ങള്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്? നിങ്ങളല്ല മത്സരം സമനിലയിലാക്കിയത്, അംപയര്‍മാര്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുകയായിരുന്നു, ഞങ്ങള്‍ അവരുടെ കൂടെ ഫോട്ടോയെടുക്കുന്നതാണ് നല്ലത്'' -ഹര്‍മന്‍പ്രീത് ബംഗ്ലാദേശ് താരങ്ങളോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോട്ടോ സെഷനിടെ ഹര്‍മന്‍ ബംഗ്ലാദേശ് താരങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹര്‍മന്റെ വാക്കുകള്‍ കേട്ടതോടെ ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ച് ബംഗ്ലാദേശ് താരങ്ങള്‍ ഇറങ്ങിപ്പോയി. ബംഗ്ലാദേശ് താരങ്ങളെ ആക്ഷേപിക്കുന്ന തരത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പെരുമാറ്റമെന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗ്രൗണ്ടില്‍ ഒട്ടും മര്യാദയില്ലാതെയാണ് പെരുമാറിയതെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പ്രതികരിച്ചു.

ഡിആര്‍എസ് ഇല്ലായിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലവാരം ഉണ്ടാകുമായിരുന്നു

ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും തേര്‍ഡ് അമ്പയറും മാച്ച് റഫറിയും ബംഗ്ലാദേശില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ ഒരു ന്യൂട്രല്‍ അമ്പയറിങ് സിസ്റ്റമായിരുന്നു ആവശ്യമെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന പ്രതികരിച്ചു. ''എല്ലാ മത്സരങ്ങളിലും ചിലപ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരാകാറില്ല, പ്രത്യേകിച്ച് ഈ പരമ്പരയില്‍. ഡിആര്‍എസ് ഇല്ലായിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലവാരം ഉണ്ടാകുമായിരുന്നു'' മന്ദാന പറഞ്ഞു. ഐസിസിയും ബിസിസിയും ആ മത്സരത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ന്യൂട്രല്‍ അമ്പയറിങ് സംവിധാനം ഞങ്ങള്‍ക്ക് ആവശ്യമാണെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു.

'അമ്പയര്‍മാരെ ഒപ്പംകൂട്ടൂ'; ഹര്‍മന്റെ പരിഹാസത്തില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് താരങ്ങള്‍ ഇറങ്ങിപ്പോയി
'ദയനീയ നിലവാരം'; അമ്പയര്‍മാര്‍ക്കെതിരേ പൊട്ടിത്തെറിച്ച് ഹര്‍മന്‍പ്രീത്‌

മൂന്നാം ഏകദിനത്തില്‍ തന്നെ എല്‍ബിഡബ്ലുവില്‍ പുറത്താക്കിയ മോശം അമ്പയറിങ്ങിനിതിരെ ഹര്‍മന്‍പ്രീത് ഗ്രൗണ്ടില്‍ വച്ചുതന്നെ പ്രതിഷേധിച്ചിരുന്നു. നാഹിദ അക്തര്‍ എറിഞ്ഞ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹര്‍മന്‍പ്രീത് പുറത്താകുന്നത്. ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും അംപയര്‍ എല്‍ബിഡബ്ല്യു വിധിക്കുകയും ചെയ്തു. എന്നാല്‍ വിധിക്കെതിരെ അമ്പയര്‍മാരോട് കയര്‍ത്ത താരം ബാറ്റ് കൊണ്ട് സ്റ്റംപ് അടിച്ചു തെറുപ്പിച്ചാണ് ഇറങ്ങിപ്പോയത്. അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെ താരം രൂക്ഷമായി വിമര്‍ശിക്കകുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in