ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ബംഗ്ലാ വനിതകള്‍ക്ക് 96 റണ്‍സ് ലക്ഷ്യം

ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; ബംഗ്ലാ വനിതകള്‍ക്ക് 96 റണ്‍സ് ലക്ഷ്യം

പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ലെന്നത് നാണക്കേടായി. 14 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 19 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍.
Updated on
1 min read

ബംഗ്ലാദേശിനെതിരായ ട്വന്‍ി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. മിര്‍പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.

നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുല്‍ത്താന ഖാഥൂനും 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഫാഹിമ ഖാഥൂനുമാണ് ഇന്ത്യയെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി മറൂഫ അക്തര്‍, നാഹിദ അക്തര്‍, റബേയ ഖാന്‍ എന്നിവര്‍ ഇവര്‍ക്കു മികച്ച പിന്തുണയും നല്‍കി.

പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ലെന്നത് നാണക്കേടായി. 14 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 19 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍. ഷെഫാലിക്കു പുറമേ ഉപനായിക സ്മൃതി മന്ദാന(13), അമന്‍ജ്യോത് കൗര്‍(14), യസ്തിക ഭാട്യ(11), ദീപ്തി ശര്‍മ(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.

മധ്യനിര താരം ജമീമ റോഡ്രിഗസ്(8), നായിക ഹര്‍മന്‍പ്രീത് കൗര്‍(0), ഹര്‍ലീന്‍ ഡിയോള്‍(6), എന്നിവര്‍ ഏറെ നിരാശപ്പെടുത്തി. പൂജാ വസ്ത്രകാര്‍ ഏഴു റണ്‍സുമായും മലയാളി താരം മിന്നു മണി അഞ്ചു റണ്‍സുമായും പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടിയ സ്മൃതിയും ഷെഫാലിയും ചേര്‍ന്ന് 4.2 ഓവറില്‍ ഇന്ത്യയെ 33 റണ്‍സില്‍ എത്തിച്ചിരുന്നു. എന്നാല്‍ സ്മൃതിയെ ക്ലീന്‍ ബൗള്‍ ചെയ്ത നാഹിദ ബംഗ്ലാദേശിന് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു.

തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഷെഫാലിയെയും ഹര്‍മന്‍പ്രീതിനെയും മടക്കി സുല്‍ത്താന ഏല്‍പിച്ച ഇരട്ടപ്രഹരത്തിന്റെ ആഘാതത്തില്‍ നിന്നു ഇന്ത്യക്ക് കരകയറാനായില്ല. പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ സ്‌കോര്‍ബോര്‍ഡ് ചലിക്കുന്നതിന്റെ വേഗതയും കുറഞ്ഞു.

logo
The Fourth
www.thefourthnews.in